മറീന തീരത്ത് പുതിയ സെക്രട്ടേറിയറ്റ് നിർമ്മിക്കാനുള്ള വിജയ് സർക്കാരിന്റെ നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം. ഒമ്പതോളം തീരദേശ ഗ്രാമങ്ങൾ കുടിയിറക്കൽ ഭീഷണിയിൽ. സി.ആർ.ഇസഡ് ചട്ടലംഘനമെന്ന് പരിസ്ഥിതി പ്രവർത്തകരും ഇടത് പാർട്ടികളും. പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമാവുന്നു
Current: മലയാളം

ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ മറീന ബീച്ചിനോട് ചേർന്ന് പുതിയ സെക്രട്ടേറിയറ്റ്-നിയമസഭാ സമുച്ചയം നിർമ്മിക്കാൻ തീരുമാനിച്ചതിനെതിരെ തീരദേശ മേഖലകളിൽ പ്രതിഷേധം ആളിക്കത്തുന്നു.
മുല്ലിമാനഗർ, ശ്രീനിവാസപുരം ഉൾപ്പെടെയുള്ള ഒമ്പത് പരമ്പരാഗത മത്സ്യത്തൊഴിലാളി ഗ്രാമങ്ങളാണ് തലമുറകളായി ജീവിച്ച മണ്ണിൽ നിന്ന് കുടിയിറക്കപ്പെടുമെന്ന കടുത്ത ഭീതിയിലായിരിക്കുന്നത്.
തമിഴ്‌നാട് ഭവനനിർമ്മാണ ബോർഡിന്റെ (ടി.എൻ.എച്ച്.ബി) ഉടമസ്ഥതയിലുള്ളതും കടലിൽ നിന്ന് വെറും 500 മീറ്റർ മാത്രം അകലെയുള്ളതുമായ 25 ഏക്കർ ഭൂമിയിലാണ് 15 നിലകളുള്ള ഭരണസിരാകേന്ദ്രം പണിയാൻ സർക്കാർ ഒരുങ്ങുന്നത്.
എന്നാൽ സെക്രട്ടേറിയറ്റ് വരുന്നതോടെ പ്രദേശം അതീവ സുരക്ഷാ മേഖലയായി മാറുമെന്നും അതോടെ തങ്ങളുടെ പരമ്പരാഗത മത്സ്യബന്ധനവും ഉപജീവനവും പൂർണ്ണമായി നിലയ്ക്കുമെന്നും തൊഴിലാളികൾ മുന്നറിയിപ്പ് നൽകുന്നു. വൻകിട പദ്ധതികൾ നഗരത്തിന് പുറത്തുള്ള പ്രാന്തപ്രദേശങ്ങളിലേക്ക് മാറ്റണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
മത്സ്യത്തൊഴിലാളികൾക്ക് പുറമെ പ്രമുഖ പരിസ്ഥിതി സംഘടനകളും സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന ഇടതുപക്ഷ പാർട്ടികളും പദ്ധതിക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഈ നിർമ്മാണം തീരദേശ പരിപാലന ചട്ടങ്ങളുടെ (CRZ-Zone 2) നഗ്നമായ ലംഘനമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
2040-2070 കാലഘട്ടത്തിൽ ചെന്നൈ തീരത്തുനിന്ന് 1.6 കിലോമീറ്റർ വരെയുള്ള കരഭാഗം കടലെടുക്കാൻ സാധ്യതയുണ്ടെന്ന് മുൻ ഡി.എം.കെ സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ടിൽ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു.
കൂടാതെ 2004-ലെ സുനാമിയിൽ വൻ നാശനഷ്ടമുണ്ടായ അതീവ ദുരന്തസാധ്യതാ മേഖലയാണിത്. പ്രതിദിനം പതിനായിരക്കണക്കിന് ആളുകൾ വന്നുപോകുന്ന ഒരു വൻ സമുച്ചയം ഇവിടെ സ്ഥാപിക്കുന്നത് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനും വലിയ പാരിസ്ഥിതിക ആഘാതങ്ങൾക്കും വഴിവെക്കുമെന്ന് നഗരാസൂത്രകരും ചൂണ്ടിക്കാണിക്കുന്നു.
1980-കളിൽ എം.ജി.ആർ ഭരണകാലത്ത് മറീന മോടിപിടിപ്പിക്കാനായി നടത്തിയ കുടിയിറക്കൽ നീക്കങ്ങളെ ചെറുത്തുതോൽപ്പിച്ചതുപോലെ ശക്തമായ ചെറുത്തുനിൽപ്പ് തുടരുമെന്നാണ് പ്രദേശവാസികളുടെ നിലപാട്.
സർക്കാർ ജീവനക്കാർക്ക് പാർപ്പിടം പണിയാൻ നൽകിയ ഭൂമിയുടെ യഥാർത്ഥ അവകാശികൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണെന്നും അവരുടെ അനുമതിയില്ലാതെ ഇവിടെ ഒരു നിർമ്മാണവും അനുവദിക്കില്ലെന്നും സൗത്ത് ഇന്ത്യൻ ഫിഷർമെൻ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് കെ. ഭാരതി വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനം മുൻനിർത്തി ലോകമെമ്പാടുമുള്ള രാജ്യങ്ങൾ തങ്ങളുടെ ഭരണകേന്ദ്രങ്ങൾ ഉയർന്ന സുരക്ഷിത മേഖലകളിലേക്ക് മാറ്റുമ്പോൾ, കടലാക്രമണ ഭീഷണിയുള്ള തീരത്ത് സെക്രട്ടേറിയറ്റ് സ്ഥാപിക്കുന്നത് യുക്തിശൂന്യമാണെന്ന് പരിസ്ഥിതി സംഘടനയായ ‘പൂവുലകിൻ നൺപർഗളി’ന്റെ പ്രതിനിധി ജി. സുന്ദർരാജൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.വി.കെയ്ക്ക് വൻ ഭൂരിപക്ഷം നൽകിയ തീരദേശ ജനതയെ വഞ്ചിക്കുന്നതാണ് പുതിയ തീരുമാനമെന്നും, ആഡംബര പദ്ധതികൾക്ക് പകരം ജനങ്ങളുടെ സുരക്ഷിതമായ പാർപ്പിടത്തിനാണ് ഭരണകൂടം മുൻഗണന നൽകേണ്ടതെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു.




