കൊല്ലം – കോട്ടയം മെമു ഇനി എറണാകുളം വരെ സർവീസ് നടത്തും

Current: മലയാളം

കോട്ടയം വഴിയുള്ള യാത്രാദുരിതത്തിന് ആശ്വാസമായി കൊല്ലം – കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളത്തേക്ക് നീട്ടി റെയിൽവേ. കൊടിക്കുന്നിൽ സുരേഷ് എം.പി, രാജീവ് ചന്ദ്രശേഖർ എം.എൽ.എ എന്നിവരുടെ ഇടപെടലുകൾക്ക് പിന്നാലെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഉത്തരവിൽ ഒപ്പുവെച്ചത്. തിങ്കളാഴ്ച (നവംബർ 2) ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങും.
പുതിയ സമയക്രമം അനുസരിച്ച് കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 1:40-ന് പുറപ്പെടുന്ന മെമു വൈകുന്നേരം എറണാകുളത്ത് എത്തിച്ചേരും. തുടർന്ന് വൈകുന്നേരം 5:25-ന് എറണാകുളത്തുനിന്ന് തിരികെ കൊല്ലത്തേക്ക് സർവീസ് നടത്തും.
ഏറ്റുമാനൂർ, കുറുപ്പുംതറ, വൈക്കം റോഡ്, പിറവം റോഡ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിൽ മെമുവിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
വൈകുന്നേരങ്ങളിൽ വേണാട് എക്സ്പ്രസിൽ അനുഭവപ്പെട്ടിരുന്ന അതിരൂക്ഷമായ തിരക്കിനും യാത്രാദുരിതത്തിനും പുതിയ മെമു സർവീസ് എറണാകുളത്തേക്ക് നീട്ടിയതോടെ പരിഹാരമാകും.
എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് റെയിൽവേയുടെ ഈ തീരുമാനം.





