സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങിമരിച്ചു

വടക്കേകാട് മണികണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്രക്കുളത്തിൽ സഹോദരങ്ങളായ വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളത്തിന് സമീപം സ്വകാര്യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മേലേപ്പുര വീട്ടിൽ പ്രദീപിന്റെയും സജിതയുടെയും മക്കളായ സായ്ക ഷ്ണ (9), സാത്വിക് (6) എന്നിവരാണ് മരിച്ചത്. വടക്കേകാട് തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന്, ഒന്ന് ക്ലാസ് വിദ്യാർഥികളാണ്.
ഇന്നലെ വൈകിട്ട് 5.30നാണ് സംഭവം. കുട്ടികളെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളക്കരയിൽ ഇവരുടെ വസ്ത്രങ്ങൾ കണ്ടത്. കുളത്തിൽ ഇറങ്ങി തിരഞ്ഞപ്പോൾ കരയിൽ നിന്നു മൂന്ന് മീറ്റർ മാത്രം അകലെ ചവിട്ടുപടിയിൽ നിന്നാണ് ഇരുവരെയും കിട്ടിയത്. ഉടൻ പോലീസ് വാഹനത്തിൽ പുന്നൂക്കാവ് ശാന്തി നഴ്സിങ് ഹോമിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് സംസ്കരിക്കും.
ജോലിക്ക് പോകാത്തതിനാൽ പ്രദീപ് വീട്ടിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് മുൻപ് അച്ഛനും മക്കളും ചൂണ്ടയിടാൻ പോയിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഉച്ചയ്ക്ക് ശേഷം കളിക്കാൻ പോയ കുട്ടികളെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്നാണ് പ്രദീപ് അന്വേഷിച്ചിറങ്ങിയത്. വീടിന് തൊട്ടുമുന്നിൽ തന്നെയാണ് കുളം എങ്കിലും ഇവിടെ നോക്കിയിരുന്നില്ല.
പിന്നീട് വസ്ത്രങ്ങളും ചെരുപ്പും വെള്ളം കോരി കുളിക്കാനായി കരുതിയ കപ്പും കുളത്തിന്റെ പടിയിൽ കണ്ടപ്പോഴാണ് കുളത്തിൽ തിരഞ്ഞത്. കണ്ടെത്തുമ്പോൾ ഇരുവരും മരിച്ച നിലയിലായിരുന്നു.




