"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ബംഗളൂരുവിൽ ക്ലിനിക്കിന് സമീപം നഴ്സായ യുവതിക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂരത. വെട്ടിപരിക്കേൽപ്പിച്ച ശേഷം ആസിഡ് ആക്രമണവും. പ്രതിയെ ഓടിച്ചിട്ട് പിടികൂടി ട്രാഫിക് പോലീസ്. ആക്രമണം ദാമ്പത്യ തർക്കത്തെ തുടർന്ന്

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

ബംഗളൂരു: തെക്കൻ ബംഗളൂരുവിലെ ജെ.പി. നഗറിൽ യുവതിക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂരത. സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശിനി മധുമിത (26) യ്ക്കാണ് ഭർത്താവിന്റെ ക്രൂരമായ വെട്ടേൽക്കുകയും ആസിഡ് ആക്രമണത്തിന് ഇരയാകുകയും ചെയ്തത്. 

വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ ക്ലിനിക്കിന് സമീപത്ത് വെച്ചാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ആക്രമണത്തിൽ ശരീരമാസകലം ഗുരുതരമായി പൊള്ളലേൽക്കുകയും വെട്ടേൽക്കുകയും ചെയ്ത യുവതിയെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

സംഭവത്തിന് പിന്നാലെ കൃത്യം നടത്തിയ തമിഴ്നാട്ടിലെ മധുര സ്വദേശിയായ പ്രതി വെങ്കിടേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നെത്തിയ ഇയാൾ മധുമിതയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. 

ആക്രമണം നടക്കുമ്പോൾ സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടറുടെ അവസരോചിതമായ ഇടപെടലാണ് പ്രതി രക്ഷപ്പെടുന്നത് തടഞ്ഞത്. എസ്.ഐ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തി പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ജെ.പി. നഗർ ലോക്കൽ പോലീസിന് കൈമാറുകയായിരുന്നു.

2023-ൽ വിവാഹിതരായ മധുമിതയും വെങ്കിടേഷും തമ്മിൽ കടുത്ത ദാമ്പത്യ തർക്കങ്ങൾ നിലനിന്നിരുന്നതായും കഴിഞ്ഞ ഒരു വർഷമായി ഇരുവരും വേർപിരിഞ്ഞ് കഴിയുകയാണെന്നും പോലീസ് വ്യക്തമാക്കി. 

പ്രകോപനത്തിന് പിന്നിലെ കൂടുതൽ കാരണങ്ങളും ഗൂഢാലോചനയും വ്യക്തമാകുന്നതിനായി പ്രതിയെ ജെ.പി. നഗർ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Get more updates from Pudukad News on Google