തെലങ്കാനയിലെ റീംസ് സർക്കാർ ആശുപത്രിയിലെ നവജാത ശിശു പരിചരണ വിഭാഗത്തിൽ വൻ തീപിടുത്തം: എ.സി പൊട്ടിത്തെറിച്ച് പുക പടർന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; അപകടസമയത്ത് വാർഡിലുണ്ടായിരുന്ന 27 കുട്ടികളിൽ ബാക്കിയുള്ളവരെ അത്ഭുതകരമായി രക്ഷപ്പെടുത്തി മറ്റ് ആശുപത്രികളിലേക്ക് മാറ്റി; സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
Current: മലയാളം

ഹൈദരാബാദ്: തെലങ്കാനയിലെ ആദിലാബാദിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലെ പ്രത്യേക നവജാത ശിശു പരിചരണ വിഭാഗത്തില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ രണ്ട് നവജാത ശിശുക്കള്‍ മരിച്ചു.
എയര്‍ കണ്ടീഷണര്‍ യൂണിറ്റിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് എ.സി പൊട്ടിത്തെറിച്ച് വാര്‍ഡില്‍ പെട്ടെന്ന് തീയും പുകയും പടരുകയായിരുന്നുവെന്ന് ആദിലാബാദ് കളക്ടര്‍ രാജര്‍ഷി ഷാ അറിയിച്ചു.
അപകടസമയത്ത് 27 നവജാത ശിശുക്കളാണ് വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടി സംഭവസ്ഥലത്തും മറ്റൊരു കുട്ടി ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്.
ബന്ധുക്കള്‍ കുഞ്ഞുങ്ങളെയുമെടുത്ത് പുറത്തേക്കോടിയതോടെ വലിയ പരിഭ്രാന്തിയുണ്ടായി. ആശുപത്രി ജീവനക്കാര്‍ ഉടന്‍ തന്നെ വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ബാക്കിയുള്ള 22 കുഞ്ഞുങ്ങളെ സമീപത്തെ വാര്‍ഡുകളിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീയണച്ചെങ്കിലും, പുക ശ്വസിച്ചതിനെ തുടര്‍ന്ന് ചില കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. പോലീസും കളക്ടറും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും കേസ്സെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കുഞ്ഞുങ്ങളുടെ മകരണത്തില്‍ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി തീവ്രമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട അദ്ദേഹം, സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും അഗ്‌നിശമന സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.




