യുഎസിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ ഒരേ ദിവസം രണ്ട് വധശിക്ഷകൾ നടപ്പാക്കി

ടെക്സസ്∙ ടെക്സസ്, ഒക്‌ലഹോമ സംസ്ഥാനങ്ങളിൽ രണ്ട് വ്യത്യസ്ത കൊലപാതക കേസുകളിലെ പ്രതികൾക്ക് ഒരേ ദിവസം വധശിക്ഷ നടപ്പാക്കി. ഇതോടെ ഈ വർഷം അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധേയരായ തടവുകാരുടെ എണ്ണം 37 ആയി.
ഒക്‌ലഹോമയിൽ 72 വയസ്സുകാരനായ ജെയിംസ് ദ്വൈറ്റ് പാവട്ടിനെയാണ് മാരക വിഷം കുത്തിവച്ച് വധിച്ചത്. 2001ൽ കാമുകിയുടെ ഭർത്താവായ റോബ് ആൻഡ്രൂവിനെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. പാവട്ട് മുൻ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥനാണ്.
ടെക്സസിൽ 46 വയസ്സുകാരനായ ജോൺ അലൻ റൂബിയോയ്ക്കാണ് വധശിക്ഷ നടപ്പാക്കിയത്. 2003ൽ തന്റെ പങ്കാളിയുടെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ കുറ്റക്കാരനായി കണ്ടെത്തപ്പെട്ടത്. 3 വയസ്സുകാരി ജുലിസ്സ, 1 വയസ്സുകാരൻ ജോൺ, 2 മാസം പ്രായമുള്ള മേരി ജെയ്ൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
താൻ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന റൂബിയോയുടെ വാദവും അപ്പീലുകളും കോടതികൾ നേരത്തെ തള്ളിയിരുന്നു. അമേരിക്കയിൽ വധശിക്ഷകളുടെ എണ്ണം ഉയരുന്നതിനിടെയാണ് ഒരേ ദിവസം രണ്ട് സംസ്ഥാനങ്ങളിൽ വധശിക്ഷ നടപ്പാക്കിയിരിക്കുന്നത്.




