ആന്റോ അഗസ്റ്റിന്റെ അറസ്റ്റ്: നിയമം നിയമത്തിന്റെ വഴിക്ക് പോയെന്ന് മന്ത്രി എം. ലിജു; നിയമലംഘനം ഉണ്ടായതിനാലാണ് എക്സൈസ് നടപടി, സർക്കാരിന് വ്യക്തിവൈരാഗ്യമില്ലെന്ന് പ്രതികരണം; മാധ്യമസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന നടപടിയല്ലെന്നും വിശദീകരണം; അനധികൃത മദ്യശേഖര കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ്
Current: മലയാളം

തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിനെ അനധികൃത മദ്യശേഖരം കണ്ടെത്തിയ കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എം. ലിജു. നിയമാനുസൃതമായ നടപടിയാണ് ഉണ്ടായതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോയെന്നും മന്ത്രി പറഞ്ഞു. നിയമലംഘനം ഉണ്ടായാൽ കേസെടുക്കുന്നത് സ്വാഭാവികമാണെന്നും സർക്കാരിന് ആരോടും വ്യക്തിവൈരാഗ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റകൃത്യം ആയ കാര്യം ഉണ്ടായതുകൊണ്ടാണ് എക്സൈസ് നടപടി ഉണ്ടായത്. മാധ്യമസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒന്നും അതില്ലില്ല. സർക്കാരിന് ആരോടും വ്യക്തിവൈരാഗ്യം ഇല്ല.
നിയമലംഘനം ഉണ്ടായാൽ കേസ് ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അളവിൽ കവിഞ്ഞ മദ്യം വീട്ടിൽ സൂക്ഷിച്ചുവെച്ച സംഭവത്തിൽ ഇന്ന് പുലർച്ചയോടെയാണ് ആൻ്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്.
വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ആൻ്റോയെ വയനാട്ടിൽ എത്തിക്കുമെന്ന് എക്സൈസ് എസി അറിയിച്ചു. കോടതിയിൽ ഹാജരാക്കുമെന്നും നിലവിൽ ആന്റോ മാത്രമാണ് പ്രതിയെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സസൈസ് ആൻ്റോ ആഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.
55A നിയമ വിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലും ആണ്. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. 55ഐ അനധികൃത മദ്യ വില്പനയോ, അനധികൃതമായി വിൽപന നടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്. 58 നികുതി വെട്ടിച്ച് മദ്യം കൈവശം വെയ്ക്കുന്ന കുറ്റമാണ്.




