മൂളപ്പുറം–വെള്ളായിക്കോട് പാലം; 32 വർഷത്തെ കാത്തിരിപ്പിന് വിരാമമാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ | Moolappuram Vellayikkode bridge
Current: മലയാളം

റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മൂളപ്പുറം–വെള്ളായിക്കോട് പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് 32 വർഷം പിന്നിടുന്നു (Moolappuram Vellayikkode bridge). മലപ്പുറം ജില്ലയിലെ വാഴയൂർ, കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമായാൽ പള്ളിക്കൽ, പുളിക്കൽ, ചെറുകാവ്, വാഴയൂർ പഞ്ചായത്തുകളിലുള്ളവർക്ക് വയനാട്, കോഴിക്കോട്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും. അതേസമയം മാവൂർ, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിലുള്ളവർക്ക് കോഴിക്കോട് വിമാനത്താവളം, കാലിക്കറ്റ് സർവകലാശാല, ഫാറൂഖ് കോളേജ്, സാഫി കോളേജ്, വേദവ്യാസ കോളേജ്, മിംസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനാകും. നേരത്തെ കടത്തുതോണി വഴി നൂറുകണക്കിന് ആളുകൾ ദിവസേന ഇരുകരകളിലേക്കും യാത്ര ചെയ്തിരുന്നെങ്കിലും നിലവിൽ ആ സംവിധാനവും നിലച്ചിരിക്കുകയാണ്.
1994ലെ റിപ്പബ്ലിക് ദിനത്തിൽ ഇതേ സ്ഥലത്ത് കല്യാണപാർട്ടി സഞ്ചരിച്ച തോണി അപകടത്തിൽപ്പെട്ട് ആറുപേർ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും പാലം നിർമാണത്തിനായി സംസ്ഥാന ബജറ്റിൽ രണ്ട് തവണ ടോക്കൺ തുക വകയിരുത്തിയതല്ലാതെ കാര്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വർഷങ്ങളായുള്ള യാത്രാദുരിതത്തിനും സുരക്ഷാ ആശങ്കകൾക്കും പരിഹാരമാകുന്ന പാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇരുകരകളിലെയും ജനങ്ങൾ.
Summary: Residents of Malappuram and Kozhikode have been waiting for the Moolappuram–Vellayikkode bridge for 32 years. The proposed bridge could significantly improve connectivity between several panchayats and key educational, medical and transport centres, but construction has yet to move beyond token budget allocations.




