ബോക്സ് ഓഫീസിലെ അദ്ഭുതചിത്രം; 40 ദിവസം പിന്നിടുന്പോൾ “ഹനുമാൻ അൻഷ്’ നേടിയത് 300 കോടി, നിർമാണച്ചെലവ് 1.75 കോടി മാത്രം!
Current: മലയാളം

ബോക്സ് ഓഫീസിൽ അദ്ഭുത മുന്നേറ്റവുമായി സ്പിരിച്വൽ ഡ്രാമ ചിത്രം ‘ഹനുമാൻ അൻഷ്’. റിലീസ് ചെയ്ത് 41-ാം ദിനത്തിലേക്കു കടക്കുമ്പോൾ ആഗോള തലത്തിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. സ്വാമി നീം കരോളി ബാബയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്.
വെറും 1.75 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ വിപ്ലവമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ഇതുവരെ 237.13 കോടി രൂപ നെറ്റ് കളക്ഷനും 280 കോടി രൂപ ഗ്രോസ് കളക്ഷനും ചിത്രം നേടിക്കഴിഞ്ഞു.
തുടക്കത്തിൽ മറ്റ് വലിയ സിനിമകളുടെ വരവോടെ തിയേറ്ററുകളുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നെങ്കിലും, പിന്നീട് പ്രേക്ഷകരുടെ വൻ സ്വീകാര്യതയെ തുടർന്ന് ചിത്രത്തിന് കൂടുതൽ സ്ക്രീനുകൾ അനുവദിക്കുകയായിരുന്നു.
വിശാൽ ചതുർവേദി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ശോഭിനവ് സത്യയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
വിഹാൻ ഷെഡ്ഗെ, ചന്ദൻ കെ ആനന്ദ്, പൂർണിമ തിവാരി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചെറിയ ബജറ്റിൽ നിർമിച്ച് ഇത്രയും വലിയ വിജയം കൈവരിച്ച ചിത്രം ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ വൻ ചർച്ചയായി മാറിയിരിക്കുകയാണ്.




