ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്നതിന് മുന്‍പ് മറ്റൊരാൾക്ക് നഗ്നചിത്രങ്ങളയച്ച അമ്മയ്ക്ക് “കുറഞ്ഞ ധാർമ്മിക ഗുണനിലവാരം”: മക്കളുടെ വളർച്ചയെയും ഭാവിക്ഷേമത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി
Current: മലയാളം

ചെന്നൈ: ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്നതിന് മുന്‍പ് മറ്റൊരു വ്യക്തിക്ക് സ്വന്തം നഗ്‌ന-അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ അയച്ചു നല്‍കിയെന്നും വൈകിട്ട് നീണ്ട ഫോണ്‍, വീഡിയോ കോളുകള്‍ നടത്തിയെന്നും സമ്മതിച്ച യുവതിക്ക് മക്കളുടെ സംരക്ഷണം നിഷേധിച്ച് മദ്രാസ് ഹൈക്കോടതി.
യുവതിക്ക് ‘കുറഞ്ഞ ധാര്‍മ്മിക ഗുണനിലവാരമാണുള്ളത്’ എന്ന് നിരീക്ഷിച്ചാണ് കോടതി ഏഴും ഒമ്പതും വയസ്സുള്ള രണ്ട് ചെറിയ കുട്ടികളുടെ കസ്റ്റഡി അമ്മയ്ക്ക് നല്‍കാന്‍ വിസമ്മതിച്ചത്. പി.ടി. ആശ, എന്‍. മാല എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.
കുട്ടികള്‍ കാര്യങ്ങള്‍ കണ്ടുപഠിക്കുന്ന പ്രായത്തിലാണെന്നും ഇത്തരം ഒരു സാഹചര്യത്തില്‍ അമ്മയോടൊപ്പം ജീവിക്കുന്നത് അവരുടെ ഭാവിക്ഷേമത്തിന് ദോഷകരമാകുമെന്നും സെപ്റ്റംബര്‍ 1-ലെ ഉത്തരവില്‍ കോടതി വ്യക്തമാക്കി.
കുഞ്ഞുങ്ങളെ അമ്മയുടെ സംരക്ഷണയില്‍ വിട്ടാല്‍, ഏതാണ് ധാര്‍മ്മികമായും നൈതികമായും ശരിയും തെറ്റുമെന്ന് തിരിച്ചറിയാന്‍ കഴിയാതെ അവര്‍ വളരുമെന്ന് നിരീക്ഷിച്ച ഹൈക്കോടതി, അമ്മയുടെ ഹര്‍ജി തള്ളിയ ഉദഗമണ്ഡലം ഫാമിലി കോടതിയുടെ വിധി ശരിവയ്ക്കുകയായിരുന്നു.
2015 മാര്‍ച്ച് 23-നായിരുന്നു ഇവരുടെ വിവാഹം. 2023 ഫെബ്രുവരിയിലാണ് ഭാര്യയുടെ ഫോണില്‍ നിന്ന് മറ്റ് പുരുഷന്മാര്‍ക്ക് അയച്ച നഗ്‌നചിത്രങ്ങളും വൈകിട്ടുള്ള വീഡിയോ കോള്‍ വിവരങ്ങളും ഭര്‍ത്താവ് കണ്ടെത്തിയത്. തുടര്‍ന്ന് ഭാര്യയെ സ്വന്തം വീട്ടിലാക്കിയെങ്കിലും മക്കള്‍ പിതാവിനൊപ്പം തുടര്‍ന്നു.
പിന്നീട് കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് യുവതി ഫാമിലി കോടതിയെ സമീപിച്ചെങ്കിലും 2025 ഓഗസ്റ്റ് 29-ന് ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഫാമിലി കോടതിയില്‍ വിചാരണ വേളയില്‍ ചിത്രങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ യുവതി തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
‘മാതാ, പിതാ, ഗുരു, ദൈവം’ എന്ന പഴഞ്ചൊല്ലിലൂടെ അമ്മയ്ക്ക് ദൈവത്തേക്കാള്‍ ഉയര്‍ന്ന സ്ഥാനം നല്‍കുന്ന സംസ്‌കാരമാണ് നമ്മുടേതെന്നും കുട്ടികളുടെ നന്മയും ഭാവിക്ഷേമവും മുന്‍നിര്‍ത്തി ഫാമിലി കോടതി എടുത്ത തീരുമാനം പൂര്‍ണ്ണമായും ശരിയാണെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.




