അയർലൻഡിലെ സിറ്റിസൺഷിപ്പ് ബിൽ: കാലാവധി എട്ട് വർഷമാക്കുന്നതിനെതിരെ ലേബർ പാർട്ടി
Current: മലയാളം

അയർലണ്ടിലെ പൗരത്വത്തിന് ആവശ്യമായ താമസകാലാവധി അഞ്ച് വർഷത്തിൽ നിന്ന് എട്ട് വർഷമാക്കാനുള്ള സർക്കാർ നിർദേശത്തിനെതിരെ ലേബർ പാർട്ടി.ഐറിഷ് പൗരത്വത്തിനായി അപേക്ഷിക്കുന്നതിനുള്ള താമസകാലാവധി അഞ്ച് വർഷത്തിൽ നിന്ന് എട്ട് വർഷമായി ഉയർത്താനുള്ള നിർദേശം പിൻവലിക്കണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. നിർദേശം കുടിയേറ്റ നയത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കുന്നതിനേക്കാൾ രാഷ്ട്രീയ നിലപാട് പ്രകടിപ്പിക്കാനുള്ള നീക്കമാണെന്ന് ലേബർ പാർട്ടി ജസ്റ്റിസ് വക്താവ് ടി ഡി അലൻ കെല്ലി ആരോപിച്ചു
നിലവിൽ അഞ്ച് വർഷത്തെ റെസികൊണബിൾ റെസിഡൻസ് പൂർത്തിയാക്കിയ ശേഷമാണ് സാധാരണയായി പൗരത്വത്തിനായി അപേക്ഷിക്കാനാകുന്നത്. പുതിയ നിർദേശത്തിൽ ഇത് എട്ട് വർഷമായി ഉയർത്തുന്നതിനൊപ്പം ഇംഗ്ലീഷ് അല്ലെങ്കിൽ ഐറിഷ് ഭാഷാ പരീക്ഷ, സാമ്പത്തിക സ്വയംപര്യാപ്തത, സിവിക് അറിവ് തുടങ്ങിയ മാനദണ്ഡങ്ങളും ഉൾപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ലേബർ പാർട്ടി നേതാവ് ഇവാന ബാസിക് ടി ഡിയും നിർദേശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പൗരത്വം കുടിയേറ്റക്കാരുടെ സംയോജനത്തിന്റെ (ഇന്റഗ്രേഷൻ ) പ്രധാന ഭാഗമാണെന്നും, പുതിയ നിർദേശങ്ങൾ പിന്നോട്ടുള്ള നടപടിയാണെന്നും ബാസിക് പ്രതികരിച്ചു.
അതേസമയം, സർക്കാർ പറയുന്നത് പുതിയ സംവിധാനം പൗരത്വം നേടുന്നവർക്ക് കൂടുതൽ വ്യക്തമായ ഭാഷാ, സാമ്പത്തിക, സാമൂഹിക സംയോജന മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനാണ് എന്നാണ്. നീതിന്യായ മന്ത്രി ജിം ഒ’കല്ലഗൻ പൗരത്വത്തെ “അവകാശമല്ല, പ്രത്യേകാനൂകൂല്യമാണ് ” എന്നാണ് വിശേഷിപ്പിച്ചത്.




