ഇന്ത്യാ ഗേറ്റിൽ പ്രതിഷേധിച്ച അങ്കിത ഭണ്ഡാരിയുടെ കുടുംബത്തേയും കോൺഗ്രസ് പ്രവർത്തകരെയും പുലർച്ചെ ഒഴിപ്പിച്ച് പൊലീസ്

Current: മലയാളം

ന്യൂഡൽഹി: അങ്കിത ഭണ്ഡാരി വധക്കേസിൽ നീതിയാവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ച കുടുംബത്തെയും സമരത്തിലുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് ഒഴിപ്പിച്ചു.
പുലർച്ചെ നാല് മണിയോടെയാണ് വൻ സന്നാഹത്തോടെയെത്തിയ പൊലീസ് പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് ബലമായി നീക്കം ചെയ്തതും പ്രവർത്തകരെ തടവിലാക്കിയതും.
ബിജെപി നേതാക്കൾ പ്രതിയായ കേസിൽ നീതി ആവശ്യപ്പെട്ടും, കുറ്റാരോപിതനായ ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചതിനെതിരെയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന മിന്നൽ സമരത്തിന് പിന്നാലെയായിരുന്നു പൊലീസിന്റെ നടപടി.
ദുഷ്യന്ത് കുമാറിന്റെ നിയമനം റദ്ദാക്കുന്നത് വരെ ഉറച്ചുനിൽക്കുമെന്ന് അങ്കിത ഭണ്ഡാരിയുടെ മാതാവ് വ്യക്തമാക്കി.
‘അദ്ദേഹത്തിന്റെ (ദുഷ്യന്ത് ഗൗതം) നിയമനം പിൻവലിക്കുന്നത് വരെ ഞങ്ങൾ ഉറച്ചുനിൽക്കും. ഇവിടെ ഇരിക്കാൻ അനുവദിച്ചില്ലെങ്കിൽ, ഞങ്ങൾ സ്വന്തം വീട്ടിൽ തന്നെ നിരാഹാര സമരം കിടക്കും’ അങ്കിതയുടെ മാതാവ് പറഞ്ഞു.






