ഡബ്ലിനിൽ ടാക്സി ഡ്രൈവർമാരുടെ സ്ലോ ഡൗൺ സമരം; പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്ക്

Current: മലയാളം

ടാക്സി ഡ്രൈവർമാർ നടത്തിയ സ്ലോ ഡൗൺ പ്രതിഷേധത്തെ തുടർന്ന് ഡബ്ലിൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം കോണിങ്ഹാം റോഡിൽ ആരംഭിച്ച പ്രതിഷേധം മെറിയൻ സ്ക്വയറിലാണ് സമാപിക്കാനായി നിശ്ചയിച്ചിരുന്നത്.വോയിസ് ഓഫ് ടാക്സി ഡ്രൈവേഴ്സ് (വി ഒ ടി ഡി) എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ടാക്സി ഡ്രൈവർമാർക്ക് ന്യായമായ യാത്രാനിരക്കുകൾ ഉറപ്പാക്കുക, ബുക്കിങ് പ്ലാറ്റ്ഫോമുകൾ ഈടാക്കുന്ന കമ്മീഷനിൽ സുതാര്യത കൊണ്ടുവരിക, ടാക്സി മേഖലയ്ക്ക് മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.പ്രതിഷേധത്തിന്റെ ഭാഗമായി ടാക്സികൾ നിരത്തുകളിലൂടെ വേഗത കുറച്ച് സഞ്ചരിച്ചതോടെ നഗരമധ്യത്തിലെ ഗതാഗതം മന്ദഗതിയിലായി. ബസ് സർവീസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെയും ഇത് ബാധിച്ചു. യാത്രക്കാർക്ക് വിവിധ ഭാഗങ്ങളിൽ കാലതാമസം നേരിട്ടതായും റിപ്പോർട്ടുകളുണ്ട്.
ടാക്സി ബുക്കിങ് ആപ്പുകളുടെ കമ്മീഷൻ വ്യവസ്ഥകൾ, നിരക്കുകളിലെ സുതാര്യത, ഡ്രൈവർമാരുടെ വരുമാനം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളാണ് പ്രതിഷേധത്തിന് പിന്നിലെ പ്രധാന വിഷയങ്ങൾ. അയർലണ്ടിലെ ടാക്സി ഡ്രൈവർമാർ ഒന്നിച്ച് രംഗത്തിറങ്ങി തങ്ങളുടെ അവകാശങ്ങൾക്കും തൊഴിൽമേഖലയുടെ ഭാവിക്കും വേണ്ടി ശബ്ദമുയർത്തണമെന്ന് സംഘടന ആഹ്വാനം ചെയ്തു.





