"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

സി.പി.എം വിശാല ജില്ലാ കമ്മിറ്റികൾക്ക് 26-ന് തുടക്കം. കണ്ണൂരിലും തിരുവനന്തപുരത്തും നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. കെ.കെ. രാഗേഷിനെതിരെ കടുത്ത നടപടിക്ക് സാധ്യത. സ്ഥാനർത്തി നിർണയത്തിലെ പാളിച്ചയിലും തോൽവിയുടേയും ഉത്തരവാദിത്തം ജില്ലാ സെക്രട്ടറിക്കെന്ന് വിലയിരുത്തൽ. തലസ്ഥാനത്ത് വി. ജോയിയെ മാറ്റണമെന്ന ആവശ്യവും ശക്തം. പി.ബി അംഗങ്ങളായ പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവർ മേൽനോട്ടം വഹിക്കും

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: വിശാല സംസ്ഥാന സമിതിക്ക് പിന്നാലെയുളള സിപിഎമ്മിൻെറ വിശാല ജില്ലാ കമ്മിറ്റികൾക്ക് ഈമാസം 26ന് തുടക്കമാകും. ആലപ്പുഴയിലാണ് ആദ്യത്തെ വിശാല ജില്ലാ കമ്മിറ്റികൾ നടക്കുന്നത്.

വിശാല സംസ്ഥാന സമിതി ചർച്ച ചെയ്ത് അംഗീകരിച്ച റിപോർട്ടും ജില്ലകളിലെ സവിശേഷമായ കാര്യങ്ങളും ഉൾപ്പെടുത്തിയുളള രേഖ വിശാല ജില്ലാ കമ്മിറ്റികൾ അവതരിപ്പിക്കും. ഒക്ടോബർ 13,14 തീയതികളിൽ കണ്ണൂരിലാണ് അവസാന വിശാല ജില്ലാ കമ്മിറ്റി നടക്കുക.


പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തിലുളള മൂന്ന് ടീമായി തിരിഞ്ഞ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ വിശാല ജില്ലാ കമ്മിറ്റിയ്ക്ക് മേൽനോട്ടം വഹിക്കും.


പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവരുടെ നേതൃത്വത്തിലാണ് സെക്രട്ടേറിയേറ്റ് അംഗങ്ങൾ വിശാല ജില്ലാ കമ്മിറ്റികളിലേക്ക് എത്തുന്നത്.

റിപോർട്ട് അവതരണത്തിനും ചർച്ചയ്ക്കും അപ്പുറത്ത് ജില്ലാ കമ്മിറ്റികളിൽ എന്തുമാറ്റം വരുമെന്നതാണ് വിശാല ജില്ലാ കമ്മിറ്റികളെ ചുറ്റിപ്പറ്റി ഉയരുന്ന ഉദ്വേഗം.

നേതൃമാറ്റമോ പുനസംഘടനയോ ഇല്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് ആത്മവിശ്വാസത്തോടെ കോഴിക്കോട്ടേക്ക് പോയ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അച്ചടക്ക നടപടിക്ക് വിധേയനായിട്ടാണ് മടങ്ങി വന്നത്.


സെക്രട്ടറിയുടെ ധാരണകളെ തകിടം മറിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റിയും പുനസംഘടിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഗുരുതരമായ സംഘടനാ പ്രശ്നങ്ങളുളള ജില്ലാകളിലെ നേതൃത്വത്തിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.


കണ്ണൂർ,തിരുവനന്തപുരം ജില്ലാ നേതൃത്വങ്ങളിലാണ് മാറ്റത്തിന് സാധ്യതയുണ്ട്.കണ്ണൂരിലാണ് മാറ്റങ്ങൾക്കോ അച്ചടക്ക നടപടിക്കോ ഏറ്റവും കൂടുതൽ സാധ്യത. പയ്യന്നൂർ,തളിപ്പറമ്പ് മണ്ഡലങ്ങളിലെ തോൽവിയിൽ വഹിച്ച വ്യക്തിപരമായ പങ്കാണ് എം.വി.ഗോവിന്ദനെ അച്ചടക്ക നടപടിക്ക് വിധേയനാക്കിയത്.

സംസ്ഥാനസെക്രട്ടറി നടപടിക്ക് ഇരയായ വിഷയത്തിൽ ജില്ലാ സെക്രട്ടറിക്കെതിരെയും നടപടി വേണ്ടതല്ലേ എന്ന ചോദ്യം വിശാല ജില്ലാ കമ്മിറ്റിയിൽ ഉയരുമെന്ന് തീർച്ചയാണ്. കെ.കെ.രാഗേഷിനെതിരെ ഇപ്പോൾത്തന്നെ കണ്ണൂരിൽ പടയൊരുക്കം ശക്തമാണ്.

ജില്ലയിലെ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ദുർബലനായ സെക്രട്ടറി എന്ന ആരോപണമാണ് രാഗേഷ് നേരിടുന്നത്. ജില്ലയിലെ പ്രധാന നേതാക്കളെല്ലാം തന്നെ വ്യക്തിപരമായ ഭിന്നതകൾ മറന്ന് രാഗേഷിനെതിരെ ഒരുമിച്ചിട്ടുണ്ട്.


സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയെ തുടർന്ന് പാർട്ടിക്കോട്ടകളിലേറ്റ കനത്ത തോൽവിയുടെ  പ്രഥമ ഉത്തരവാദിത്തം ജില്ലാ സെക്രട്ടറിക്കായത് കൊണ്ട് കെ.കെ.രാഗേഷിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയാൽ അത്ഭുതപ്പെടേണ്ടതില്ല.


ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കിലും അച്ചടക്ക നടപടി ഉറപ്പാണെന്നാണ് നേതാക്കൾ നൽകുന്ന സൂചന. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നേരിട്ടതിനേക്കാൾ കടുത്ത നടപടി രാഗേഷിന് എതിരെ ഉണ്ടാകാനാണ് സാധ്യത.

ജില്ലാ സെക്രട്ടറിയ്ക്കെതിരായ നടപടിക്കൊപ്പം കണ്ണൂരിലെ ജില്ലാ സെക്രട്ടേറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും പുനസംഘടനയും സംഭവിച്ചേക്കും.

പാർട്ടി ബന്ധുക്കൾ എതിർത്ത് വോട്ട് ചെയ്ത തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തിരിച്ചടി മറികടക്കാനുളള കർമ്മ പരിപാടികളും വിശാല ജില്ലാ കമ്മിറ്റിയിൽ തീരുമാനിക്കും.

കണ്ണൂർ കഴിഞ്ഞാൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ നേതൃത്വത്തിലാണ് കാര്യമായ അഴിച്ചുപണി നടക്കാൻ സാധ്യതയുളളത്. പാർട്ടി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി എം.എൽ.എയായ നേതാവിനെ ജില്ലാ സെക്രട്ടറിയാക്കി വെച്ചിരിക്കുന്ന തിരുവനന്തപുരത്ത് തിരുത്തൽ വേണമെന്ന ആവശ്യം ജില്ലയിലും പുറത്തും ശക്തമാണ്.


പാർലമെൻററി മത്സരങ്ങൾക്ക് ഇറങ്ങുന്ന പാർട്ടി ഭാരവാഹികൾ, ആസ്ഥാനം ഉപേക്ഷിക്കണമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ സർക്കുലറിലെ നിർദ്ദേശം. അതിന് കടകവിരുദ്ധമായ തീരുമാനമാണ് തിരുവനന്തപുരത്ത് സംഭവിച്ചത്.


ഇതിനെതിരെ കോഴിക്കോട്ട് നടന്ന വിശാല സംസ്ഥാന കമ്മിറ്റിയിലും വിമർശനം ഉയർന്നിരുന്നു.തൃശൂരിൽ നിന്നുളള പ്രതിനിധിയാണ് വി.ജോയിയെ ജില്ലാ സെക്രട്ടറിയാക്കിയതിന് എതിരെ വിമർശനം ഉന്നയിച്ചത്. ചർച്ചയ്ക്ക് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതിരോധം തീർത്തെങ്കിലും ജില്ലയിൽ നിന്നുളള പ്രതിനിധികൾക്ക് പോലും അത് ദഹിച്ചിട്ടില്ല.

മന്ത്രിയായിരിക്കെ സംസ്ഥാന സെക്രട്ടറിയായ തൻെറ വ്യക്തിപരമായ അനുഭവവും രാജ്യസഭാംഗമായിരിക്കെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എം.വി.ഗോവിന്ദൻ, വി.ജോയിയെ ജില്ലാ സെക്രട്ടറിയാക്കിയതിന് പരിച തീർത്തത്.

എന്നാൽ എം.എൽ.എ ആണെന്നത് മാത്രമല്ല ജില്ലയിലെ പാർട്ടിയിൽ ജോയിക്കെതിരെയുളള വിമർശനം. ദീർഘകാലം പാർട്ടി പ്രവർത്തനത്തിൽ നിന്ന് വിട്ടുനിന്ന് ബിസിനസ് രംഗത്തായിരുന്ന ജോയിക്ക് ജില്ലാ സെക്രട്ടറിക്ക് വേണ്ട രാഷ്ട്രീയ-സംഘടനാ ഉളളടക്കം ഇല്ലെന്നതാണ് ഒരു വിമർശനം.

പാർട്ടി വേദികളിൽ വിമർശനം ഉന്നയിക്കുന്നവരോട് ശത്രുതാപരമായി പെരുമാറുന്നു എന്നതാണ് ജോയിക്ക് എതിരായ മറ്റൊരു വിമർശനം. ഇതൊക്കെ കൊണ്ടുതന്നെ തിരുവനന്തപുരം ജില്ലാ നേതൃത്വത്തിൽ മാറ്റം വരുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

Get more updates from Pudukad News on Google