സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു; സംഭവം പിറവത്ത് | Piravom petrol attack
Current: മലയാളം

കൊച്ചി: സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു (Piravom petrol attack). കക്കാട് പൊതുകുന്നത് അരുൺ പ്രകാശ് (31) ആണ് മരിച്ചത്. കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അരുണിന്റെ സുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ജിഷ്ണുവിന്റെ അമ്മയോട് അരുൺ ഫോണിലൂടെ സംസാരിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാത്രി വൈകി പിറവത്തെ ഒരു ബാറിൽനിന്ന് ജിഷ്ണു അരുണിനെ ഫോണിൽ വിളിച്ചിരുന്നു. അരുണും രണ്ട് സുഹൃത്തുക്കളും പള്ളിക്കവല ഭാഗത്തുണ്ടായിരുന്നതായാണ് മൊഴി. ബാറിൽനിന്ന് പള്ളിക്കവലയിലേക്ക് പോകുന്നതിനിടെ ജിഷ്ണു പെട്രോൾ വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്.
പള്ളിക്കവലയിലെത്തിയ സംഘം സ്നേഹഭവൻ റോഡിലേക്ക് പോയി. ഇവിടെ വച്ച് അരുണും ജിഷ്ണുവും തമ്മിൽ വാക്കുതർക്കമുണ്ടായി. അമ്മയെ വിളിച്ച് മോശമായി സംസാരിച്ചതിനെച്ചൊല്ലി ജിഷ്ണു അരുണിനോട് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ അരുണിന്റെ ദേഹത്തേക്ക് ഒഴിച്ചതെന്നാണ് അരുണിന്റെ സുഹൃത്തായ ഗീവർഗീസ് പൊലീസിന് നൽകിയ മൊഴി.
അരുണിന്റെ ഷർട്ടിൽ പെട്രോൾ നനഞ്ഞ് താഴേക്ക് ഒഴുകിയിരുന്നു. ഇതിനിടെ ജിഷ്ണു പലതവണ ലൈറ്റർ കത്തിക്കുകയും അണയ്ക്കുകയും ചെയ്തെങ്കിലും ഇയാൾ തീകൊളുത്തുമെന്ന് ആരും കരുതിയിരുന്നില്ലെന്നാണ് മൊഴി. പിന്നീട് തീ ആളിപ്പടർന്നതോടെ സുഹൃത്തുക്കൾ ചേർന്ന് അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഗീവർഗീസും പ്രഫുല്ലും ചേർന്നാണ് ആംബുലൻസ് വിളിച്ച് അരുണിനെയും ജിഷ്ണുവിനെയും ആശുപത്രിയിലെത്തിച്ചത്. അരുണിനെ ആദ്യം താലൂക്ക് ആശുപത്രിയിലും ജിഷ്ണുവിനെ പിറവത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. പിന്നീട് അരുണിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അഞ്ചുപേരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. ജിഷ്ണു കാരവാൻ വാങ്ങി സിനിമാരംഗത്തെ ഓട്ടങ്ങളുമായി കഴിയുന്നതിനിടെ ഏതാനും മാസം മുമ്പ് ഗൾഫിലേക്ക് പോയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ജിഷ്ണു രണ്ട് മക്കളോടൊപ്പം നാട്ടിൽ തിരിച്ചെത്തിയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Story Summary:
A 31-year-old man died after suffering severe burns in an alleged petrol attack by his friend in Piravom. Police have taken two friends into custody and are investigating the circumstances surrounding the incident.




