കൊക്കയാർ വെംബ്ലി ഉറുമ്പിക്കര റോഡ് തകർന്ന നിലയിൽ. യാത്രക്കാർ ദുരിതത്തിൽ. പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളായ പാപ്പാനി, വെള്ളപ്പാറ തുടങ്ങിയ വെള്ളച്ചാട്ടങ്ങളിലേക്ക് എത്താനുള്ള എളുപ്പവഴിയാണിത്
Current: മലയാളം

കോട്ടയം: കൊക്കയാർ പാലമ്പടി മുതൽ വെംബ്ലി വരെയുള്ള റോഡിന്റെ പലഭാഗവും ടാറിങ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടു. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഉറുമ്പിക്കരയിൽ എളുപ്പത്തിൽ എത്താനുള്ള റോഡ് കൂടിയാണിത്.
മുണ്ടക്കയത്തു നിന്നും കൂട്ടിക്കൽ കൊക്കയാർ വഴിയും 35-ാം മൈൽ ബോയ്സ് എസ്റ്റേറ്റ് വഴിയും കൊക്കയാറ്റിൽ എത്തി വെംബ്ലി, കല്ലുതോട് വഴി ഉറുമ്പിക്കരയിൽ എത്താം. എന്നാൽ റോഡ് തകർന്നതോടെ പ്രദേശത്തേക്കുള്ള യാത്രാദുരിതം ദുസഹമായിരിക്കുകയാണ്.
കൂടാതെ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളായ പാപ്പാനി, വെള്ളപ്പാറ തുടങ്ങിയ വെള്ളച്ചാട്ടങ്ങളിലേക്ക് എത്താനുള്ള എളുപ്പവഴി കൂടിയാണിത്. സ്കൂൾ വിദ്യാർത്ഥികൾ അടക്കം വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
തനത് ഫണ്ട് തീർത്തും കുറവുള്ള കൊക്കയാർ പഞ്ചായത്തിന് കീഴിലാണ് കിലോമീറ്റർ ദൂരമുള്ള ഈ റോഡ്. പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുക്കാത്തതുകൊണ്ടുതന്നെ ഇതിന്റെ അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തം പഞ്ചായത്തിന്റെ ചുമലിലാണ്.
റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.




