‘ശ്രദ്ധ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മാത്രം’: നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാതെ ജെ.ഡി വാൻസ് | JD Vance
Current: മലയാളം

വാഷിംഗ്ടൺ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പുനഃതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിൽ നിന്നും മാറിനിന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. ഇസ്രായേലിലെ തെരഞ്ഞെടുപ്പിൽ ഇടപെടാനില്ലെന്നും തന്റെ പൂർണ്ണ ശ്രദ്ധ വരാനിരിക്കുന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പുകളിലാണെന്നും ജെ ഡി വാൻസ് വ്യക്തമാക്കി.(JD Vance Refuses To Endorse Benjamin Netanyahu For Israeli Elections)
അഭിമുഖത്തിലാണ് ഇസ്രായേൽ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യത്തിന് വാൻസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ പിന്തുണ അന്താരാഷ്ട്ര തലത്തിൽത്തന്നെ ഏറെ സ്വാധീനമുള്ള ഒന്നാണെന്ന് സമ്മതിച്ച വാൻസ്, എന്നാൽ താൻ അമേരിക്കൻ സ്ഥാനാർത്ഥികൾക്ക് വേണ്ടിയാണ് പ്രചാരണം നടത്തുന്നതെന്ന് ഉറപ്പിച്ചുപറഞ്ഞു. നോർത്ത് കരോലിനയിൽ റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർത്ഥി മൈക്കിൾ വാറ്റ്ലിയുടെ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ വർഷം ഹംഗറിയിൽ വിക്ടർ ഓർബാന്റെ വലതുപക്ഷ പാർട്ടിക്ക് വേണ്ടി വാൻസ് പ്രചാരണത്തിന് പോയിരുന്നെങ്കിലും, ഇത്തവണ ഇസ്രായേലിന്റെ കാര്യത്തിൽ താൻ വിട്ടുനിൽക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അമേരിക്കയിൽ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂത വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാൻ റിപ്പബ്ലിക്കൻ പാർട്ടി പരിശ്രമിക്കുന്നതിനിടയിലാണ് വാൻസിന്റെ ഈ പരാമർശങ്ങൾ പുറത്തുവരുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ ഇസ്രായേൽ വിരുദ്ധരാണെന്ന് ആരോപിക്കാൻ റിപ്പബ്ലിക്കൻ പാർട്ടി ശ്രമിക്കുമ്പോഴും സ്വന്തം പാർട്ടിക്ക് ഉള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയാകുന്നുണ്ട്.
Story Summary
US Vice President JD Vance has stated he will not endorse Israeli Prime Minister Benjamin Netanyahu’s re-election bid, distancing himself from President Donald Trump’s endorsement. Vance highlighted that his primary political focus remains strictly on the upcoming US midterm elections rather than foreign contests. His remarks follow previous tensions over Israeli government opposition to Trump’s Iran diplomacy.



