കാലടി സംസ്കൃത സർവകലാശാലാ വിദ്യാർഥികളുടെ ഹർജി; സുപ്രീംകോടതിയിൽ തടസഹർജി നൽകി സർവകലാശാല | Kalady Sanskrit University

Current: മലയാളം

എറണാകുളം: പരീക്ഷ എഴുതാൻ അനുമതി തേടി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ തടസഹർജി ഫയൽ ചെയ്ത് സർവകലാശാല ( Kalady Sanskrit University). സർവകലാശാല രജിസ്ട്രാറാണ് തടസഹർജി നൽകിയത്. വിദ്യാർഥികളുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സർവകലാശാലയുടെ വാദം കേൾക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
പരീക്ഷ എഴുതാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച്
വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. മതിയായ ഹാജരില്ലാത്തത് പരീക്ഷ എഴുതുന്നതിന് തടസമാണെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാൻസലർ സി.എസ്. തോമസും സർവകലാശാലയും സമർപ്പിച്ച ഹർജിയിലായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നടപടി. വിദ്യാർഥികൾക്ക് ആവശ്യമായ ഹാജരുണ്ടോയെന്ന് പരിശോധിക്കാതെയാണ് പരീക്ഷ എഴുതാൻ അനുമതി നൽകിയതെന്ന് സർവകലാശാലയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മതിയായ ഹാജരില്ലെന്നും സൂപ്പർ ഫൈനോടെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധിയും കഴിഞ്ഞെന്നുമാണ് വൈസ് ചാൻസലറുടെ വാദം. അതേസമയം, പരീക്ഷകൾ ഇന്ന് ആരംഭിച്ചതോടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനാകാത്ത സാഹചര്യമാണുള്ളത്.
16 വിദ്യാർഥികൾക്ക് സസ്പെൻഷൻ
ഓഗസ്റ്റ് 13ന് സർവകലാശാല സിൻഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. രണ്ടു മാസം പിന്നിട്ടിട്ടും സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. സസ്പെൻഡ് ചെയ്യപ്പെട്ട 16 പേരിൽ 10 വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്.
പരീക്ഷ എഴുതാൻ അനുമതി തേടിയുള്ള വിദ്യാർഥികളുടെ ഹർജിയിൽ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാടിലാണ് ഇനി ശ്രദ്ധ.
Story Summary:
The Sree Sankaracharya University of Sanskrit in Kalady has filed a caveat in the Supreme Court after suspended students approached the court seeking permission to write their examinations. The university registrar has requested that the institution be heard before any interim order is issued. The Kerala High Court Division Bench had set aside the Single Bench order allowing the students to take the exams, citing attendance requirements. Sixteen students were suspended following protests at a Syndicate meeting on August 13, and ten of them are due to write the examinations.




