"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകളുമായി ഏഴിമല നാവിക അക്കാദമിയിൽ ഒരു വർഷത്തോളം ജോലി; ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ, സുരക്ഷാ വീഴ്ചയ്ക്ക് പിന്നിൽ ആരെന്ന് അന്വേഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

കണ്ണൂർ: വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ചമച്ച് ഏഴിമല നാവിക അക്കാദമിയിൽ കരാർ ജോലി ചെയ്തുവരികയായിരുന്ന ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ.

 

ബിപ്ലബ് സോറൻ എന്ന വ്യാജപേരിലുള്ള മുപ്പത്തിരണ്ടുകാരനാണ് വെള്ളിയാഴ്ച നാവിക അധികൃതരുടെയും രഹസ്യാന്വേഷണ ഏജൻസികളുടെയും പിടിയിലായത്.


 അക്കാദമിയിലെ അലക്കുവിഭാഗത്തിൽ കരാർ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാവിക അധികൃതർ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇയാളെ നിരീക്ഷണത്തിലാക്കിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലും മൊബൈൽ ഫോൺ പരിശോധിച്ചതിലുമാണ് ഇയാൾ ബംഗ്ലാദേശ് പൗരനാണെന്ന് വ്യക്തമാക്കുന്ന രേഖകൾ കണ്ടെത്തിയത്.


ബാഗാളിലെ മുർഷിദാബാദ് സ്വദേശിയാണെന്ന പേരിലാണ് കഴിഞ്ഞ ഒരു വർഷമായി ഇയാൾ നേവൽ അക്കാദമിയിൽ ജോലി ചെയ്തിരുന്നത്. മുർഷിദാബാദ് പൊലീസിന്റെ പേരിൽ വ്യാജമായി നിർമിച്ച പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയായിരുന്നു ഇയാൾ അക്കാദമിയിൽ പ്രവേശിച്ചിരുന്നത്.

പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ നാവിക അധികൃതർ ഇയാളെ തുടർനടപടികൾക്കായി ലോക്കൽ പൊലീസിന് കൈമാറി.


ഇന്ത്യയിൽ താമസിക്കാൻ ആവശ്യമായ യാതൊരുവിധ സാധുവായ രേഖകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. രാജ്യത്തെ ഏറ്റവും തന്ത്രപ്രധാനമായ ഒരു നാവിക പരിശീലന കേന്ദ്രത്തിനുള്ളിൽ ഒരു വിദേശ പൗരന് വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ഒരു വർഷത്തോളം ജോലി ചെയ്യാൻ സാധിച്ചു എന്നത് വലിയ സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.


 

ഇയാൾക്ക് വ്യാജരേഖകൾ നിർമ്മിച്ച് നൽകിയതിന് പിന്നിൽ ആരെല്ലാമാണെന്നും, ഈ സുരക്ഷാ വീഴ്ചക്ക് പിന്നിൽ മറ്റെന്തെങ്കിലും ഗൂഢലക്ഷ്യങ്ങൾ ഉണ്ടോ എന്നും സുരക്ഷാ ഏജൻസികൾ ഇപ്പോൾ വിപുലമായ രീതിയിൽ അന്വേഷിച്ചുവരികയാണ്. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രേഖകളില്ലാതെ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശികളെ കണ്ടെത്താൻ പൊലീസ് നടപടികൾ ശക്തമാക്കുന്നതിനിടയിലാണ് ഈ ഗുരുതരമായ സംഭവം പുറത്തുവന്നിരിക്കുന്നത്.

Get more updates from Pudukad News on Google