പഠനത്തിനായി യുകെയിലേക്ക് പോയ യുവതി പുണെയിൽ മരിച്ച നിലയിൽ; ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട അന്വേഷണം

Current: മലയാളം

എം.ബി.എ പഠനത്തിനായി ലണ്ടനിലേക്ക് പോയ 34 കാരിയായ യുവതിയെ പുണെയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്രപതി സംഭാജിനഗർ സ്വദേശിനിയായ മുഗ്ധ ദേശ്മുഖ് എന്ന യുവതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പഠനത്തിനായി ലണ്ടനിലേക്ക് പോയ യുവതി രഹസ്യമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വിവരം കുടുംബം അറിഞ്ഞിരുന്നില്ല. വ്യാഴാഴ്ച പിംപ്രി ചിഞ്ച്വാദിലെ ഗഹുഞ്ജെ പ്രദേശത്തുള്ള ഒരു റസിഡൻഷ്യൽ കോംപ്ലക്സിലാണ് മുഗ്ധയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകളൊന്നും ഇല്ലെന്ന് പോലീസ് പറഞ്ഞു. 2025-ജുലായിലാണ് യുവതി എംബിഎ പഠനത്തിനായി യുകെയിലേക്ക് പോയത്. എന്നാൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ യുവതി തിരിച്ചെത്തി. ഇത് വീട്ടുകാർ അറിഞ്ഞിരുന്നില്ല.
ഇതിനിടെ ഓൺലൈൻ ഫുഡ് ഡെലിവറി ഇടപാടും ബാങ്ക് സേറ്റ്മെന്റുകളിലും സംശയം തോന്നിയ കുടുംബം മുഗ്ധ ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം മനസ്സിലാക്കിയിരുന്നു. ഇതുകഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മുഗ്ധ ലണ്ടനിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും അവിടെ പാർട്ട് ടൈം ജോലികൾ ചെയ്തിരുന്നുവെന്നും പോലീസ് അറിയിച്ചു. ലണ്ടനിലേക്ക് പോയതിനുശേഷം മുഗ്ധ കുടുംബവുമായി ഫോൺകോളിലൂടെയും മെസേജിങ് ആപ്പുകൾ വഴിയും ബന്ധം പുലർത്തിയിരുന്നു. എന്നാൽ ഒക്ടോബർ 24-ന് മുഗ്ധയെ ബന്ധപ്പെടാൻ കുടുംബത്തിനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
തുടർന്ന് കുടുംബം ലണ്ടനിലെ സുഹൃത്തുമായി ബന്ധപ്പെട്ടു. ഒക്ടോബർ 22-നാണ് മുഗ്ധ അവസാനമായി സന്ദേശങ്ങൾ അയച്ചതെന്ന് സുഹൃത്തും അറിയിച്ചു. തുടർന്ന് സുഹൃത്ത് ലണ്ടൻ പോലീസിനെ സമീപിച്ച് കാണാതായതായി പരാതി നൽകിയെങ്കിലും ഓഗസ്റ്റ് അവസാനത്തോടെ മുഗ്ധ യുകെ വിട്ടിട്ടുണ്ടെന്ന് പോലീസ് അറിയിക്കുകയായിരുന്നു. സുഹൃത്ത് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. മകളെക്കുറിച്ച് വിവരമൊന്നുമില്ലാത്തതിനാൽ ആശങ്കയിലായ മാതാപിതാക്കൾ ഇതിനിടെ സഹായത്തിനായി ഇന്ത്യൻ അധികാരികളെയും ഇന്ത്യൻ ഹൈക്കമ്മിഷനെയും സമീപിച്ചിരുന്നു. തുടർന്ന് മുഗ്ധയുടെ പിതാവ് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ചു. ഒക്ടോബർ എട്ടിനും 25നും ഇടയിൽ ഫുഡ് ഡെലിവറി, ഓൺലൈൻ സർവീസ് പ്ലാറ്റ്ഫോമുകളിൽ നടത്തിയ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടു.
ഇടപാടുകളിൽ ഒന്ന് പുണെ ഛത്രപതി സംഭാജിനഗറിലെ ഉസ്മാൻപുര പ്രദേശത്തുനിന്നാണ് നടന്നതെന്ന് കണ്ടെത്തി. ഇതോടെ മുഗ്ധ ഇന്ത്യയിലുണ്ടെന്ന് കുടുംബം മനസ്സിലാക്കി. തുടർന്ന് കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ മുഗ്ധ താമസിക്കുന്ന സ്ഥലം കണ്ടെത്തി. തുടർന്ന് ഫ്ളാറ്റിലെത്തി മുറി തുറപ്പോൾ മുഗ്ധയെ മരിച്ച നിലയിലാണ് പോലീസിന് കണ്ടെത്താനായത്. ശരീരത്തിൽ പരിക്കിന്റെ പാടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം വ്യക്തമാക്കുന്നതിനായി ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അന്വേഷണത്തിൽ, മുഗ്ധ ഏപ്രിലിൽ തന്നെ അപാർട്ട്മെന്റ് വാടകയ്ക്കെടുത്തിരുന്നുവെന്നും യുകെ വിട്ടതിനുശേഷം ഓഗസ്റ്റിലാണ് ഇവിടെ താമസം തുടങ്ങിയതെന്നും പോലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.





