ഏഴാം ക്ലാസിലെത്തിയിട്ടും കുട്ടികൾക്ക് കണക്കും അക്ഷരവും വശമില്ല. കർണാടകയിൽ 180 പ്രൈമറി സ്കൂൾ അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. ദാരുണമായ നിലവാരത്തകർച്ച പുറത്തുകൊണ്ടുവന്നത് എം.എൽ.എയുടെ മിന്നൽ സന്ദർശനം. കർശന നടപടികളിലേക്ക് സർക്കാർ
Current: മലയാളം

ബംഗളൂരു: ഏഴാം ക്ലാസ്സിലെത്തിയിട്ടും ലളിതമായ കണക്കുകൂട്ടലുകൾ നടത്താനോ മാതൃഭാഷയിലെ അടിസ്ഥാന അക്ഷരങ്ങൾ തെറ്റുകൂടാതെ എഴുതാനോ സാധിക്കാത്തവിധം കുട്ടികളിൽ പഠന പിന്നാക്കാവസ്ഥ രൂക്ഷമായതിനെത്തുടർന്ന് കർണാടകയിൽ അധ്യാപകർക്കെതിരെ കർശന നടപടി.
സംസ്ഥാനത്തെ ചിക്ബല്ലാപൂർ താലൂക്കിലെ വിവിധ പ്രൈമറി സ്കൂളുകളിലെ 180 അധ്യാപകർക്കാണ് ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
പ്രാദേശിക എം.എൽ.എ പ്രദീപ് ഈശ്വർ മണ്ഡലത്തിലെ സ്കൂളുകളിൽ നടത്തിയ അപ്രതീക്ഷിത മിന്നൽ സന്ദർശനമാണ് പ്രൈമറി തലത്തിലെ അതീവ ദാരുണമായ വിദ്യാഭ്യാസ നിലവാരത്തകർച്ച പൊതുസമൂഹത്തിന് മുന്നിൽ വെളിച്ചത്തുകൊണ്ടുവന്നത്.
ഉയർന്ന ക്ലാസുകളിലെത്തിയ പല കുട്ടികൾക്കും പ്രാഥമിക സംഖ്യാക്രിയകൾ ചെയ്യാനോ സ്വന്തം മാതൃഭാഷയായ കന്നഡയിലെ അക്ഷരങ്ങൾ കൂട്ടിവായിക്കാനോ സാധിക്കുന്നില്ലെന്ന് നേരിൽ ബോധ്യപ്പെട്ട എം.എൽ.എയുടെ നിർദ്ദേശപ്രകാരം വിദ്യാഭ്യാസ വകുപ്പ് ബി.ആർ.പി, സി.ആർ.പി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ സമഗ്രമായ ഗുണനിലവാര പരിശോധന സംഘടിപ്പിക്കുകയായിരുന്നു.
തുടർന്ന് കുട്ടികൾക്ക് തൃപ്തികരമായ പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്ത ക്ലാസുകളും മുൻ വർഷങ്ങളിൽ ഇവർക്ക് ക്ലാസെടുത്ത അധ്യാപകരുടെയും വിവരങ്ങൾ കൃത്യമായി ശേഖരിച്ചാണ് വകുപ്പുതല നടപടികളിലേക്ക് നീങ്ങിയത്.
കുട്ടികളുടെ അടിസ്ഥാന ശേഷീവികസനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടിക്കണക്കിന് രൂപ പദ്ധതികൾക്കായി മാറ്റിവെക്കുമ്പോൾ പഠനകാര്യത്തിൽ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം കടുത്ത അനാസ്ഥകൾ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
അധ്യാപകരിൽ നിന്ന് ലഭിക്കുന്ന വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ സർവീസ് ചട്ടങ്ങൾ പ്രകാരമുള്ള സ്ഥലംമാറ്റവും ഇൻക്രിമെന്റ് തടഞ്ഞുവെക്കലുമടക്കമുള്ള തുടർ ശിക്ഷാനടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.




