ലോഡ്ജ് മുറിയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; രണ്ടുപേരെ ചോദ്യം ചെയ്ത് പൊലീസ് | Sakleshpur Woman Death
Current: മലയാളം

ബെംഗളൂരു: കർണാടകയിലെ ഹാസന് സമീപം സഖ്ലേഷ്പുരയിൽ ലോഡ്ജ് മുറിയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു (Sakleshpur Woman Death). ബെംഗളൂരു നാഗസാന്ദ്ര സ്വദേശിനിയായ 23കാരി വർഷയാണ് മരിച്ചത്. വർഷയ്ക്കൊപ്പം ലോഡ്ജിൽ താമസിച്ചിരുന്ന രഘു, ദർശൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു.
വെള്ളിയാഴ്ചയാണ് വർഷ ബന്ധുവായ രഘുവിനും സുഹൃത്തായ ദർശനുമൊപ്പം വാലഹള്ളി കുഡിഗെ മേഖലയിലെ ശ്രീദേവി ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് മൂവരും ഭൈരവേശ്വര, മജകഹള്ളി വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
ഇന്നലെ ചില സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ലോഡ്ജിൽ തിരിച്ചെത്തിയ വർഷ കുളിക്കാനായി വാഷ്റൂമിലേക്ക് പോയിരുന്നു. ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞത്.
രഘുവും ദർശനും ചേർന്നാണ് വർഷയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കൂടുതൽ സൗകര്യങ്ങളുള്ള സഖ്ലേഷ്പുരയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഹാസനിലെ ഹിംസ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ രഘുവിനെയും ദർശനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇരുവരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ശുഭാന്വിത അറിയിച്ചു.
സെപ്റ്റംബർ 11നാണ് വർഷയും രഘുവും ദർശനും ബെംഗളൂരുവിൽ നിന്ന് യാത്ര തിരിച്ചത്. സുഹൃത്തായ പ്രിയയുടെ വീട്ടിലെ ആഘോഷത്തിൽ പങ്കെടുക്കാൻ പോകുകയാണെന്നാണ് വർഷ വീട്ടുകാരെ അറിയിച്ചിരുന്നത്. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
Story Summary:
A 23-year-old woman from Bengaluru was found dead under mysterious circumstances inside a lodge room in Sakleshpur, Karnataka. Police questioned the two men who were staying with her and are awaiting the postmortem report to determine the cause of death.




