തിരുവനന്തപുരത്ത് അഞ്ച് വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; നെയ്യാറ്റിൻകര ഡിവൈഎസ്‍പി അന്വേഷിക്കും, കിണറ്റിലെ വെള്ളം പരിശോധിച്ചു
Current: മലയാളം

തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ച് വയസ്സുകാരന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ബാലരാമപുരം കോട്ടുകാൽക്കോണം സ്വദേശികളായ ദിലീപ്-ശ്രുതി ദമ്പതികളുടെ മകൻ ദീപക്കിനെയാണ് ഇന്നലെ വൈകിട്ട് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയെ കാണാനില്ലെന്ന് ഉച്ചയോടെ രക്ഷിതാക്കൾ ബാലരാമപുരം പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സമീപത്തെ കിണറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
നെയ്യാറ്റിൻകരയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്.
സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി സ്റ്റുവർട്ട് കില്ലറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തും.
കുട്ടിയെ കണ്ടെത്തിയ കിണറ്റിലെ വെള്ളം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകളും അന്വേഷണവും തുടരുകയാണ്.
മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ.




