പി.പി. ദിവ്യക്കെതിരെ വീണ്ടും കുരുക്ക് മുറുകുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്തെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. ‘കാർട്ടൺ ഇന്ത്യ’ കരാർ ക്രമക്കേടും ബിനാമി ഇടപാടും പരിശോധിക്കും. ഭർത്താവിന്റെ സ്വത്തുവിവരങ്ങളും അന്വേഷണ പരിധിയിൽ

Current: മലയാളം

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി. ദിവ്യക്കെതിരെ മറ്റൊരു നിർണ്ണായക കേസിൽ കൂടി കുരുക്ക് മുറുകുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.
ടെൻഡർ നടപടികൾ പാലിക്കാതെ ‘കാർട്ടൺ ഇന്ത്യ’ എന്ന സ്ഥാപനത്തിന് നിർമ്മാണ കരാർ നൽകിയെന്ന ഗുരുതര പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി പി.പി. ദിവ്യയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളും അനധികൃത സ്വത്തുവിവരങ്ങളും വിജിലൻസ് വിശദമായി പരിശോധിക്കും. കരാർ നേടിയ കാർട്ടൺ ഇന്ത്യ കമ്പനി ദിവ്യയുടെ ബിനാമി ഉടമസ്ഥതയിലുള്ളതാണെന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം.
കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിന്മേൽ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17(എ) പ്രകാരമാണ് സർക്കാർ അന്വേഷണാനുമതി നൽകിയത്.
മുൻപ് ഇതിന് അനുമതി നൽകാതിരുന്ന സർക്കാർ, നിലവിലെ സാഹചര്യത്തിൽ അന്വേഷണത്തിന് പച്ചക്കൊടി കാട്ടുകയായിരുന്നു.
ദിവ്യക്ക് പുറമെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫും വിജിലൻസ് അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ടെൻഡർ വ്യവസ്ഥകൾ അട്ടിമറിച്ച് കരാർ അനുവദിച്ചതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഒത്തുകളിയും ഫയൽ നീക്കങ്ങളും വിജിലൻസ് പരിശോധിക്കും.
എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തെത്തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുകയും പാർട്ടിയിൽ നിന്ന് കടുത്ത അച്ചടക്ക നടപടികൾ നേരിടുകയും ചെയ്ത ദിവ്യയ്ക്ക് പുതിയ വിജിലൻസ് കേസ് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.






