Skip to content
November 14, 2026
⌕

13കാരിയുടെ മെസ്സേജ് കണ്ടു ഡബ്ലിനിൽനിന്ന് ഡോണീഗലിലേക്ക് യാത്ര; സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങിയ ഇന്ത്യൻ യുവാവിന് അഞ്ച് വർഷം തടവ്

November 14, 2026
Share this post to

അയർലൻഡിൽ 13 വയസ്സുകാരിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ലക്ഷ്യമിട്ട് ഡബ്ലിനിൽനിന്ന് ഡോണീഗലിലേക്ക് യാത്ര ചെയ്ത ഇന്ത്യൻ വംശജനായ 30കാരന് അഞ്ച് വർഷം തടവുശിക്ഷ. ഓൺലൈൻ സ്റ്റിങ് ഓപ്പറേഷനിലൂടെ പിടിയിലായ കിരൺ ശ്രീനിവാസനെയാണ്  ലെറ്റർകെന്നി സർക്യൂട്ട് കോടതി ശിക്ഷിച്ചത്.കുട്ടിയെന്ന വ്യാജേന ഓൺലൈനിൽ നടത്തിയ ആശയവിനിമയത്തിനിടെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ച ഇയാൾ, കൂടിക്കാഴ്ചയ്ക്കായി ഡോണീഗലിലെത്തിയപ്പോഴാണ് പിടിയിലായത്. ജസ്റ്റിസ് റീബോൺ എന്ന സംഘം നടത്തിയ നിരീക്ഷണവും അന്വേഷണവുമാണ് കേസിൽ നിർണായകമായത്.

2025 ജൂലൈ 10 മുതൽ 15 വരെ ആറു ദിവസങ്ങളിലായാണ് പ്രതി സ്നാപ്ചാറ്റ്, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടിയുമായി ആശയവിനിമയം നടത്തിയത്. എന്നാൽ യഥാർഥത്തിൽ 13 വയസ്സുകാരിയായ പെൺകുട്ടിയായിരുന്നില്ല മറുവശത്ത് ഉണ്ടായിരുന്നത്. ജസ്റ്റിസ് റീബോൺ സംഘത്തിലെ ഒരു വനിത 13 വയസ്സുള്ള പെൺകുട്ടിയെന്ന  വ്യാജേനയാണ് ഇയാളുമായി ചാറ്റ് നടത്തിയത്.താൻ ഡോണീഗലിൽ നിന്നുള്ള 13കാരിയാണെന്ന് വ്യക്തമാക്കിയിട്ടും പ്രതി ആശയവിനിമയം തുടരുകയായിരുന്നു. ലൈംഗിക ചുവയുള്ള  സന്ദേശങ്ങൾ അയച്ച ഇയാൾ ഡബ്ലിനിൽനിന്ന് ഡോണീഗലിലേക്ക് കാറിൽ വരാമെന്നും ബീച്ചിൽ കണ്ടുമുട്ടാമെന്നും നിർദേശിച്ചു.തുടർന്ന് ലെറ്റർകെന്നിയിൽ Airbnb താമസസൗകര്യം ബുക്ക് ചെയ്ത് അതിന്റെ Eircode അയച്ചുകൊടുത്തു. പെൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ കോണ്ടം കൊണ്ടുവരുമെന്നും ഇയാൾ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

2025 ജൂലൈ 15ന് ലെറ്റർകെന്നിയിലെ പാഡ്‌ഡി ഹാർട്ട് റോഡിലുള്ള കാർ പാർക്കിൽ വെച്ചാണ് ഇയാൾ ജസ്റ്റിസ് റീബോൺ സംഘത്തിന്റെ സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങിയത്. തുടർന്ന് ഗാർഡ അന്വേഷണം ഏറ്റെടുത്തു.പ്രതിയെ പരിശോധിച്ചപ്പോൾ രണ്ട് കോണ്ടങ്ങൾ ശരീരത്തിൽനിന്നും മറ്റ് നാല് കോണ്ടങ്ങൾ ഇയാളുടെ സാധനങ്ങളിൽനിന്നും കണ്ടെത്തി.ഇയാൾ താമസിച്ചിരുന്ന എയർബമ്പ് പരിശോധിച്ചപ്പോൾ ലൈംഗിക ഉപയോഗത്തിനുള്ള ഉപകരണവും കണ്ടെത്തിയതായി കോടതി റിപ്പോർട്ടിൽ പറയുന്നു.

രണ്ട് കുറ്റങ്ങളും പ്രതി കോടതിയിൽ സമ്മതിച്ചു. കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചതും സ്നാപ്ചാറ്റ്, വാട്സ്ആപ്പ് വഴി ലൈംഗിക ചൂഷണത്തിന് സഹായകമായ ആശയവിനിമയം നടത്തിയതുമാണ് കുറ്റങ്ങൾ.കേസിൽ ഏഴ് വർഷത്തെ തടവുശിക്ഷ പരിഗണിച്ച കോടതി, പ്രതിയുടെ കുറ്റസമ്മതം, മുൻ ക്രിമിനൽ കേസുകളില്ലാത്തത്, അന്വേഷണത്തോടുള്ള സഹകരണം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് ശിക്ഷ അഞ്ച് വർഷമായി കുറച്ചു. ജഡ്ജി ജോൺ അയ്ല്മറാണ് (John Aylmer) ലെറ്റർകെന്നി സർക്യൂട്ട് കോടതിയിൽ ശിക്ഷ വിധിച്ചത്.2025 ജൂലൈയിൽ അറസ്റ്റിലായി ജയിലിൽ പ്രവേശിച്ച തീയതി മുതൽ ശിക്ഷ കണക്കാക്കാനും കോടതി നിർദേശിച്ചു. പ്രതിക്ക് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത ഉയർന്നതാണെന്ന് പ്രൊബേഷൻ വിഭാഗത്തിന്റെ വിലയിരുത്തലിലും വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സ്റ്റാംപ് 4 വിസയിലാണ് കിരൺ ശ്രീനിവാസൻ അയർലൻഡിലെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്കിൽനിന്ന് എയർക്രാഫ്റ്റ് മെയിന്റനൻസ് ആൻഡ് എയർവർത്തിനസ് എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഓണേഴ്സോടെ ബിരുദം നേടിയിരുന്നു.പ്രതിയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും കോടതി നടപടികൾക്കിടെ വ്യക്തമായി. ഇക്കാര്യത്തിൽ തുടർനടപടികൾ നീതിന്യായ മന്ത്രിയുടെ പരിഗണനയിലാണെന്നും കോടതിയെ അറിയിച്ചു.

കുട്ടികളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ലൈംഗിക ചൂഷണശ്രമങ്ങൾ എത്രത്തോളം ഗൗരവത്തോടെയാണ് അയർലൻഡ് നിയമവ്യവസ്ഥ കാണുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ കോടതി വിധി.

Get more updates from Pudukad News on Google