പ്രശസ്ത ഹൃദ്രോഗ ചികിത്സാ വിദഗ്ധൻ പ്രഫ. ഡോ. ജി. വിജയരാഘവൻ അന്തരിച്ചു | Dr G Vijayaraghavan
Current: മലയാളം

തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗ ചികിത്സാ വിദഗ്ധനും തിരുവനന്തപുരം കിംസ് ആശുപത്രി വൈസ് ചെയർമാനുമായ പ്രഫ. ഡോ. ജി. വിജയരാഘവൻ (84) അന്തരിച്ചു (Dr G Vijayaraghavan). വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുനാളായി കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയായിരുന്നു അന്ത്യം.
2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ഡോ. വിജയരാഘവൻ ഇന്ത്യയിലെ മുൻനിര ഹൃദ്രോഗ വിദഗ്ധരിൽ ഒരാളായിരുന്നു. 1970കളുടെ അവസാനത്തിൽ ഇന്ത്യയിൽ ആദ്യമായി എക്കോകാർഡിയോഗ്രാഫി മെഷീൻ അവതരിപ്പിക്കുകയും അതുപയോഗിച്ച് ഹൃദ്രോഗ നിർണയം നടത്തുകയും ചെയ്തവരിൽ പ്രധാനിയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവിയായും പ്രഫസറായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലും അത്യാധുനിക ഹൃദ്രോഗ ചികിത്സ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതിനായി അദ്ദേഹം പ്രവർത്തിച്ചു. കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ, രാജ്യാന്തര മെഡിക്കൽ സംഘടനകളിൽ നിന്ന് നിരവധി പുരസ്കാരങ്ങളും ഫെലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്.
1942 സെപ്റ്റംബർ 18ന് കൊല്ലം ജില്ലയിലെ പെരുമ്പുഴയിലായിരുന്നു ജനനം. തിരുവനന്തപുരം മോഡൽ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1964ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദം നേടി. 1969ൽ ജനറൽ മെഡിസിനിൽ എംഡി പൂർത്തിയാക്കി. തുടർന്ന് വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പഠനം തുടർന്ന അദ്ദേഹം 1973ൽ കാർഡിയോളജിയിൽ സ്പെഷ്യലൈസ് ചെയ്തു.
പൊതുദർശനവും സംസ്കാരവും:
ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ തിരുവനന്തപുരം കിംസ്ഹെൽത്തിലെ ഓസ്ലർ ഹാളിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ കുമാരപുരത്തെ സ്വവസതിയായ ഗോവിന്ദത്തിൽ പൊതുദർശനമുണ്ടാകും. സംസ്ഥാന ബഹുമതികളോടെ വൈകിട്ട് അഞ്ചിന് ശാന്തികവാടത്തിൽ സംസ്കാരം നടക്കും.
ഭാര്യ: നളിനി വിജയരാഘവൻ. മക്കൾ: ഡോ. വിഷ്ണു വിജയരാഘവൻ (സിഡ്നി, ഓസ്ട്രേലിയ), കൃഷ്ണൻ വിജയരാഘവൻ (ബംഗളൂരു). മരുമകൾ: മീര കൃഷ്ണൻ.
Story Summary:
Renowned cardiologist Prof. Dr. G. Vijayaraghavan, a Padma Shri awardee and Vice Chairman of KIMS Hospital, Thiruvananthapuram, has passed away at the age of 84. He was among the early pioneers of echocardiography-based cardiac diagnosis in India.




