ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് പരാതി; പ്ലസ് വൺ വിദ്യാർഥികളെ മർദിച്ചെന്ന് ആരോപണം, 14 പേർക്കെതിരെ കേസ് | Bekoor Higher Secondary School
Current: മലയാളം

കാസർകോട്: ഉപ്പളയിലെ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ വീണ്ടും റാഗിങ് പരാതി (Bekoor Higher Secondary School). ഷൂ ധരിച്ചതിന്റെയും ഷർട്ടിന്റെ ആദ്യ ബട്ടൺ തുറന്നിട്ടതിന്റെയും പേരിൽ പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചെന്നാണ് പരാതി.
ഉച്ചയ്ക്ക് ശേഷം സ്കൂളിലേക്ക് പ്രവേശിക്കുന്നതിനിടെ പടിക്കെട്ടിന് സമീപം സീനിയർ വിദ്യാർഥികൾ തടഞ്ഞുനിർത്തി മർദിച്ചതായാണ് വിദ്യാർഥിയുടെ മൊഴി. കൈകൾ പിന്നിലേക്ക് ഒടിക്കുകയും കവിളിൽ അടിക്കുകയും ഷൂ ധരിച്ച കാലുകൊണ്ട് ചവിട്ടുകയും ചെയ്തതായി വിദ്യാർഥി ആരോപിച്ചു.
സംഭവത്തിൽ പ്ലസ് ടു വിദ്യാർഥികളായ 14 പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. സംഭവത്തിൽ നാല് വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സ്കൂളിൽ നേരത്തെയും റാഗിങ് പരാതികൾ ഉയർന്നിരുന്നതായാണ് വിവരം. സമാന സംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ സ്കൂൾ മാനേജ്മെന്റ് പലതവണ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും വീണ്ടും റാഗിങ് പരാതി ഉയർന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Summary:
A ragging complaint has been reported at Bekoor Higher Secondary School in Uppala, Kasaragod. Police have registered a case against 14 Plus Two students after Plus One students allegedly faced physical assault by seniors.




