"> Skip to content
Sample Header Banner
October 30, 2026
⌕
Breaking

സോമനാഥ് ക്ഷേത്രത്തിന് സമീപത്തെ മാംസാഹാര വിൽപ്പന നിരോധനം റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി | Gujarat High Court Somnath temple non veg ban

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

Gujarat High Court Somnath temple non veg ban

അഹമ്മദാബാദ്: സോമനാഥ് ക്ഷേത്രത്തിന് സമീപവും മറ്റ് ആറ് മേഖലകളിലും മാംസാഹാര വിഭവങ്ങളുടെ വിൽപ്പനയും സൂക്ഷിക്കലും നിരോധിച്ച സർക്കാർ വിജ്ഞാപനം റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി. നിരോധനത്തിനെതിരെ ഹോട്ടലുടമകൾ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നടപടി (Gujarat High Court Somnath temple non veg ban). ഹോട്ടലുടമകളുടെ ഉപജീവനമാർഗത്തെ ബാധിക്കുന്നതാണ് സർക്കാർ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിജ്ഞാപനം റദ്ദാക്കിയത്.

ഉത്തരവിനെതിരെ അപ്പീൽ നൽകുന്നതിനായി ഏഴ് ദിവസത്തെ സ്റ്റേ അനുവദിക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല. തുടർന്ന് രണ്ട് ദിവസത്തെ സ്റ്റേ കൂടി അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും അതും കോടതി നിരസിച്ചു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാർ അഭിഭാഷകൻ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനെ സമീപിക്കുകയും ഡിവിഷൻ ബെഞ്ചിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഭരണഘടനാ അവകാശം ചൂണ്ടിക്കാട്ടി ഹർജി

കഴിഞ്ഞ ഓഗസ്റ്റിലാണ് മാംസാഹാര വിഭവങ്ങളുടെ വിൽപ്പന നിരോധിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 19(1)(g) പ്രകാരം തൊഴിൽ, വ്യാപാരം, ബിസിനസ് എന്നിവ നടത്താനുള്ള പൗരന്മാരുടെ അവകാശത്തെ സർക്കാർ തീരുമാനം ലംഘിക്കുന്നുവെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അസ്റാർ മൻസൂരി വാദിച്ചു.

ന്യായമായ കാരണങ്ങളില്ലാതെ ഒരാളുടെ തൊഴിലിനോ ഉപജീവനമാർഗത്തിനോ അധികൃതർക്ക് തടസ്സം സൃഷ്ടിക്കാനാകില്ലെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ പരിഗണിച്ചാണ് കോടതി സർക്കാർ വിജ്ഞാപനം റദ്ദാക്കിയത്.

ആറ് മേഖലകളിൽ നിരോധനം

സോമനാഥ് ക്ഷേത്രത്തിന്റെ 500 മീറ്റർ ചുറ്റളവിലും ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന മറ്റ് ആറ് പ്രത്യേക മേഖലകളിലുമാണ് സർക്കാർ മാംസാഹാര വിൽപ്പന നിരോധിച്ചത്. തീർഥാടകരുടെ മതവികാരം വ്രണപ്പെടാതിരിക്കുകയാണ് നിരോധനത്തിന്റെ ലക്ഷ്യമെന്നായിരുന്നു സർക്കാറിന്റെ വിശദീകരണം.

എന്നാൽ അധികൃതർ തങ്ങളുടെ ഹോട്ടലുകൾ നിർബന്ധിച്ച് അടപ്പിച്ചെന്നും ഉദ്യോഗസ്ഥർ നിരന്തരം ഉപദ്രവിക്കുന്നുവെന്നും ഹോട്ടലുടമകൾ കോടതിയെ അറിയിച്ചു.

ഹോട്ടലുടമകളെക്കൊണ്ട് രേഖയിൽ ഒപ്പിടിച്ചെന്ന് പരാതി

ഒക്ടോബർ ഏഴിന് കേസ് ഹൈക്കോടതിയിൽ ആദ്യമായി പരിഗണിച്ച ദിവസം തന്നെ തഹസിൽദാർ ആറ് ഹോട്ടലുടമകളെയും പൊലീസ് ഔട്ട്‌പോസ്റ്റിലേക്ക് വിളിച്ചുവരുത്തി നിർബന്ധിച്ച് രേഖയിൽ ഒപ്പിടിച്ചെന്നാണ് ഹർജിക്കാരുടെ ആരോപണം.

ഭാവിയിൽ മാംസാഹാര വിഭവങ്ങൾ വിൽക്കില്ലെന്നും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിൽക്കൂവെന്നും ഉറപ്പുനൽകുന്ന രേഖയിലാണ് ഒപ്പുവെപ്പിച്ചതെന്ന് ഹോട്ടലുടമകൾ കോടതിയെ അറിയിച്ചു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, ആദ്യ വാദം നടന്ന അതേ ദിവസം തന്നെ ഇത്തരമൊരു രേഖയിൽ ഒപ്പിടാൻ തഹസിൽദാർ ആവശ്യപ്പെട്ടത് എന്തിനാണെന്ന് ഹൈക്കോടതി സർക്കാറിനോട് ചോദിച്ചു.

Story Summary:
The Gujarat High Court has quashed the state government’s notification banning the sale and storage of non-vegetarian food near the Somnath temple and in six other designated areas. The order came after hotel owners challenged the restriction, arguing that it violated their constitutional right to carry on a trade or business and threatened their livelihoods. The court also refused the government’s requests for a stay to appeal the ruling.

Get more updates from Pudukad News on Google