"> Skip to content
Sample Header Banner
October 29, 2026
⌕
Breaking

നഴ്സുമാർ അതീവ സമ്മർദത്തിൽ; ആശുപത്രി കിടക്കകൾ ലഭിക്കാതെ ട്രോളിയിൽ കാത്തിരിക്കുന്നത് 777 രോഗികൾ

October 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

അയർലൻഡിലെ ആശുപത്രികളിൽ തിരക്ക് അപകടകരമായ നിലയിലാണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ നഴ്സിംഗ് യൂണിയൻ ആയ ഐ എൻ എം ഒ രംഗത്ത് വന്നു.ജീവനക്കാരുടെ കുറവും നിയമന നിയന്ത്രണങ്ങളും പ്രതിസന്ധി രൂക്ഷമാക്കുന്നതായും നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ അതീവ സമ്മർദ്ദത്തിലാണ് ജോലി ചെയ്യുന്നതെന്നും ഐ എൻ എം ഒ  ആരോപിച്ചു.

അയർലൻഡിലെ പൊതുആശുപത്രികളിൽ രോഗികൾക്ക് കിടക്കകൾ ലഭിക്കാത്ത സാഹചര്യം ഗുരുതരമാകുന്നു എന്നാണ് ഐ എൻ എം ഒ  കണക്കുകൾ നിർത്തി ചൂണ്ടിക്കാണിച്ചത്. രാജ്യത്താകെ 777 രോഗികളാണ് ആശുപത്രി കിടക്കകൾക്കായി കാത്തിരിക്കുന്നതെന്ന് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (ഐ എൻ എം ഒ) അറിയിച്ചത്. ഗാൽവേ, ലെറ്റർകെന്നി, സ്ലൈഗോ, മയോ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഏറ്റവും രൂക്ഷമായ സമ്മർദം അനുഭവപ്പെടുന്നത്.

ചൊവ്വാഴ്ച രാവിലെ എട്ടിന് രേഖപ്പെടുത്തിയ എച്ച്‌എസ്ഇ  കണക്കുകൾ പ്രകാരം രാജ്യത്താകെ 544 രോഗികൾ അത്യാഹിത വിഭാഗങ്ങളിൽ ട്രോളികളിൽ കിടന്ന് ആശുപത്രി കിടക്കകൾക്കായി കാത്തിരിക്കുകയായിരുന്നു. ഇവരിൽ നൂറിലധികം പേർക്ക് 24 മണിക്കൂറിലേറെ കാത്തിരിക്കേണ്ടിവന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആശുപത്രികളിലെ അമിത തിരക്ക് രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷയ്ക്ക് അപകടകരമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് ഐ എൻ എം ഒ ജനറൽ സെക്രട്ടറി ഫിൽ നി ഷീഗ്ധ മുന്നറിയിപ്പ് നൽകി. ബാങ്ക് ഹോളിഡേ വീക്കെണ്ടിനു ശേഷമുള്ള രോഗികളുടെ തിരക്ക് നേരിടുന്നതിൽ ആവശ്യമായ ആസൂത്രണം ഉണ്ടായില്ലെന്നും അവർ വിമർശിച്ചു.കിടക്കകൾ ലഭ്യമാകാത്തതിനാൽ രോഗികൾക്ക് ദീർഘനേരം ട്രോളികളിൽ കഴിയേണ്ടിവരുന്നത് ചികിത്സാ സൗകര്യങ്ങളെയും നഴ്‌സുമാരുടെ ജോലിഭാരത്തെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ആശുപത്രികളിലെ ജീവനക്കാരുടെ കടുത്ത ക്ഷാമം പരിഹരിക്കുക, നിയമനത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുക, രോഗികളുടെ എണ്ണം വർധിക്കുന്ന വിന്ററിനെ നേരിടാൻ ആശുപത്രികളെ സജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഐ എൻ എം ഒ മുന്നോട്ടുവയ്ക്കുന്നത്.

വിന്റർ അടുക്കുന്ന സാഹചര്യത്തിൽ ആവശ്യമായ ജീവനക്കാരെയും ആശുപത്രി കിടക്കകളെയും ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ആരോഗ്യരംഗത്ത് ഉയരുന്നുണ്ട്.രോഗികൾക്ക് സമയബന്ധിതമായി ചികിത്സയും സുരക്ഷിതമായ പരിചരണവും ഉറപ്പാക്കാൻ ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കണമെന്നും ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും ഐഎൻഎംഒ ആവശ്യപ്പെട്ടു.

Get more updates from Pudukad News on Google