കേരളത്തിൽ വീണ്ടും മഴ ശക്തമാകും; മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് | Kerala weather alert

Current: മലയാളം

കൊച്ചി: ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെയും മറ്റ് കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും സ്വാധീനത്തിൽ കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത (Kerala weather alert). മുന്നറിയിപ്പിന്റെ ഭാഗമായി നവംബർ ഒന്ന് മുതൽ മൂന്ന് വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തെക്കൻ ആൻഡമാൻ കടലിനും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുമെന്നാണ് പ്രവചനം. ഒക്ടോബർ 31ഓടെ ഇത് തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങാൻ സാധ്യതയുണ്ട്.
മറ്റൊരു ന്യൂനമർദവും മഴയ്ക്ക് കാരണമാകും
വടക്കൻ ഛത്തീസ്ഗഢിനും കിഴക്കൻ മധ്യപ്രദേശിനും മുകളിലായി നിലനിൽക്കുന്ന മറ്റൊരു ന്യൂനമർദത്തിന്റെ സ്വാധീനത്തിലും കേരളത്തിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി നവംബർ ഒന്ന് മുതൽ മൂന്ന് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ജില്ലകളിലെ യെല്ലോ അലർട്ട്
നവംബർ 1: പത്തനംതിട്ട, കോട്ടയം, ഇടുക്കി
നവംബർ 2: ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
നവംബർ 3: കോഴിക്കോട്, വയനാട്, കണ്ണൂർ
24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥ വകുപ്പ് ശക്തമായ മഴയായി നിർവചിക്കുന്നത്.
മലയോര മേഖലകളിൽ ജാഗ്രത വേണം
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മലയോര മേഖലകളിൽ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കു താഴെയും നിൽക്കുന്നത് ഒഴിവാക്കണം. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്.
Story Summary:
The India Meteorological Department has issued yellow alerts for several Kerala districts from November 1 to 3, forecasting isolated spells of heavy rain. A low-pressure area over the Andaman Sea is expected to intensify and move towards the Andhra Pradesh coast. Another weather system over central India may also influence rainfall in Kerala. Thunderstorms and winds of 30–40 kmph are possible.





