"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

അയർലൻഡിൽ ജനുവരിയില്‍ പുതിയ നിരക്ക്; ‘യാത്രക്കാരുടെമേല്‍ ഭാരം അടിച്ചേല്‍പ്പിക്കരുത്’,ഭരണ-പ്രതിപക്ഷ ടി.ഡിമാരുടെ രൂക്ഷവിമര്‍ശനം

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിന്‍: അയര്‍ലണ്ടിലെ ബസ്‌ട്രെയിന്‍ യാത്രക്കാര്‍ക്ക് വീണ്ടും നിരക്കുവര്‍ധനയുടെ മുന്നറിയിപ്പ്. പൊതുഗതാഗത സര്‍വീസുകളുടെ ചെലവ് കുതിച്ചുയരുമ്പോഴും ടിക്കറ്റ് വരുമാനം അതിനനുസരിച്ച് വര്‍ധിക്കാത്തതിനാല്‍ ഭാവിയിലും യാത്രാനിരക്കുകള്‍ കൂട്ടേണ്ടിവരുമെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. ജനുവരി മുതല്‍ ശരാശരി 15 ശതമാനം നിരക്കുവര്‍ധന നടപ്പാക്കാനിരിക്കെയാണ് അടുത്ത വര്‍ധനകളെക്കുറിച്ചും എന്‍ടിഎ സൂചന നല്‍കിയത്.

ഗതാഗതകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ ഹാജരായ എന്‍ടിഎ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഹ്യൂ ക്രീഗനാണ് നിരക്കുവര്‍ധനയെ ന്യായീകരിച്ചത്. സര്‍വീസുകള്‍ നടത്തുന്നതിനും പുതിയ റൂട്ടുകളും അധിക സര്‍വീസുകളും ആരംഭിക്കുന്നതിനുമുള്ള ചെലവിനെ അപേക്ഷിച്ച് ടിക്കറ്റ് വരുമാനം വളരെ പിന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിടവ് മുഴുവന്‍ സര്‍ക്കാര്‍ ധനസഹായത്തിലൂടെ നികത്തുക സാധ്യമല്ലെന്നും പൊതുഗതാഗതത്തിന് സുസ്ഥിരമായ സാമ്പത്തിക മാതൃക വേണമെന്നും എന്‍ടിഎ വാദിച്ചു.

€800 മില്യന്റെ വിടവ്

വരുമാനത്തിലെ ഇടിവും പ്രവര്‍ത്തനച്ചെലവിലെ കുതിപ്പും ചേര്‍ന്ന് പൊതുഗതാഗത മേഖലയില്‍ €800 മില്യനിലധികം ഫണ്ടിങ് കുറവുണ്ടാക്കിയെന്നാണ് എന്‍ടിഎയുടെ കണക്ക്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടും ടിക്കറ്റ് വരുമാനം 2019ലെ €667 മില്യനില്‍നിന്ന് 2025ല്‍ €576 മില്യനായി താഴ്ന്നു. ഇതേ കാലയളവില്‍ സര്‍വീസുകളുടെ പ്രവര്‍ത്തനച്ചെലവ് €971 മില്യനില്‍നിന്ന് €1.379 ബില്യനായി ഉയര്‍ന്നു.

ഒരു പതിറ്റാണ്ടിനു മുമ്പ് പ്രവര്‍ത്തനച്ചെലവിന്റെ 69 ശതമാനവും ടിക്കറ്റ് വരുമാനത്തിലൂടെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം അത് 38 ശതമാനമായി കുറഞ്ഞുവെന്നാണ് എന്‍ടിഎ വ്യക്തമാക്കിയത്. യൂറോപ്യന്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രക്കാരില്‍നിന്നുള്ള നിരക്ക് ശരാശരി ചെലവിന്റെ 44 ശതമാനം വഹിക്കുമ്പോള്‍ അയര്‍ലണ്ടില്‍ ഇത് ഏകദേശം 39 ശതമാനം മാത്രമാണെന്ന് എന്‍ടിഎ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ഡയറക്ടര്‍ ജെറമി റയാനും ചൂണ്ടിക്കാട്ടി.

2018നുശേഷം ദേശീയതലത്തില്‍ പൊതുവായ നിരക്കുവര്‍ധന ഉണ്ടായിട്ടില്ലെന്നാണ് എന്‍ടിഎയുടെ മറ്റൊരു ന്യായം. ഇതിനിടെ 2022ല്‍ നിരക്ക് 20 ശതമാനം കുറച്ചു. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും 50 ശതമാനം ഇളവ്, ഒന്‍പത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യയാത്ര, ഫ്രീ ട്രാവല്‍ പദ്ധതിയുടെ വിപുലീകരണം തുടങ്ങിയ ആനുകൂല്യങ്ങളും നടപ്പാക്കി. ഈ ഇളവുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം സര്‍വീസുകള്‍ വര്‍ധിപ്പിക്കണമെങ്കില്‍ കൂടുതല്‍ വരുമാനം കണ്ടെത്തേണ്ടിവരുമെന്നാണ് വിശദീകരണം.

ജനുവരി മുതല്‍ പോക്കറ്റ് ചോരും

2027 ജനുവരി മുതല്‍ പൊതുഗതാഗത നിരക്ക് ശരാശരി 15 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് എന്‍ടിഎ പ്രഖ്യാപിച്ചിരിക്കുന്നത്. ഡബ്ലിനിലെ 90 മിനിറ്റ് ലീപ്പ് കാര്‍ഡ് നിരക്ക് €2ല്‍നിന്ന് €2.30 ആയി ഉയരും. നഗരത്തിനുള്ളിലെ ഹ്രസ്വദൂര ലീപ്പ് കാര്‍ഡ് നിരക്ക് 10 ശതമാനം വര്‍ധിച്ച് €1.65 ആകും.

എന്നാല്‍ ചില യാത്രകള്‍ക്ക് ശരാശരിയേക്കാള്‍ വലിയ വര്‍ധനയുണ്ടാകും. ചില ഹ്രസ്വദൂര നിരക്കുകള്‍ 33 ശതമാനംവരെ കൂടുമെന്നാണ് വിമര്‍ശനം. ഡബ്ലിനിലെ ചില യാത്രകള്‍ക്ക് ഓരോ തവണയും 50 സെന്റ് അധികം നല്‍കേണ്ടിവരും. ദിവസവും പോയിവരുന്ന ഒരാള്‍ക്ക് ഒരു ദിവസം ഒരു യൂറോയും അഞ്ചുദിവസത്തെ പ്രവൃത്തി ആഴ്ചയില്‍ 5 യൂറോയും വരെ അധികച്ചെലവുണ്ടാകും.

ഇന്റര്‍സിറ്റി റെയില്‍ എക്‌സ്പ്രസ് ടിക്കറ്റുകള്‍ക്ക് 10 ശതമാനവും ഇക്കോണമി ടിക്കറ്റുകള്‍ക്ക് 20 ശതമാനംവരെയും വര്‍ധനയുണ്ടാകും. ഇന്റര്‍സിറ്റി റെയിലിലെ ‘ഓപ്പണ്‍ റിട്ടേണ്‍’ ടിക്കറ്റുകള്‍ നിര്‍ത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തേക്ക് കണ്ടെത്തിയ 140 പുതിയ സര്‍വീസ്‌യാത്രാശേഷി വര്‍ധന പദ്ധതികള്‍ നടപ്പാക്കാന്‍ ബജറ്റ് വിഹിതത്തിനൊപ്പം ടിക്കറ്റ് വരുമാനവും വര്‍ധിക്കണമെന്നാണ് എന്‍ടിഎയുടെ നിലപാട്.

ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ വിമര്‍ശനം

നിരക്കുവര്‍ധനയ്‌ക്കെതിരെ പാര്‍ലമെന്ററി സമിതിയില്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെയാണ് വിമര്‍ശനം ഉയര്‍ന്നത്. ജീവിതച്ചെലവും പണപ്പെരുപ്പവും കുടുംബങ്ങളെ ഞെരുക്കുമ്പോള്‍ പൊതുഗതാഗത നിരക്ക് വര്‍ധിപ്പിക്കുന്നത് കടുത്ത നിരാശയുണ്ടാക്കുന്നതാണെന്ന് സിന്‍ ഫെയിന്‍ ടി.ഡി ലൂയിസ് ഒ’ഹാര പറഞ്ഞു. ആവശ്യമായ ധനസഹായം നല്‍കാന്‍ ഗതാഗതവകുപ്പ് തയ്യാറാകാത്തതിന്റെ വില യാത്രക്കാരില്‍നിന്ന് ഈടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്‍ടിഎയുടെ ആഭ്യന്തര ചെലവുകള്‍ നിയന്ത്രിച്ചാല്‍ ഗണ്യമായ തുക ലാഭിക്കാമെന്ന് ഇന്‍ഡിപെന്‍ഡന്റ് അയര്‍ലന്‍ഡ് നേതാവ് മീഹോള്‍ കോളിന്‍സ് അഭിപ്രായപ്പെട്ടു. സ്വകാര്യ ഓപ്പറേറ്റര്‍മാരുമായി കാര്യക്ഷമമായി സഹകരിക്കുന്നതില്‍ എന്‍ടിഎ പരാജയപ്പെട്ടെന്നും വരുമാനം വര്‍ധിപ്പിക്കാന്‍ യാത്രക്കാരുടെമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നത് പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

നിരക്കുമാറ്റം സംബന്ധിച്ച തീരുമാനം ആവശ്യമായ തെളിവുകളുടെയും സുതാര്യമായ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണോ എടുത്തതെന്ന് ഫിന ഗേല്‍ ടി.ഡി ഗ്രേസ് ബോളണ്ട് ചോദിച്ചു. എന്‍ടിഎയുടെ കണക്കുകളും തീരുമാനം കൈക്കൊണ്ട രീതിയും കൂടുതല്‍ വ്യക്തമായി പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘പ്രതി എന്‍ടിഎയല്ല, മന്ത്രി’

നിരക്കുവര്‍ധന ഫിന ഫാളും ഫിന ഗേലും ചേര്‍ന്നെടുത്ത രാഷ്ട്രീയ തീരുമാനമാണെന്ന് ഗ്രീന്‍ പാര്‍ട്ടി നേതാവ് റോഡറിക് ഒ’ഗോര്‍മാന്‍ ആരോപിച്ചു. ഇതിന്റെ യഥാര്‍ഥ ഉത്തരവാദി ഗതാഗതമന്ത്രിയാണെന്നും എന്‍ടിഎയെ മാത്രം പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

നിരക്കുവര്‍ധന ഒഴിവാക്കാന്‍ ഏകദേശം €70 മില്യന്‍ മാത്രമാണ് ആവശ്യമായിരുന്നതെന്ന് ഒ’ഗോര്‍മാന്‍ ചൂണ്ടിക്കാട്ടി. പണപ്പെരുപ്പം 3.7 ശതമാനത്തിലെത്തി നില്‍ക്കുകയും ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാകുകയും ചെയ്യുന്ന സമയത്ത് 15 ശതമാനം നിരക്കുവര്‍ധന നടപ്പാക്കുന്നത് ബുദ്ധിശൂന്യമായ നടപടിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘ഡീസലിന് €400 മില്യന്‍; യാത്രക്കാര്‍ക്ക് എന്തുകൊണ്ട് സഹായമില്ല?’

പൊതുഗതാഗതം താങ്ങാനാവുന്നതാക്കി നിലനിര്‍ത്താനുള്ള അധികാരവും സാമ്പത്തികശേഷിയും സര്‍ക്കാരിനുണ്ടെന്ന് ലേബര്‍ നേതാവ് ഇവാന ബാസിക് പറഞ്ഞു. തീരുമാനത്തിന്റെ ഉത്തരവാദിത്വം എന്‍ടിഎയുടെമേല്‍ ചുമത്തി സര്‍ക്കാര്‍ രക്ഷപ്പെടുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഡീസല്‍ സബ്‌സിഡിക്കായി €400 മില്യന്‍ കണ്ടെത്താന്‍ കഴിയുന്ന സര്‍ക്കാരിന് പൊതുഗതാഗത നിരക്കുവര്‍ധന ഒഴിവാക്കാന്‍ ആവശ്യമായ പണം കണ്ടെത്താനാകാത്തത് അംഗീകരിക്കാനാവില്ലെന്നും ബാസിക് പറഞ്ഞു.

90 മിനിറ്റ് നിരക്ക് സംവിധാനം, യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ഇളവ്, കുട്ടികളുടെ സൗജന്യയാത്ര തുടങ്ങിയ സുപ്രധാന പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2027ലേക്കുള്ള എന്‍ടിഎ പദ്ധതിയില്‍ 140 പുതിയ സര്‍വീസ് നിര്‍ദേശങ്ങളും നിലവിലുള്ള റൂട്ടുകളുടെ യാത്രാശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Get more updates from Pudukad News on Google