"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

രാഷ്ട്രപതിക്ക് രണ്ടുതവണ പരാതി നൽകിയിട്ടും നടപടിയില്ല; ജനാധിപത്യാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുന്നു: വിഷയത്തിൽ ഇടപെടാനോ പരാതികളിൽ വ്യക്തമായ മറുപടി നൽകാനോ രാഷ്ട്രപതി തയ്യാറാകാത്തത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് കെ. സുധാകരൻ എം.പി

October 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഡൽഹി :രാജ്യത്ത് ജനാധിപത്യാവകാശങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും നേരെ ഗുരുതരമായ വെല്ലുവിളികൾ ഉയരുമ്പോഴും വിഷയത്തിൽ ഇടപെടാനോ പരാതികളിൽ വ്യക്തമായ മറുപടി നൽകാനോ രാഷ്ട്രപതി തയ്യാറാകാത്തത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് കെ. സുധാകരൻ എം.പി. പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഗുരുതരമായ ആശങ്കകളും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളും ഉന്നയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന് താൻ നേരത്തേ രണ്ടുതവണ കത്തുകൾ നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിൽ സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും ജനാധിപത്യ സംവിധാനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടാണ് കത്തുകൾ നൽകിയത്. എന്നാൽ, ഇത്രയും ഗൗരവമേറിയ വിഷയങ്ങളിൽ ഇതുവരെ വ്യക്തമായ മറുപടി ലഭിക്കാത്തത് ജനാധിപത്യ വിശ്വാസികളെ നിരാശപ്പെടുത്തുന്നതാണ്.


തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പരാതികൾ ഏകോപിപ്പിച്ച് ഇന്ത്യാ മുന്നണിയും രാഷ്ട്രപതിയുടെ ശ്രദ്ധയിൽ വിഷയങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കേണ്ട ഭരണഘടനാ സ്ഥാപനത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയരുമ്പോൾ, പരാതികൾ പരിശോധിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരികയാണ് വേണ്ടത്. ആരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ അവയുടെ നിജസ്ഥിതി പരിശോധിക്കാതെ തെളിവുകൾ എവിടെയാണെന്ന് ചോദിച്ച് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം അംഗീകരിക്കാനാവില്ല.


ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ ചോദ്യങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാക്കളെയും എം.പിമാരെയും തെരുവിൽ വലിച്ചിഴയ്ക്കുകയും ബലപ്രയോഗത്തിലൂടെ നേരിടുകയും ചെയ്യുന്ന കാഴ്ചകളാണ് രാജ്യതലസ്ഥാനത്തുനിന്ന് പുറത്തുവരുന്നത്. ജനപ്രതിനിധികൾക്കുപോലും സമാധാനപരമായി പ്രതിഷേധിക്കാനും തങ്ങളുടെ നിലപാടുകൾ പ്രകടിപ്പിക്കാനും കഴിയാത്ത സാഹചര്യം രാജ്യത്തിന്റെ ജനാധിപത്യാരോഗ്യത്തെക്കുറിച്ച് ഗൗരവമായ ആശങ്കകൾ ഉയർത്തുന്നു.

നിയമവും ക്രമസമാധാനവും സംരക്ഷിക്കേണ്ട പോലീസിനെ രാഷ്ട്രീയ വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ഉപകരണമായി മാറ്റരുത്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ അതിക്രമം നടത്തുന്നതും ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്നതും വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകുന്നതുമെല്ലാം ജനാധിപത്യത്തിന്റെ അന്തസ്സിന് നിരക്കാത്ത നടപടികളാണ്. പ്രതിഷേധിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ട പോലീസുതന്നെ അവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യം ഒരിക്കലും അംഗീകരിക്കാനാവില്ല.

ജനാധിപത്യം എന്നത് തിരഞ്ഞെടുപ്പ് നടത്തുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. ഭരണകൂടത്തെ ചോദ്യം ചെയ്യാനും വിയോജിപ്പ് പ്രകടിപ്പിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോഴാണ് ജനാധിപത്യം അർത്ഥവത്താകുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനവും പൗരന്മാരുടെ അവകാശങ്ങളും ഉറപ്പാക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്.

രാഷ്ട്രപതിക്ക് നൽകിയ രണ്ട് കത്തുകളിലും ഉന്നയിച്ച വിഷയങ്ങളിൽ അടിയന്തരമായി ഇടപെട്ട് വ്യക്തമായ മറുപടി നൽകണം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പരാതികളിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുകയും ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുകയും വേണം. ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ ഭരണഘടനാ സംവിധാനങ്ങളുടെ ഉത്തരവാദിത്വമാണ്. അതിൽനിന്ന് ആരും ഒഴിഞ്ഞുമാറരുതെന്നും കെ. സുധാകരൻ എം.പി. ആവശ്യപ്പെട്ടു.

 

 

Get more updates from Pudukad News on Google