റഷ്യയിൽ ജോലിക്കെത്തിയ ആന്ധ്രാ സ്വദേശി സൈന്യത്തിൽ അകപ്പെട്ടതായി പരാതി; മകനെ തിരിച്ചെത്തിക്കാൻ അഭ്യർഥനയുമായി മാതാവ് | Andhra man recruited into Russian Army

Current: മലയാളം

വിശാഖപട്ടണം: റഷ്യയിൽ ജോലി തേടിയെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിയെ കബളിപ്പിച്ച് റഷ്യൻ സൈന്യത്തിൽ ചേർത്തതായും യുക്രെയ്ൻ അതിർത്തിയിലെ യുദ്ധമേഖലയിലേക്ക് അയക്കുന്നതായും പരാതി. വിശാഖപട്ടണം സ്വദേശിയായ ജെ. വംശിയാണ് റഷ്യയിൽ കുടുങ്ങിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. മകനെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അമ്മ ജെ. അപ്പലകൊണ്ട അഭ്യർഥിച്ചു. (Andhra man recruited into Russian Army)
പഴങ്ങൾ പാക്ക് ചെയ്യുന്ന ജോലിയെന്ന വാഗ്ദാനത്തിലാണ് വംശി റഷ്യയിലേക്ക് പോയതെന്ന് അമ്മ പറഞ്ഞു. എന്നാൽ അവിടെയെത്തിയിട്ടും ജോലി ലഭിച്ചില്ല. തുടർന്ന് ഒരു നേപ്പാൾ സ്വദേശിയുമായി ബന്ധപ്പെടുകയും യുക്രെയ്നിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഇയാൾ വംശിയെ അവിടേക്ക് കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് റഷ്യൻ സൈന്യത്തിൽ ചേർക്കപ്പെട്ടതായാണ് കുടുംബത്തിന്റെ ആരോപണം. വംശിയെന്ന് കരുതപ്പെടുന്ന ഒരാൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ പങ്കുവച്ച വീഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. റഷ്യയിൽ ഭക്ഷണപ്പാക്കിങ് ജോലി വാഗ്ദാനം ചെയ്താണ് സൈന്യത്തിൽ ചേർത്തതെന്നും ഇപ്പോൾ റഷ്യ-യുക്രെയ്ൻ അതിർത്തിയിലെ മുൻനിരയിലേക്ക് അയക്കുകയാണെന്നും ഇവർ പറയുന്നു. റഷ്യൻ ഭാഷയിലുള്ള രേഖകളുടെ ഉള്ളടക്കം മനസ്സിലാക്കാതെയാണ് ഒപ്പിടേണ്ടിവന്നതെന്നും റഷ്യൻ പൗരത്വം ലഭിച്ച വിവരം പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞതെന്നും വീഡിയോയിൽ ആരോപിക്കുന്നു. ഇന്ത്യൻ പൗരത്വം മാത്രം മതിയെന്നും നാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്നും ഇവർ അഭ്യർഥിച്ചു.
മകനെ തിരികെ എത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനോടും ഉപമുഖ്യമന്ത്രി പവൻ കല്യാണിനോടും ഐടി മന്ത്രി നാരാ ലോകേഷിനോടും അപ്പലകൊണ്ട സഹായം തേടി. ഭർത്താവ് മരിച്ചെന്നും മകനും മകളും മാത്രമാണ് തനിക്കുള്ളതെന്നും മകനെ തിരിച്ചുകിട്ടുക മാത്രമാണ് ആഗ്രഹമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. അപ്പലകൊണ്ടയുടെ അഭ്യർഥനയോട് പ്രതികരിച്ച നാരാ ലോകേഷ്, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ തിരിച്ചുവരവിനായി ബന്ധപ്പെട്ട അധികൃതരുമായി അടിയന്തരമായി ഏകോപനം നടത്താൻ തന്റെ ഓഫീസിന് നിർദേശം നൽകിയതായി എക്സിൽ കുറിച്ചു.
Summary: An Andhra Pradesh man who travelled to Russia for a job has allegedly been deceived into joining the Russian Army and is now being sent towards the Ukraine frontline. His mother has appealed to the Centre and Andhra Pradesh government to secure his safe return. State IT Minister Nara Lokesh has promised urgent coordination with the authorities.




