പൊതുസ്ഥലങ്ങളിൽ ബാനറും ഫ്ലെക്സും കൊടിതോരണങ്ങളും പോസ്റ്ററുകളും സ്ഥാപിക്കാൻ വിലക്ക്; ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇരിമ്പിളിയം പഞ്ചായത്തിൽ നിരോധനം, നിയമം ലംഘിച്ചാൽ ഓരോ ബോർഡിനും 5,000 രൂപ പിഴ
Current: മലയാളം

ഇരിമ്പിളിയം: കേരള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിൽ ബാനറുകൾ, ഫ്ലെക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നത് പൂർണമായി നിരോധിച്ചതായി പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
പൊതുസ്ഥലങ്ങൾ, റോഡുകൾ, ട്രാഫിക് ഐലന്റുകൾ, ഇലക്ട്രിക് പോസ്റ്റുകൾ എന്നിവിടങ്ങളിൽ ഇത്തരം പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാൻ പാടില്ല. ഉത്തരവ് ലംഘിച്ച് അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോർഡിനും ബാനറിനും 5,000 രൂപ വീതം പിഴ ഈടാക്കും.
ഇവ നീക്കം ചെയ്യുന്നതിനായി വരുന്ന ചെലവുകൾ കുറ്റക്കാരിൽനിന്ന് തന്നെ ഈടാക്കും. കൂടാതെ, നിരോധനം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി.
പൊതുജനങ്ങൾ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവർ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.




