ശ്രീദേവിയുടെ ചെന്നൈ സ്വത്ത് തർക്കം സുപ്രീംകോടതിയിൽ; ബോണി കപൂറിന്റെയും മക്കളുടെയും അവകാശവാദം ചോദ്യം ചെയ്ത് ഹർജി | Sridevi Chennai property dispute
Current: മലയാളം

ന്യൂഡൽഹി: അന്തരിച്ച നടി ശ്രീദേവിയുടെ കുടുംബവുമായി ബന്ധപ്പെട്ട ചെന്നൈയിലെ സ്വത്ത് തർക്കം സുപ്രീംകോടതിയിൽ. ഈസ്റ്റ് കോസ്റ്റ് റോഡിലെ 2.7 ഏക്കർ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് എം.സി. ശിവകാമിയും സഹോദരനും നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിനും മക്കളായ ജാൻവി കപൂറിനും ഖുഷി കപൂറിനുമെതിരായ കേസാണിത് (Sridevi Chennai property dispute). 1988 ഏപ്രിൽ 19ന് ശ്രീദേവിയുടെ കുടുംബത്തിന് വിറ്റ ഭൂമിയിലാണ് തർക്കം. സ്വത്തിൽ നിയമപരമായ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവകാമി നേരത്തെ കേസ് നൽകിയത്. കീഴ്‌ക്കോടതി പ്രാഥമികമായി കേസ് തുടരാൻ അനുവദിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി പിന്നീട് കേസ് തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്.
കേസിന്റെ പ്രാഥമിക ഘട്ടത്തിൽ ഹർജിയിൽ ഉന്നയിച്ച കാര്യങ്ങളും നിയമപരമായ അവകാശവാദങ്ങളും മാത്രമാണ് പരിശോധിക്കേണ്ടതെന്നും രേഖകൾ വിശദമായി പരിശോധിച്ച് ഹൈക്കോടതി ‘മിനി ട്രയൽ’ നടത്തിയെന്നും ഹർജിക്കാരിയുടെ അഭിഭാഷകർ വാദിച്ചു. താൻ നിയമപരമായ അവകാശിയാണോ, ബന്ധപ്പെട്ട ആദ്യ ഭാര്യയുടെ വിവാഹം നിയമപരമായി സാധുവായിരുന്നോ തുടങ്ങിയ വിഷയങ്ങളിൽ ഹൈക്കോടതി വിശദമായ പരിശോധന നടത്തിയെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ കപൂർ കുടുംബത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി, ഭൂമിയുടെ വിൽപ്പന 1988ലാണ് നടന്നതെന്നും 2023ൽ സ്വത്ത് രേഖകളിൽ പേരുമാറ്റത്തിനായി അപേക്ഷ നൽകിയതായും ചൂണ്ടിക്കാട്ടി. തുടർന്ന് 2025ലാണ് കേസ് ഫയൽ ചെയ്തത്. ഹർജിക്കാർ 1995ലും 1999ലും പ്രായപൂർത്തിയായവരായതിനാൽ 2025ൽ നൽകിയ കേസ് നിയമപരമായ കാലപരിധി കഴിഞ്ഞതാണെന്നും അദ്ദേഹം വാദിച്ചു. വാദത്തിനിടെ സ്വത്ത് വിറ്റ എം.സി. ചന്ദ്രശേഖരന് ഭൂമിയിൽ അഞ്ചിലൊന്ന് ഓഹരി ഉണ്ടായിരുന്നോയെന്ന് സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. ഹർജിക്കാർ ചന്ദ്രശേഖരന്റെ മക്കളാണെന്ന അവകാശവാദത്തിൽ തർക്കമുണ്ടോയെന്നും കോടതി ആരാഞ്ഞു. അഞ്ചിലൊന്ന് ഓഹരി ആദ്യ ഭാര്യയ്ക്കാണ് ലഭിക്കുകയെന്നും മറ്റ് അവകാശികൾക്ക് അവരുടെ നിയമപരമായ വിഹിതം മാത്രമേ ആവശ്യപ്പെടാനാകൂവെന്നും കപൂർ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തർക്കം കോടതിക്ക് പുറത്ത് പരിഹരിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ മധ്യസ്ഥനായി നിയമിക്കുമെന്നും ഇരുകക്ഷികളും അദ്ദേഹത്തിന് മുന്നിൽ ഹാജരായി ഒത്തുതീർപ്പ് സാധ്യത പരിശോധിക്കണമെന്നും ബെഞ്ച് നിർദേശിച്ചു. മധ്യസ്ഥ നടപടിയുടെ പുരോഗതി പരിഗണിക്കുന്നതിനായി കേസ് ഡിസംബർ 18ന് വീണ്ടും പരിഗണിക്കും.
Summary: The Supreme Court has issued notice in a legal dispute over 2.7 acres of property in Chennai that was sold to Sridevi’s family in 1988. The petitioner claims a legal share in the property, while the Kapoor family has contested the claim and raised limitation-related objections. The court has also suggested mediation between the parties




