കൃത്രിമ ബുദ്ധിയും കാലാവസ്ഥാ വ്യതിയാനവും തമ്മിൽ ബന്ധമുണ്ടോ ? ഓസോൺ പാളിയിലെ വിള്ളൽ ഇല്ലാതാക്കിയാലോ കിഗാലി ഭേദഗതി നടപ്പിലാക്കിയാലോ കുറയുന്നതാണോ വർദ്ധിച്ചുവരുന്ന ചൂട് ? ചൂടിൽ പൊരിയുന്ന നാട്ടിൽ !!
Current: മലയാളം

കേരളത്തിലടക്കം ഭൂമിയിലെ എല്ലാ ഭാഗത്തും ചൂട് കൂടിവരികയാണ്. ഈ ആഗോള പ്രതിഭാസത്തെ ക്രിയാത്മകവും ശാസ്ത്രീയമായും നേരിടുന്നതിന് പകരം മുൻ സർക്കാരിനെയും ഇന്ന് ഭരിക്കുന്നവരെയും പരസ്പരം പഴിചാരി സമയം വൃഥാവിലാക്കാതെ വരാനിരിക്കുന്ന തീച്ചൂള ആയിമാറാൻ പോകുന്ന നാടിനെ രക്ഷിക്കാനും ചൂടിനെ പ്രതിരോധിക്കാനും ഭരണകൂടവും സമൂഹവും ഒത്തൊരുമിച്ചുകൊണ്ട് എങ്ങനെ നേരിടും എന്നതിന്റെ ആലോചനയുടെ സമയം അതിക്രമിച്ചിരിക്കുന്നു.
സൂപ്പർ എൽനിനോ പ്രതിഭാസത്തിന്റെ മുന്നറിയിപ്പുകൾ ഭൂമിയും ഭൗമ ശാസ്ത്ര ലോകവും ഇതിനകം തന്നു കഴിഞ്ഞു. ഇനി അത് പരിഹരിക്കാനുള്ള മാർഗങ്ങൾ മനുഷ്യൻ കൊണ്ടുവരണം.
വരാനിരിക്കുന്ന ഒരു മഹാവിപത്തിനെ കേവലം കാലാവസ്ഥാ വ്യതിയാനമായി പറഞ്ഞുവെക്കാതെ യുദ്ധകാലാടിസ്ഥാനത്തിൽ അതിനു പരിഹാരം തേടുകയാണ് വേണ്ടത്.
കേരളത്തിൽ ഇലക്ട്രിസിറ്റിയുടെ ലഭ്യത കുറയുന്നതിന് കാരണങ്ങൾ പലതാണ്. അത് സർക്കാരുകളുടെ കെടുകാര്യസ്ഥതയായി ചിത്രീകരിക്കാതെ അടിയന്തിര നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. വികസിത രാജ്യങ്ങളിൽ നടപ്പിലാക്കിയ മാതൃകകൾ പഠിച്ഛ് അവയെ പിന്തുടരാൻ നമുക്ക് സാധിക്കണം.
അല്ലാതെ എഐ നിർമിത ഡാൻസുകൾകൊണ്ടോ മെഴുകുതിരി കത്തിച്ച പ്രതിഷേധങ്ങൾ കൊണ്ടോ പരിഹരിക്കാവുന്നതല്ല വരാനിരിക്കുന്ന മഹാവിപത്ത്.
ഭൂമികയിലെ സകല ജീവജാലങ്ങളെയും അവയുടെ ആവാസവ്യവസ്ഥക്കും പ്രതികൂലമായി സംഭവിച്ചേക്കാവുന്ന തിളച്ചുമറിയുന്ന ഈ ചൂടിനെ നിസ്സാരവത്കരിക്കാതെ നേരിടാൻ പൊതുസമൂഹത്തെ ബോധവൽക്കരിക്കുകയാണ് സർക്കാരുകൾ അടിയന്തിരമായി ചെയ്യേണ്ടത്.
എൽനിനോ ഒരു “ആഗോള പ്രതിസന്ധി” ആണെന്ന് പറയുക സാധ്യമല്ല. ഇത് ഒരു സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസമാണ്; മനുഷ്യർ മൂലമുണ്ടാകുന്ന ആഗോളതാപനം, തീവ്രമായ കാലാവസ്ഥ, ഭക്ഷ്യ അരക്ഷിതാവസ്ഥ, ജലക്ഷാമം, സാമ്പത്തിക ദുർബലത എന്നിവയുമായി സംയോജിപ്പിച്ചാണ് ഈ പ്രതിസന്ധി ഉണ്ടാകുന്നത്.
നിലവിലെ പ്രവചനങ്ങൾ അസാധാരണമാംവിധം ആശങ്കാജനകമാണ്. 2026-27-ൽ വളരെ ശക്തമായ എൽനിനോയ്ക്ക് 90% സാധ്യതയുണ്ടെന്നും ഒക്ടോബർ മുതൽ ഡിസംബർവരെ ഈ അസാധാരണ പ്രതിഭാസം ശക്തമാകാൻ 75% സാധ്യതയുണ്ടെന്നും 2026 സെപ്റ്റംബറിൽ യു.എസ്സിലെ National Oceanic Atmospheric Admiministation (NOAA) റിപ്പോർട്ട് ചെയ്തു.
വടക്കൻ അർദ്ധഗോളത്തിലെ ശൈത്യകാലത്ത് ഈ സംഭവം തുടരുമെന്ന് World Meterological Organisation (WMO) ഉം NOAA ഉം പ്രതീക്ഷിക്കുന്നു, ഈ പ്രവചനങ്ങൾ 2027 ഫെബ്രുവരി വരെ നീളാനും സാധ്യതയുണ്ട്.
സൂപ്പർ എൽനിനോ:
ചൂടാകുന്ന ഗ്രഹത്തിൽ നിന്നുള്ള മുന്നറിയിപ്പ് നാം അവഗണിക്കരുത്. ലോകം വീണ്ടും ശക്തമായ ഒരു പ്രകൃതിശക്തിയെ നേരിടാൻ പോകുന്നതിന്റെ മുന്നറിയിപ്പുകളുടെ സൈറൺ മുഴങ്ങിക്കഴിഞ്ഞു.
എൽനിനോ എന്ന പ്രതിഭാസം !! എന്നാൽ ഇത്തവണ ശാസ്ത്രജ്ഞർ അതിനെ അസാധാരണമായ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിൽ സംഭവിക്കുന്ന അസാധാരണമായ താപനം കാരണം 2026–27 കാലഘട്ടത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന എൽനിനോയെ ചില ശാസ്ത്രജ്ഞന്മാർ ഒരു “സൂപ്പർ എൽനിനോ” എന്ന് വിശേഷിപ്പിക്കുന്നു.
എൽനിനോ ഒരു പുതിയ പ്രതിഭാസമല്ല. മധ്യ-കിഴക്കൻ ഉഷ്ണമേഖലാ പസഫിക്കിൽ അസാധാരണമാംവിധം ചൂടുള്ള സമുദ്രജലം വികസിക്കുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ ചക്രമാണിത്.
അന്തരീക്ഷത്തിലേക്കുള്ള ആ വലിയ താപം പുറത്തുവിടുന്നത് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള കാലാവസ്ഥാ രീതികളെ അസ്വസ്ഥമാക്കുകയും ലോകമെമ്പാടുമുള്ള മഴ, താപനില, കൊടുങ്കാറ്റ്, കാറ്റ് എന്നിവയെ മാറ്റുകയും ചെയ്യും.
പേരിന്റെ ഉത്ഭവം
ഒരു ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് ഡിസംബർ മാസങ്ങളിൽ ചില വർഷങ്ങളിൽ കടൽവെള്ളത്തിന് ചൂട് കൂടുന്നത് ശ്രദ്ധയിൽപ്പെട്ട തെക്കേ അമേരിക്കൻ മത്സ്യത്തൊഴിലാളികൾ നൽകിയ ‘എൽ നിനോ ഡി നവിദാദ്’ (ക്രിസ്മസ് നാളിലെ കുഞ്ഞ്) എന്ന പേരിന്റെ ചുരുക്കരൂപമാണ് ‘എൽ നിനോ’ (കുഞ്ഞ് ആൺകുട്ടി) എന്ന് കരുതപ്പെടുന്നു. ആ പേര് ശാസ്ത്രഞമാർ ഈ പ്രതിഭാസത്തിന് നൽകി.
നിലവിലെ സാഹചര്യത്തെ വ്യത്യസ്തമാക്കുന്നത് എൽനിനോ ഇതിനകം ചൂടാകുന്ന ഒരു ഗ്രഹത്തിന്റെ മുകളിലേക്ക് എത്തുന്നു എന്നതാണ്. 2026 ഓഗസ്റ്റ് ആഗോളതലത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ മാസങ്ങളിലൊന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ളതിനേക്കാൾ ശരാശരി താപനില 1.65°C കൂടുതലാണ്. അതിനാൽ ഇതിനകം അമിതമായി ചൂടായ കാലാവസ്ഥാക്ക് എൽനിനോ ഒരു കാരണമായി പ്രവർത്തിക്കുന്നതായി കണക്കാക്കുന്നു.
ഇത് എത്ര കാലം നിലനിൽക്കും?
“എൽനിനോ അവസാനിക്കും” എന്ന് ശാസ്ത്രജ്ഞർക്ക് പറയാൻ കഴിയുന്ന കൃത്യമായ തീയതിയില്ല. എൽനിനോ സംഭവങ്ങൾ സാധാരണയായി നിരവധി മാസം മുതൽ ഏകദേശം ഒരു വർഷം അല്ലെങ്കിൽ അതിൽ കൂടുതൽ നീണ്ടുനിൽക്കും. എന്നിരുന്നാലും അവയുടെ തീവ്രത കാലക്രമേണ മാറുന്നു.
നിലവിലെ സംഭവത്തിന് അന്താരാഷ്ട്ര പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് 2026 അവസാനത്തിലും 2026–27 ലെ ശൈത്യകാലത്തും ഏറ്റവും ശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാം എന്നാണ്. 2026 അവസാനം വരെ നിലനിൽക്കാനുള്ള സാധ്യത WMO വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു.
എന്നാലും എൽനിനോ അവസാനിക്കുന്നതോടെ കാലാവസ്ഥാ പ്രതിസന്ധി അവസാനിക്കുന്നില്ല. ഹരിതഗൃഹ വാതക ഉദ്‌വമനം മൂലമുണ്ടാകുന്ന ആഗോളതാപനം എൽനിനോ ചക്രത്തിൽ നിന്ന് സ്വതന്ത്രമായി തുടരും.
മനുഷ്യജീവിതത്തിന് എന്ത് സംഭവിക്കും?
എല്ലായിടത്തും അനന്തരഫലങ്ങൾ ഒരുപോലെയാകണമെന്നില്ല. ചില പ്രദേശങ്ങളിൽ അമിതമായ മഴയും വെള്ളപ്പൊക്കവും ഉണ്ടയേക്കാം. മറ്റൊരിടത്ത് വരൾച്ചയും ജലക്ഷാമവും അനുഭവപ്പെടാം. അതിശക്തമായ ചൂടും ഉഷ്ണതരംഗങ്ങളും, വരൾച്ചയും, ജലക്ഷാമവും, വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും, കാട്ടുതീയും, വിളനാശവും വന്നേക്കാം.
ഇതിൻ ഫലമായി ഭക്ഷ്യവില വർദ്ധനവും ചില സമുദ്രങ്ങളിലെ മത്സ്യ ഉൽപാദനം കുറയാനും സാധ്യതയുണ്ട്. അതോടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശം സംഭവിച്ചേക്കാം. തണുപ്പിക്കലിനുള്ള ഉയർന്ന വൈദ്യുതി ആവശ്യകത, ആരോഗ്യപ്രശ്നങ്ങളും ചൂടുമായി ബന്ധപ്പെട്ട മരണങ്ങളും, ചില പകർച്ചവ്യാധി രോഗങ്ങളും ആവിർഭവിക്കും.
ഇന്ത്യയിൽ വൈകിയെത്തുന്ന മൺസൂൺ സാഹചര്യങ്ങൾക്കും, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിനും രോഗവ്യാപനത്തിനും, ദക്ഷിണാഫ്രിക്കയിലെ വരൾച്ചയ്ക്കും, മറ്റിടങ്ങളിൽ സമുദ്ര ആവാസവ്യവസ്ഥയ്ക്ക് കേടുപാടുകളും എൽനിനോ കാരണമാകുമെന്ന് നാസ അഭിപ്രായപ്പെടുന്നു.
“എൽനിനോയുടെ” അനന്തരഫലങ്ങൾ ഒടുവിൽ എല്ലാ വീട്ടിലും എത്താം. വിളകൾ പരാജയപ്പെടുമ്പോൾ ഭക്ഷണം ചെലവേറിയതായിത്തീരുന്നു. ജലസംഭരണികൾ കുറയുമ്പോൾ കുടിവെള്ളവും കൃഷിയും ഭീഷണിയിലാകുന്നു.
താപനില ഉയരുമ്പോൾ വൈദ്യുതി ഉപഭോഗം വർദ്ധിക്കുന്നു. വെള്ളപ്പൊക്കം റോഡുകളും വീടുകളും നശിപ്പിക്കുമ്പോൾ പുനർനിർമ്മാണത്തിനായി സർക്കാരുകൾ കോടിക്കണക്കിന് രൂപ ചെലവഴിക്കേണ്ടിവരുന്നു.
സർക്കാരുകൾ എന്തുചെയ്യണം?
ദുരന്തം വരുന്നതുവരെ കാത്തിരിക്കുക എന്നതല്ല സർക്കാരുകൾ ചെയ്യേണ്ടത്. അപകടാവസ്ഥ മുൻകൂട്ടി കണ്ട് പ്രതിവിധികൾ സമയബന്ധിതമായി ഒരുക്കണം.
(1) സർക്കാരുകൾ നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. കാലാവസ്ഥാ ഏജൻസികൾ സമുദ്രങ്ങൾ, മഴ, താപനില, വരൾച്ച, വെള്ളപ്പൊക്ക സാധ്യതകൾ എന്നിവ നിരന്തരം നിരീക്ഷിക്കുകയും സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ മുന്നറിയിപ്പുകൾ നൽകുകയും വേണം.
(2) വെള്ളം സംരക്ഷിക്കണം. ജലസംഭരണികൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം, മഴവെള്ള സംഭരണം നടത്തണം, ഭൂഗർഭജലം സംരക്ഷിക്കണം. ജലക്ഷാമത്തിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും നഗരങ്ങൾ തയ്യാറെടുക്കണം.
(3) കൃഷിക്ക് സംരക്ഷണം ആവശ്യമാണ്. കർഷകർക്ക് നേരത്തെയുള്ള കാലാവസ്ഥാ വിവരങ്ങൾ, വരൾച്ചയെ പ്രതിരോധിക്കുന്നതും ചൂടിനെ പ്രതിരോധിക്കുന്നതുമായ വിള ഇനങ്ങൾ, വിള ഇൻഷുറൻസ്, ഉചിതമായ ജലസേചന പിന്തുണ എന്നിവ ലഭ്യമാക്കണം.
(4) സർക്കാരുകൾ കടുത്ത ചൂടിനെ നേരിടാൻ തയ്യാറാകണം. നഗരങ്ങൾക്ക് പ്രാദേശിക ഭരണകൂടവുമായി ചേർന്ന് ചൂട്-പ്രവർത്തന പദ്ധതികൾ കൊണ്ടുവരണം.
തണുപ്പിക്കൽ കേന്ദ്രങ്ങൾ, കുടിവെള്ള സൗകര്യങ്ങൾ, തണലുള്ള പൊതുസ്ഥലങ്ങൾ, പ്രായമായവർക്ക് തണുപ്പുള്ള വയോജന കേന്ദ്രങ്ങൾ, പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് മതിയായ സംരക്ഷണം, ചുഴലിക്കാറ്റുകളുടെയു, തീവ്രമായ മഴയുടെയും മുന്നറിയിപ്പുകൾ എന്നിവക്ക് പ്രത്യേക സംവിധാനവും സംരക്ഷണവും ഭരണകൂടങ്ങൾ നടപ്പിലാക്കണം.
കൃത്രിമ ബുദ്ധിയും (എഐ) കാലാവസ്ഥാ വ്യതിയാനവും വർദ്ധിച്ചുവരുന്ന ചൂടും !
കൃത്രിമ ബുദ്ധിയുടെ (എഐ) ദ്രുതഗതിയിലുള്ള വളർച്ച പ്രത്യേകിച്ച് ചാറ്റ്ജിപിറ്റി പോലുള്ള സംവിധാനങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം, മനുഷ്യരാശിക്ക് വലിയ നേട്ടങ്ങൾ നൽകിയിട്ടുണ്ട്.
അതേസമയം, അതൊരു പ്രധാന വെല്ലുവിളി ഉയർത്തുന്നുമുണ്ട്. എഐയുടെ വർദ്ധിച്ചുവരുന്ന ഉപയോഗം നമ്മുടെ ഗ്രഹത്തിന് തന്നെ ഒരു ഭാരമായി മാറാൻ സാധ്യതയുണ്ടോ ?
ആയിരക്കണക്കിന് ശക്തമായ കമ്പ്യൂട്ടറുകൾ അടങ്ങിയ വലിയ ഡാറ്റാ സെന്ററുകളെയാണ് എഐ സംവിധാനങ്ങൾ ആശ്രയിക്കുന്നത്. ഈ യന്ത്രങ്ങൾ വലിയ അളവിൽ വൈദ്യുതി ഉപയോഗിക്കുകയും കാര്യമായ അളവിൽ ചൂട് പുറത്തുവിടുകയും ചെയ്യുന്നു. ഉപകരണങ്ങൾ സുരക്ഷിതമായി പ്രവർത്തിപ്പിക്കാൻ ഡാറ്റാ സെന്ററുകൾക്ക് ശീതീകരണം (cooling) ആവശ്യമാണ്.

പലയിടത്തും ഇതിനായി വലിയ അളവിൽ വെള്ളം ഉപയോഗിക്കേണ്ടിവരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളും ഇതിനകം തന്നെ ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ. ഈ വിഷയം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ശുദ്ധീകരിച്ച ജലം ഇതിനായി ഉപയോഗിക്കുമ്പോൾ.
എന്നാൽ കടുത്ത വേനൽക്കാലവും ആഗോള താപനിലയിലെ വർദ്ധനവും AI മൂലമാണ് തുടങ്ങിയതെന്ന് പറയാനാകില്ല. ഫോസിൽ ഇന്ധനങ്ങൾ, വനനശീകരണം, വ്യവസായം, ഗതാഗതം, യുദ്ധങ്ങൾക്കായി അമിതമായ മിസൈൽ/യുദ്ധോപകരങ്ങളുടെ ഉപയോഗം മറ്റ് മനുഷ്യ നിർമ്മിത പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നുള്ള ദശാബ്ദങ്ങളായുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലാണ് ആഗോളതാപനത്തിന് പ്രധാന കാരണം.

(യൂറോപ്പിൽ ഇയ്യിടെ ഉണ്ടായ കാട്ടുതീ)
ദീർഘ നാളുകളായി നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെയുള്ള താപനമാണ് കടുത്ത ചൂടുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ വർദ്ധിപ്പിച്ചത്. അതേസമയം, പ്രകൃതിദത്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ചില വർഷങ്ങളിലോ പ്രദേശങ്ങളിലോ ചൂട് കൂടുതൽ തീവ്രമാവാറുണ്ടെങ്കിലും മനുഷ്യ നിർമ്മിത സംഭവങ്ങളാണ് ഈ കാലഘട്ടത്തിൽ ചൂട് വർധിക്കാനുണ്ടായ സാഹചര്യം.
കൃതിമ ബുദ്ധിയുടെ പങ്ക്
കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതി ഇതിനകം സമ്മർദ്ദം നേരിടുന്ന ഒരു ഘട്ടത്തിലാണ് കൃത്രിമ ബുദ്ധി (എഐ) യുടെ കടന്നുവരവ്. ഡാറ്റാ സെന്ററുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ക്രിപ്‌റ്റോകറൻസി മൈനിംഗ്, ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങൾ, മറ്റ് ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയുടെ വൻതോതിലുള്ള വിപുലീകരണം വൈദ്യുതി ഉപഭോഗം വർദ്ധിപ്പിക്കും.
വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന രീതി അനുസരിച്ച് കാർബൺ പുറന്തള്ളലും വർദ്ധിച്ചേക്കാം. ശീതീകരണത്തിനായി ഉപയോഗിക്കുന്ന വെള്ളം പ്രാദേശിക ജലസ്രോതസ്സുകളിൽ അധിക സമ്മർദ്ദം ചെലുത്താനും സാധ്യതയുണ്ട്.
അതുകൊണ്ട് എഐയെ തടയുകയല്ല, മറിച്ച് അതിനെ സുസ്ഥിരമാക്കുകയാണ് വേണ്ടത്. പുനരുപയോഗിക്കാവുന്ന ഊർജ്ജം, ഊർജ്ജക്ഷമതയുള്ള കമ്പ്യൂട്ടർ ചിപ്പുകൾ മെച്ചപ്പെട്ട ശീതീകരണ സംവിധാനങ്ങൾ ശീതീകരണത്തിന് ഉപയോഗിച്ച വെള്ളം പുനരുപയോഗിക്കൽ എന്നിവയെ സർക്കാരുകളും സാങ്കേതിക കമ്പനികളും പ്രോത്സാഹിപ്പിക്കണം.
കൂടാതെ, ജല-വൈദ്യുതി വിഭവങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ മാത്രം ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനും ശ്രദ്ധിക്കണം.
മനുഷ്യരാശിയുടെ ഏറ്റവും വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുക എന്നതാണ് AI-യുടെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ നമ്മളെ സഹായിക്കുമ്പോൾ തന്നെ അതിന് കാരണമാകുന്ന ഒന്നായി അത് മാറുന്നത് വൈരുദ്ധ്യമായിരിക്കും.
സാങ്കേതിക പുരോഗതിയും ആരോഗ്യകരമായ ഒരു ഗ്രഹവും തമ്മിലുള്ള തിരഞ്ഞെടുപ്പായി ഭാവി മാറാൻ പാടില്ല. ഇവ രണ്ടും കൈവരിക്കുക എന്നതാകണം നമ്മുടെ ലക്ഷ്യം.
ഓസോൺ പാളി, വർദ്ധിച്ചുവരുന്ന ചൂട്, കിഗാലി ഭേദഗതി
ഭൂമിയെ ഹാനികരമായ അൾട്രാവയലറ്റ് (യുവി) വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലുള്ള (സ്ട്രാറ്റോസ്പിയര്‍stratosphere) നേർത്ത വാതക പാളിയാണ് ഓസോൺ പാളി. ഇരുപതാം നൂറ്റാണ്ടിൽ സിഎഫ്‌സി (CFC) പോലുള്ള രാസവസ്തുക്കൾ ഈ പാളിക്ക് കേടുപാടുകൾ വരുത്തുകയും അന്റാർട്ടിക് മേഖലയിൽ ഓസോൺ പാളിയിൽ വിള്ളൽ (ozone hole) ഉണ്ടാക്കുകയും ചെയ്തു.

അതിനാൽ, ഓസോൺ സംബന്ധമായ പ്രശ്നം പ്രധാനമായും അൾട്രാവയലറ്റ് വികിരണവുമായി ബന്ധപ്പെട്ട ഒന്നാണ്. ഇന്നത്തെ അതികഠിനമായ ചൂടിന് നേരിട്ടുള്ള കാരണമല്ല അത്. കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, ചിലതരം ശീതീകരണ വാതകങ്ങൾ (refrigerant gases) തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ വർദ്ധനവാണ് ആഗോളതാപനത്തിന്റെ പ്രധാന കാരണം.
എങ്കിലും ഓസോൺ സംരക്ഷണം എയർ കണ്ടീഷനിംഗ് കാലാവസ്ഥാ വ്യതിയാനം എന്നിവ തമ്മിൽ സുപ്രധാനമായ ഒരു ബന്ധമുണ്ട്. ഓസോൺ പാളിയെ നശിപ്പിക്കുന്ന പല രാസവസ്തുക്കളും ശക്തമായ ഹരിതഗൃഹ വാതകങ്ങൾ കൂടിയായിരുന്നു.
മോൺട്രിയൽ പ്രോട്ടോക്കോളിന് കീഴിൽ സിഎഫ്‌സികളുടെ ഉപയോഗം നിയന്ത്രിച്ചതോടെ പല വ്യവസായങ്ങളും ഹൈഡ്രോഫ്ലൂറോകാർബണുകളിലേക്ക് (HFCs) മാറി. എച്ച്എഫ്‌സികൾ ഓസോൺ പാളിയെ നശിപ്പിക്കുന്നില്ലെങ്കിലും അവയിൽ ചിലതിന് ആഗോളതാപനത്തിന് കാരണമാകാനുള്ള ഉയർന്ന ശേഷിയുണ്ട്.
കിഗാലി പദ്ധതി
ഇവിടെയാണ് “കിഗാലി” ഭേദഗതിക്ക് പ്രാധാന്യമേറുന്നത്. 2016-ൽ റുവാണ്ടയിലെ കിഗാലിയിൽ അംഗീകരിച്ച ഈ ഭേദഗതി മോൺട്രിയൽ പ്രോട്ടോക്കോളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് എച്ച്എഫ്‌സികളുടെ – പ്രത്യേകിച്ച് എയർ കണ്ടീഷണറുകളിലും ശീതീകരണ സംവിധാനങ്ങളിലും ഉപയോഗിക്കുന്നവയുടെ – ഉൽപ്പാദനവും ഉപഭോഗവും ഘട്ടംഘട്ടമായി കുറയ്ക്കാൻ ലക്ഷ്യമിടുകയായിരുന്നു ഈ പദ്ധതിയുടെ തുടക്കം.
വരും പതിറ്റാണ്ടുകളിൽ എച്ച്എഫ്‌സികളുടെ ഉപയോഗം 80 ശതമാനത്തിലധികം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇത് പൂർണ്ണമായി നടപ്പിലാക്കിയാൽ 2100-ഓടെ ആഗോളതാപനിലയിലെ വർദ്ധനവ് ഏകദേശം 0.5 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ കഴിയുമെന്ന് യുഎൻഇപി (UNEP) കണക്കാക്കുന്നു.
എങ്ങനെ ചൂട് കുറയ്ക്കാം ?
ചൂടേറിയ പല പ്രദേശങ്ങളിലും അത്യന്താപേക്ഷിതമായ എയർ കണ്ടീഷനിംഗ് സംവിധാനങ്ങളുടെ ഉപയോഗം പൂർണ്ണമായും നിർത്തലാക്കുകയല്ല ഇതിനുള്ള പരിഹാരം മറിച്ച് ശീതീകരണ പ്രക്രിയയെ കൂടുതൽ പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവുമാക്കുകയാണ് വേണ്ടത്.
ആഗോളതാപനത്തിന് കാരണമാകുന്ന തോത് കുറഞ്ഞ ശീതീകരണ വാതകങ്ങൾ ഊർജ്ജക്ഷമതയുള്ള എയർ കണ്ടീഷണറുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ശീതീകരണ വാതകങ്ങളുടെ ശരിയായ പരിപാലനവും വീണ്ടെടുക്കലും ഉറപ്പാക്കാൻ സർക്കാരുകൾക്കും വ്യവസായങ്ങൾക്കും സാധിക്കും.
അതേസമയം, കൽക്കരി, എണ്ണ, വാതകം എന്നിവയുടെ ഉപഭോഗം കുറയ്ക്കുക, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ വർദ്ധിപ്പിക്കുക, വനങ്ങളെ സംരക്ഷിക്കുക, ഹരിതമേഖലകൾ വിപുലീകരിക്കുക എന്നിവ ആഗോളതാപനം എന്ന വലിയ പ്രശ്നത്തെ നേരിടാൻ അത്യന്താപേക്ഷിതമാണ്.
നമുക്ക് മുകളിലുള്ള ആകാശത്തെ സംരക്ഷിക്കാൻ രാജ്യങ്ങൾക്ക് ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുമെങ്കിൽ നമുക്ക് താഴെയുള്ള ഭൂമിയെ കൂടുതൽ തണുപ്പുള്ളതും സുരക്ഷിതവുമാക്കാനും ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കും.
2026 ഓഗസ്റ്റ് 26-ന് നേപ്പാൾ-ചൈന അതിർത്തിയിലുണ്ടായ ദുരന്തത്തിൽ വലിയ തോതിലുള്ള പാറക്കെട്ടുകളുടെയും ഹിമാനികളുടെയും (glaciers) തകർച്ചയും, അതിനെത്തുടർന്നുണ്ടായ വിനാശകരമായ വെള്ളപ്പൊക്കവും അവശിഷ്ടങ്ങൾ ഒഴുകിയെത്തുന്ന പ്രവാഹങ്ങളും (debris flows) ഉൾപ്പെടുന്നു.
കാലാവസ്ഥാ വ്യതിയാനം മാത്രമായിരുന്നില്ല ഇതിന് കാരണമെങ്കിലും, മനുഷ്യനിർമിത ആഗോളതാപനം ഹിമാലയൻ ഭൂപ്രദേശത്തിന്റെ ശക്തി കുറയ്ക്കാൻ കാരണമായിട്ടുണ്ടാകാമെന്ന് ‘വേൾഡ് വെതർ ആട്രിബ്യൂഷൻ’ (World Weather Attribution) ഗ്രൂപ്പിന്റെ പുതിയ വിശകലനം വ്യക്തമാക്കുന്നു. 2015-ലെ ഭൂകമ്പം അവശേഷിപ്പിച്ച ആഘാതങ്ങൾ ഉൾപ്പെടെയുള്ള ഭൗമശാസ്ത്രപരമായ ഘടകങ്ങളും ഇതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം എങ്ങനെയാണ് ഇതിൽ പങ്കുവഹിച്ചത് ?
ഓസോൺ പാളിയുടെ ശോഷണവും കാലാവസ്ഥാ വ്യതിയാനവും പരസ്പരം ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളാണെങ്കിലും, അവ രണ്ടും ഒന്നല്ല.
ഓസോൺ ശോഷണം: അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലുള്ള (stratosphere) ഓസോണിന്റെ അളവ് കുറയുന്നത് പ്രധാനമായും സി.എഫ്.സി (CFC) പോലുള്ള രാസവസ്തുക്കളാണ് ഇതിന് കാരണമാകുന്നത്. ഇത് കൂടുതൽ ഹാനികരമായ അൾട്രാവയലറ്റ് (UV) രശ്മികൾ ഭൂമിയിലെത്താൻ ഇടയാക്കുന്നു.
കാലാവസ്ഥാ വ്യതിയാനം: പ്രധാനമായും കാർബൺ ഡൈ ഓക്സൈഡ് (CO₂), മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ അളവ് വർധിക്കുന്നത് മൂലമുണ്ടാകുന്നത്. ഇവ അന്തരീക്ഷത്തിൽ താപം നിലനിർത്തുന്നു.
എന്നാൽ നേപ്പാളിലെ ദുരന്തം ഓസോൺമൂലമല്ല മറിച്ച് കാലാവസ്ഥാ വ്യതിയാനമാണെന്നാണ് ശാസ്ത്രീയ തെളിവുകൾ സൂചിപ്പിക്കുന്നത്. താപനിലയിലുള്ള വർധന, ഹിമാനികൾ പിൻവാങ്ങൽ, പെർമാഫ്രോസ്റ്റ് ഉരുകൽ എന്നിവയിലേക്കാണ് നേപ്പാൾ ദുരന്തം ഉണ്ടായത്.
കാലാവസ്ഥാ വ്യതിയാനം ചൂടേറിയ വേനൽക്കാലത്തെയും സമുദ്രനിരപ്പ് ഉയരുന്നതിനെയും മാത്രമല്ല സൂചിപ്പിക്കുന്നതെന്ന മുന്നറിയിപ്പാണ് നേപ്പാൾ ദുരന്തം. ഹിമാലയത്തിൽ ഉയരുന്ന താപനില ഹിമാനികളെ ഉരുകാനും, തണുത്തുറഞ്ഞ പർവത മണ്ണിനെ ഉരുക്കാനും, ചരിവുകളെ അസ്ഥിരപ്പെടുത്താനും, ലോകത്തിലെ വലിയ പർവതനിരകളെ കൂടുതൽ ദുർബലമായ മേഖലകളാക്കി മാറ്റാനും കഴിയും.
ചൂടിനെ അതിജീവിക്കാൻ കഴിയണം
സമൂഹത്തിന്റെ പങ്കാളിത്തത്തോടെയുള്ളതും സുസ്ഥിരവുമായ പരിഹാരങ്ങളിലുമാണ് ഭാവിയിലേക്കുള്ള വഴികൾ കാണേണ്ടത്. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ശേഷിയുള്ള കൃഷിരീതികൾ, മെച്ചപ്പെട്ട ജലവിഭവ പരിപാലനം, മികച്ച ഉപജീവനമാർഗ്ഗങ്ങൾ എന്നിവ പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചുകൊണ്ട് തന്നെ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കുടുംബങ്ങളെയും നാട്ടുകാരെയും ബോധവൽക്കരിക്കണം.
സുസ്ഥിരമായ കൃഷിരീതികളും വരുമാനമാർഗ്ഗങ്ങളും ലഭ്യമാക്കിക്കൊണ്ട് സ്ത്രീകളെ ശാക്തീകരിക്കുന്നത് കുടുംബങ്ങളെ മാത്രമല്ല, മറിച്ച് മുഴുവൻ സമൂഹത്തെയും ശക്തിപ്പെടുത്തുന്നു.
കാലാവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങളിൽ മനുഷ്യർ സധാ ജാഗ്രത പുലർത്തണം. എങ്കിൽ മാത്രമേ പരിസ്ഥിതിയെ സംരക്ഷിക്കാനും ജീവനും ആരോഗ്യവും ഭാവിയും സംരക്ഷിക്കാനും കഴിയൂ- പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ നേരിടുന്ന ഈ കാലഘട്ടത്തിൽ.
ഇന്ന് നാം സ്വീകരിക്കുന്ന തീരുമാനങ്ങളായിരിക്കും നാളെ നാം ജീവിക്കുന്ന ലോകത്തെ രൂപപ്പെടുത്തുക, ഭാവി തലമുറയെ കെട്ടിപ്പടുക്കുക.
– ഹസ്സൻ തിക്കോടി (hassanbatha@gmail.com, 9747883300- Eranghikkal-Kozhikode)




