സർക്കാർ കുടിശ്ശിക കോടികൾ; സംസ്ഥാനത്തെ എഐ കാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചു. കൺട്രോൾ റൂമുകളിലെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതോടെ നിയമലംഘനങ്ങൾ കണ്ടെത്തലും പിഴ ചെലാൻ നടപടികളും പൂർണമായി സ്തംഭിച്ചു
Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി സ്ഥാപിച്ച നിർമിത ബുദ്ധി (എഐ) കാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചു.
സർക്കാരിൽ നിന്നും ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശിക വൈകിയതാണ് കാമറുകളുടെ പ്രവർത്തനം നിലയ്ക്കുന്നതിന് കാരണമായത്. പദ്ധതിയുടെ നടത്തിപ്പിനായി ഏകദേശം 60 കോടിയോളം രൂപയാണ് സർക്കാർ കെൽട്രോണിന് നൽകാനുള്ളത്.
മാസങ്ങളായി ഇതിന്റെ ഗഡുക്കൾ മുടങ്ങി. ഇതോടെ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്ന് കെൽട്രോൺ അറിയിച്ചു.
ധനസഹായം ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ, വിവിധ കൺട്രോൾ റൂമുകളിലേക്കുള്ള ഇന്റർനെറ്റ് സേവനദാതാക്കൾ കണക്ഷനുകൾ വിച്ഛേദിച്ചു. ഇതിനുപുറമേ, ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ വന്നതോടെ പദ്ധതിക്കായി നിയമിച്ചിരുന്ന നിരവധി കരാർ ജീവനക്കാരെയും കെൽട്രോൺ പിരിച്ചുവിട്ടു.
ക്യാമറകളിലെ ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായതോടെ നിയമലംഘനങ്ങൾ കണ്ടെത്താനും പിഴ ചലാൻ അയക്കാനുമുള്ള നടപടികൾ പൂർണമായും സ്തംഭിച്ചു.
കുടിശ്ശിക തുക സർക്കാർ അടിയന്തരമായി അനുവദിച്ചാൽ മാത്രമേ സേവനങ്ങൾ വീണ്ടും പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്ന് കെൽട്രോൺ അറിയിച്ചു.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ എൽഡിഎഫ് സർക്കാർ 2023ലാണ് എഐ കാമറ സ്ഥാപിച്ചത്. 726 കാമറകളാണ് സ്ഥാപിച്ചത്. എഐ കാമറകൾ സ്ഥാപിച്ചതോടെ ഗതാഗത നിയമലംഘനങ്ങളിലും റോഡപകടങ്ങളിലും വ്യാപകമായ കുറവുണ്ടായതായി മോട്ടോർ വാഹനവകുപ്പും വ്യക്തമാക്കിയിരുന്നു.




