"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കാറിലെ തുറന്ന വിന്‍ഡോയിലൂടെ മുഖത്തടിച്ചു; മൈക്കൽ ഹീലി-റേയ്ക്കു തലയ്ക്കു പരിക്ക്

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിന്‍: ഗതാഗതക്കുരുക്കില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കെ കാറിന്റെ തുറന്ന വിന്‍ഡോയിലൂടെ ഇന്‍ഡിപ്പെന്‍ഡന്റ് ടി.ഡി മൈക്കല്‍ ഹീലി-റേയെ അജ്ഞാതന്‍ ആക്രമിച്ചു. മുഖത്തും തലയ്ക്കും പരിക്കേറ്റ ഹീലി-റേയെ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയിലേറ്റ മുറിവില്‍ തുന്നലിട്ടശേഷം ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെ അദ്ദേഹം ആശുപത്രി വിട്ടു. പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്ന് ഗാര്‍ഡ അറിയിച്ചു.

എന്തിനായിരുന്നു ആക്രമണം?

ആക്രമണത്തിനു പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രാഷ്ട്രീയ നിലപാടുകളോ സമീപകാലത്തെ ഏതെങ്കിലും സംഭവമോ ആക്രമണത്തിന് പ്രേരണയായതായി ഗാര്‍ഡ സ്ഥിരീകരിച്ചിട്ടില്ല.ആക്രമണത്തിനു മുമ്പ് ഒരാള്‍ ഹീലി-റേയെ അസഭ്യം പറഞ്ഞതായി മകന്‍ ജാക്കി ഹീലി-റേ അറിയിച്ചു. തുടര്‍ന്ന് ,തുറന്ന വിന്‍ഡോയിലൂടെ അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലവും അക്രമിയുടെ ഉദ്ദേശ്യവും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

ബുധനാഴ്ച വൈകിട്ട് നാലുമണിക്കുശേഷം ഡബ്ലിന്‍ നഗരത്തിലെ കോര്‍ക്ക് സ്ട്രീറ്റില്‍, കൂംബ് ആശുപത്രിക്കു സമീപമായിരുന്നു സംഭവം. ഡെയിലിലെ ജോലികള്‍ക്കുശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന ഹീലി-റേയുടെ അടയാളങ്ങള്‍ പതിച്ച കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിരുന്നു. വഴിയാത്രക്കാരനായ ഒരാള്‍ കാറിനടുത്തെത്തി സംസാരിച്ചതിനെത്തുടര്‍ന്ന് ഹീലി-റേ ജനല്‍ താഴ്ത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് ആക്രമി കാറിനുള്ളിലേക്ക് കൈയിട്ട് അദ്ദേഹത്തിന്റെ മുഖത്ത് ഇടിച്ചത്.

വിവരമറിഞ്ഞെത്തിയ ഗാര്‍ഡ ഹീലി-റേയെ ആദ്യം കെവിന്‍ സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനിലെത്തിച്ചു. അവിടെ പ്രാഥമിക വൈദ്യസഹായം നല്‍കിയശേഷമാണ് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റിയത്.

ഡെയിലില്‍ വിതുമ്പി സഹോദരന്‍

ആക്രമണവിവരം ഡെയിലില്‍ അറിയിച്ച സഹോദരനും കെറിയിലെ ടി.ഡിയുമായ ഡാനി ഹീലി-റേ വികാരാധീനനായി. ജനങ്ങളെ സഹായിക്കാനാണ് ജനപ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെടുന്നതെന്നും ആക്രമിക്കപ്പെടാനല്ലെന്നും അദ്ദേഹം പറഞ്ഞു. കാറിലിരുന്ന് സ്വയം പ്രതിരോധിക്കാന്‍പോലും കഴിയാത്ത ഒരാളെ വിന്‍ഡോയിലൂടെ ആക്രമിച്ചത് നീതീകരിക്കാനാവില്ലെന്നും ഡാനി വ്യക്തമാക്കി.

സംഭവത്തില്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ കടുത്ത ഞെട്ടലും ആശങ്കയും രേഖപ്പെടുത്തി. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും ജനപ്രതിനിധികള്‍ക്ക് ഭയമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസും നീതിന്യായമന്ത്രി ജിം ഒ’കല്ലഗനും ആക്രമണത്തെ അപലപിച്ചു. രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ പുലര്‍ത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും അതിന്റെ പേരില്‍ അക്രമം അനുവദിക്കാനാവില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഡെയില്‍ സ്പീക്കര്‍ വെറോണ മര്‍ഫിയും ഹീലി-റേയുമായി സംസാരിക്കുകയും വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

നാഷണല്‍ പ്ലൗയിങ് ചാമ്പ്യന്‍ഷിപ്പില്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഹീലി-റേയ്ക്കുനേരെയും ആക്രമണമുണ്ടായത്. തുടര്‍ച്ചയായി ജനപ്രതിനിധികള്‍ ലക്ഷ്യമാക്കപ്പെട്ടതോടെ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ശക്തമായിട്ടുണ്ട്. എന്നാല്‍ രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുള്ളതായി ഇതുവരെ സൂചനയില്ല.

ആക്രമിയെന്ന് സംശയിക്കുന്നയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവം നടന്ന സമയത്ത് കോര്‍ക്ക് സ്ട്രീറ്റ് പരിസരത്തുണ്ടായിരുന്നവരും ഡാഷ്‌കാം, മൊബൈല്‍ ഫോണ്‍, സിസിടിവി ദൃശ്യങ്ങള്‍ കൈവശമുള്ളവരും അന്വേഷണവുമായി സഹകരിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ കെവിന്‍ സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനില്‍ 01 666 9400 എന്ന നമ്പറിലോ ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനില്‍ 1800 666 111 എന്ന നമ്പറിലോ അറിയിക്കാം.

പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനെ ഇടിച്ച കര്‍ഷകന്‍ അറസ്റ്റില്‍

ഒഫാലി :ഒഫാലിയില്‍ നടന്ന നാഷണല്‍ പ്ലഫിംഗ് ചാമ്പ്യന്‍ഷിപ്പിനിടെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച കര്‍ഷകനെ ഗാര്‍ഡ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി.സംഭവത്തില്‍ പ്രധാനമന്ത്രിയ്ക്ക് പരിക്കേറ്റില്ല. സംഭവം ഗാര്‍ഡ സ്ഥിരീകരിച്ചു.ആദ്യ ദിനത്തില്‍ 77000പേര്‍ ചാമ്പ്യന്‍ഷിപ്പ് കാണാനെത്തിയെന്നാണ് റിപ്പോര്‍ട്ട്.

പ്രസിഡന്റ് കാതറിന്‍ കോണോളിയാണ് സ്‌ക്രീഗനില്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്വ്വഹിച്ചത്.

Get more updates from Pudukad News on Google