“കൊല്ലപ്പെട്ട സുഹൃത്ത് സ്വപ്നത്തിൽ വന്ന് ഭയപ്പെടുത്തി, 20 ദിവസം ഉറങ്ങിയില്ല”: കൊലപാതകത്തിന് ശേഷം സ്വപ്നവും കുറ്റബോധവും വേട്ടയാടിയതോടെ കീഴടങ്ങി യുവാവ് | Dombivli murder case

Current: മലയാളം

താനെ: സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച യുവാവ് 20 ദിവസത്തിനുശേഷം പൊലീസിൽ കീഴടങ്ങി (Dombivli murder case). കൊല്ലപ്പെട്ട സുഹൃത്ത് തുടർച്ചയായി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതോടെ ഉറക്കം നഷ്ടപ്പെട്ടെന്നും കുറ്റബോധം സഹിക്കാനാകാതെയാണ് കീഴടങ്ങിയതെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവ്‌ലിയിലാണ് സംഭവം. പ്രഭു കരകാഡെയാണ് സുഹൃത്ത് വിശാൽ കദമിനെ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയത്.
ഒക്ടോബർ ഒമ്പതിനാണ് ഡോംബിവ്‌ലിയിലെ മൊതാഗാവ് പ്രദേശത്ത് കൊലപാതകം നടന്നത്. അടുത്ത സുഹൃത്തുക്കളായ വിശാലും പ്രഭുവും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. വാക്കുതർക്കം രൂക്ഷമായതോടെ പ്രകോപിതനായ പ്രഭു വിശാലിനെ മർദിച്ചു. തുടർച്ചയായി ചവിട്ടുകയും ഇടിക്കുകയും ചെയ്തതിനെ തുടർന്ന് വിശാൽ മരിക്കുകയായിരുന്നു.
മൃതശരീരം ചാക്കിലാക്കി തോടിന് സമീപം ഉപേക്ഷിച്ചു
സുഹൃത്ത് മരിച്ചതോടെ പരിഭ്രാന്തനായ പ്രഭു വീട്ടുടമസ്ഥനായ സന്ദേശ് മാത്രെയുടെ സഹായം തേടി. തുടർന്ന് ഇരുവരും ചേർന്ന് വിശാലിന്റെ മൃതദേഹം ചാക്കിലാക്കി. രാത്രിയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തോടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ഒളിപ്പിച്ചതോടെ കൊലപാതകത്തിൽനിന്ന് രക്ഷപ്പെടാമെന്നായിരുന്നു പ്രഭുവിന്റെ കണക്കുകൂട്ടൽ.
എന്നാൽ സംഭവത്തിനുശേഷം പ്രഭുവിന് ഉറങ്ങാൻ കഴിയാതായെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട വിശാൽ തുടർച്ചയായി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതോടെ ഭയവും കുറ്റബോധവും വർധിച്ചു. ഇരുപത് രാത്രികളിലും സുഹൃത്തിനെ സ്വപ്നം കണ്ടെന്നും സമാധാനമായി ഉറങ്ങാൻ കഴിഞ്ഞില്ലെന്നും പ്രഭു മൊഴി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
കൊലപാതകത്തിനുശേഷം നഗരം വിട്ട് രക്ഷപ്പെടാൻ ആദ്യം ആലോചിച്ചെങ്കിലും ഒടുവിൽ പൊലീസിൽ കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകവിവരം തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വീട്ടുടമസ്ഥനും അറസ്റ്റിൽ
പ്രഭുവിനെയും മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച വീട്ടുടമസ്ഥൻ സന്ദേശ് മാത്രെയെയും പൊലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കാൻ സഹായിച്ചെന്ന കുറ്റത്തിനാണ് വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തത്.
ഇരുവരെയും കല്യാൺ കോടതിയിൽ ഹാജരാക്കി. കോടതി നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Story Summary:
A man in Dombivli, Maharashtra, surrendered to the police 20 days after allegedly murdering his friend Vishal Kadam and disposing of his body. The accused, Prabhu Karakade, reportedly told police that recurring dreams of the victim and guilt had left him unable to sleep. The landlord, Sandesh Mhatre, was also arrested for allegedly helping conceal the body. Both accused were remanded to four days of police custody.




