വിജയ്-തൃഷ ചിത്രം ‘തിരുപ്പാച്ചി’ റീ-റിലീസ് മാറ്റിവെച്ചു; പുതിയ തിയതി പിന്നീട് അറിയിക്കും, മാറ്റിവച്ചത് പുതിയ ചിത്രങ്ങൾക്കു കൂടുതൽ അവസരം ലഭിക്കാൻ
Current: മലയാളം

തമിഴ് സൂപ്പർതാരം വിജയ്യും തൃഷയും പ്രധാന വേഷങ്ങളിലെത്തി വലിയ വിജയം നേടിയ ‘തിരുപ്പാച്ചി’ എന്ന ചിത്രത്തിന്‍റെ റീ-റിലീസ് മാറ്റിവച്ചതായി റിപ്പോർട്ട്.
2005-ൽ തിയേറ്ററുകളിലെത്തി വൻ ഹിറ്റായി മാറിയ ചിത്രം, 20 വർഷങ്ങൾക്കുശേഷം ഒക്ടോബർ ഒന്നിനു വീണ്ടും തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു നിർമാതാക്കൾ നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാൽ ഒക്ടോബർ ആദ്യവാരം നിരവധി പുതിയ ചിത്രങ്ങൾ റിലീസിന് എത്തുന്ന പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ റീ-റിലീസ് തിയതി താൽക്കാലികമായി മാറ്റിവയ്ക്കാൻ വിതരണക്കാർ തീരുമാനിച്ചത്. തിയേറ്ററുകളിൽ പുതിയ ചിത്രങ്ങൾക്ക് ആവശ്യത്തിന് സ്ക്രീനുകൾ ലഭ്യമാക്കുന്നതിനാണ് ഈ നീക്കം. ചിത്രത്തിന്‍റെ പുതിയ റീ-റിലീസ് തീയതി വൈകാതെ തന്നെ അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിടും.
പേരരശ് സംവിധാനം ചെയ്ത ‘തിരുപ്പാച്ചി’ വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച മാസ് ഇമോഷണൽ ആക്ഷൻ ചിത്രങ്ങളിലൊന്നാണ്. സഹോദരീ ബന്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ മല്ലിക, പശുപതി, കോട്ട ശ്രീനിവാസ റാവു തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. സിനിമയുടെ തിയേറ്റർ റീ-റിലീസിനായി ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർക്ക് ചെറിയ നിരാശ സമ്മാനിക്കുന്നതാണ് ഈ തീരുമാനം.




