സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; 99.39 ദശലക്ഷം യൂണിറ്റ്, ഇന്ന് നിയന്ത്രണത്തിന് സാധ്യത | Kerala electricity consumption
Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന പ്രതിദിന വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ചത് (Kerala electricity consumption). പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5,348 മെഗാവാട്ടിലെത്തി. വൈദ്യുതി ആവശ്യകത ഉയർന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഏകദേശം 900 മെഗാവാട്ടിന്റെ കുറവ് നേരിടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. രാത്രിയിൽ പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭിച്ചാൽ നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
അതേസമയം, വൈദ്യുതി പ്രതിസന്ധിക്കിടയിലും തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നില്ല. കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 1,610 മെഗാവാട്ട് വൈദ്യുതി പൂർണമായി ലഭിച്ചതാണ് നിയന്ത്രണം ഒഴിവാക്കാൻ സഹായിച്ചത്. കഴിഞ്ഞ 18 ദിവസത്തിനിടെ ഇന്നലെയും മിനിഞ്ഞാന്നുമാണ് രാത്രിയിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത്.
ഇന്നലെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5,196 മെഗാവാട്ടായിരുന്നു. പ്രതിദിന വൈദ്യുതി ഉപഭോഗം 93 ദശലക്ഷം യൂണിറ്റിന് മുകളിലുമായിരുന്നു. തമിഴ്നാട്ടിലും കർണാടകയിലും വൈദ്യുതി ഉപഭോഗം കുറഞ്ഞതും കേരളത്തിന് ആശ്വാസമായി. പവർ ഗ്രിഡിലെ ഫ്രീക്വൻസിയിലും കാര്യമായ കുറവ് അനുഭവപ്പെട്ടില്ല.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ കെഎസ്ഇബി തുടരുകയാണ്. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുന്നതിനോട് സർക്കാർ അനുകൂലമല്ല. കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിനായി വിവിധ സ്ഥാപനങ്ങളുമായി കരാറുകളിൽ ഏർപ്പെടുന്നതും കെഎസ്ഇബി പരിഗണിക്കുന്നുണ്ട്.
Summary: Kerala recorded its highest daily electricity consumption of the month at 99.39 million units, with peak demand reaching 5,348 MW. KSEB has warned that power restrictions may be required today if there is a shortfall of around 900 MW, although sufficient power from the exchange could help avoid restrictions.




