"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഹെല്‍പ്-ടു-ബൈ ടാക്സ് റീഫണ്ട് 50,000 യൂറോയാക്കിയേക്കും; ആദ്യവീട് വാങ്ങുന്നവര്‍ക്ക് വന്‍ പ്രതീക്ഷ

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന ഹെല്‍പ്-ടു-ബൈ ടാക്സ് റീഫണ്ട് 30,000 യൂറോയില്‍നിന്ന് 50,000 യൂറോയാക്കി ഉയര്‍ത്താന്‍ നീക്കം. കുതിച്ചുയരുന്ന വീടുവിലയ്ക്കിടയില്‍ ഡെപ്പോസിറ്റ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന യുവാക്കള്‍ക്കും പ്രവാസി കുടുംബങ്ങള്‍ക്കും വലിയ ആശ്വാസമാകുന്ന നിര്‍ദേശം ഭവനമന്ത്രി ജെയിംസ് ബ്രൗണ്‍ പരിഗണിക്കുന്നതായാണ് സൂചന.

ആദ്യമായി പുതിയ വീടോ അപ്പാര്‍ട്ട്മെന്റോ വാങ്ങുന്നവര്‍ക്കും സ്വന്തം സ്ഥലത്ത് പുതിയ വീട് നിര്‍മിക്കുന്നവര്‍ക്കും ഡെപ്പോസിറ്റ് കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഹെല്‍പ്-ടു-ബൈ പദ്ധതി. അപേക്ഷിക്കുന്ന വര്‍ഷത്തിന് മുമ്പുള്ള നാലു വര്‍ഷങ്ങളില്‍ അയര്‍ലണ്ടില്‍ അടച്ച ഇന്‍കം ടാക്സും ഡെപ്പോസിറ്റ് ഇന്ററസ്റ്റ് റിറ്റന്‍ഷന്‍ ടാക്സും തിരികെ നല്‍കുകയാണ് ചെയ്യുന്നത്. യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജും പേ റിലേറ്റഡ് സോഷ്യല്‍ ഇന്‍ഷുറന്‍സും റീഫണ്ട് കണക്കാക്കുന്നതില്‍ ഉള്‍പ്പെടില്ല.

നിലവില്‍ പരമാവധി 30,000 യൂറോയാണ് ലഭിക്കുക. എന്നാല്‍ എല്ലാവര്‍ക്കും ഈ തുക മുഴുവനായി ലഭിക്കണമെന്നില്ല. 30,000 യൂറോ, വീടിന്റെ വിലയുടെ പത്തു ശതമാനം, കഴിഞ്ഞ നാലു വര്‍ഷം അടച്ച യോഗ്യമായ നികുതി,ഇവയില്‍ ഏറ്റവും കുറഞ്ഞ തുകയായിരിക്കും അനുവദിക്കുക. ഉദാഹരണത്തിന് നാലു വര്‍ഷത്തിനിടെ 22,000 യൂറോ മാത്രമാണ് യോഗ്യമായ നികുതിയായി അടച്ചതെങ്കില്‍, റീഫണ്ട് 22,000 യൂറോയായി പരിമിതപ്പെടും.

പുതിയ നിര്‍ദേശം അംഗീകരിച്ചാല്‍ പരമാവധി സഹായം 50,000 യൂറോയായി ഉയരും. എന്നാല്‍ വീടിന്റെ വിലയുടെ പത്തു ശതമാനമെന്ന നിലവിലെ പരിധിയും അതിനനുസരിച്ച് മാറ്റുമോ എന്നതില്‍ വ്യക്തതയില്ല. പത്തു ശതമാനം പരിധി തുടരുകയാണെങ്കില്‍ 50,000 യൂറോ പൂര്‍ണമായി ലഭിക്കാന്‍ വീടിന് അഞ്ചു ലക്ഷം യൂറോ വിലയുണ്ടാകുകയും അപേക്ഷകര്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കുറഞ്ഞത് 50,000 യൂറോ യോഗ്യമായ നികുതിയായി അടച്ചിരിക്കുകയും വേണം. ഇതിന്റെ അന്തിമ വ്യവസ്ഥകള്‍ ബജറ്റിലോ തുടര്‍ന്നുള്ള ധനകാര്യ നിയമത്തിലോ വ്യക്തമാക്കേണ്ടിവരും.

അഞ്ചു ലക്ഷം യൂറോയില്‍ കൂടുതല്‍ വിലയുള്ള വീടുകള്‍ക്ക് നിലവില്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. വാങ്ങുന്നവര്‍ കുറഞ്ഞത് 70 ശതമാനം മോര്‍ട്ട്‌ഗേജ് എടുക്കുകയും വീട് അഞ്ചുവര്‍ഷം പ്രധാന താമസസ്ഥലമായി ഉപയോഗിക്കുകയും വേണം. ഒരുമിച്ച് വീട് വാങ്ങുന്നവരാണെങ്കില്‍ എല്ലാവരും ആദ്യമായി വീട് വാങ്ങുന്നവരായിരിക്കണം. അയര്‍ലണ്ടിലോ മറ്റേതെങ്കിലും രാജ്യത്തോ മുമ്പ് വീടോ അപ്പാര്‍ട്ട്മെന്റോ വാങ്ങിയിട്ടുള്ളവര്‍ക്ക് സാധാരണയായി പദ്ധതിയില്‍ അര്‍ഹതയില്ല.

പഴയ വീടുകള്‍ വാങ്ങുന്നതിനും ഈ സഹായം ലഭിക്കില്ല. പുതുതായി നിര്‍മിച്ച വീടോ അപ്പാര്‍ട്ട്മെന്റോ വാങ്ങുന്നതിനോ പുതിയ വീട് സ്വയം നിര്‍മിക്കുന്നതിനോ മാത്രമാണ് പദ്ധതി ബാധകം. വീട് വാങ്ങുകയാണെങ്കില്‍ റീഫണ്ട് റവന്യൂവില്‍നിന്ന് അംഗീകൃത നിര്‍മാതാവിന് നേരിട്ടാണ് നല്‍കുക. സ്വന്തം വീട് നിര്‍മിക്കുന്ന കേസില്‍ മോര്‍ട്ട്‌ഗേജ് നല്‍കിയ സ്ഥാപനത്തിലെ അപേക്ഷകന്റെ അക്കൗണ്ടിലേക്കായിരിക്കും തുക എത്തുക.

2016ല്‍ പ്രഖ്യാപിക്കുകയും 2017ല്‍ പ്രാബല്യത്തില്‍ വരികയും ചെയ്ത പദ്ധതി ഇതിനകം പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീടിന്റെ ഡെപ്പോസിറ്റ് കണ്ടെത്താന്‍ സഹായിച്ചിട്ടുണ്ട്. ആദ്യം 20,000 യൂറോയായിരുന്നു പരമാവധി സഹായം. 2020 ജൂലൈയില്‍ ഇത് 30,000 യൂറോയായി ഉയര്‍ത്തി. നിലവിലെ വ്യവസ്ഥപ്രകാരം പദ്ധതി 2029 ഡിസംബര്‍ 31 വരെ തുടരും.

അതേസമയം, സഹായത്തുക ഉയര്‍ത്തുന്നതുകൊണ്ടുമാത്രം വീടുവാങ്ങല്‍ എളുപ്പമാകില്ലെന്ന വിമര്‍ശനവും ശക്തമാണ്. വീടുകളുടെ ലഭ്യത വര്‍ധിപ്പിക്കാതെ വാങ്ങാനുള്ള ശേഷി മാത്രം കൂട്ടിയാല്‍ നിര്‍മാതാക്കള്‍ വില ഉയര്‍ത്താനും സഹായത്തിന്റെ ഒരു ഭാഗം വീടുവിലയില്‍ ലയിക്കാനും സാധ്യതയുണ്ടെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ ഹെല്‍പ്-ടു-ബൈ വര്‍ധനയ്‌ക്കൊപ്പം കൂടുതല്‍ വീടുകള്‍ വിപണിയിലെത്തിക്കാനുള്ള നടപടികളും വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

24 മണിക്കൂര്‍ ഓണ്‍ലൈന്‍ ലേലത്തിനും നിയന്ത്രണം വന്നേക്കും

വീടുകള്‍ വാങ്ങുന്നതിനുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ലേലരീതിയും സര്‍ക്കാര്‍ പരിശോധിച്ചേക്കും. ഏതു സമയത്തും വീണ്ടും വീണ്ടും വില കൂട്ടി വാഗ്ദാനം ചെയ്യാന്‍ കഴിയുന്ന സംവിധാനം വാങ്ങുന്നവരില്‍ മാനസിക സമ്മര്‍ദം സൃഷ്ടിക്കുകയും പെട്ടെന്നുള്ള തീരുമാനങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതായാണ് ആശങ്ക.

ജൂനിയര്‍ മന്ത്രിയായിരുന്നപ്പോള്‍ ഓണ്‍ലൈന്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്ത അനുഭവം ചൂണ്ടിക്കാട്ടിയ ജെയിംസ് ബ്രൗണ്‍, പെട്ടെന്നുള്ള പ്രേരണയില്‍ എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങള്‍ ആളുകള്‍ക്ക് അപകടകരമാകാമെന്ന് പറഞ്ഞു. ലേലത്തിന് നിശ്ചിത സമയപരിധി ഏര്‍പ്പെടുത്തണോ, വിലവാഗ്ദാനങ്ങളുടെ സുതാര്യത വര്‍ധിപ്പിക്കണോ, വാങ്ങുന്നവര്‍ക്ക് തീരുമാനമെടുക്കാന്‍ ഇടവേള നല്‍കണോ തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Get more updates from Pudukad News on Google