Skip to content
November 18, 2026
⌕

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ മകളും തമിഴ്‌നാട് മന്ത്രി ആദവ് അര്‍ജുനയും വേര്‍പിരിയുന്നു, വിവാഹമോചനം രാഷ്ട്രീയതലത്തില്‍ വന്‍ ചര്‍ച്ച

November 17, 2026
Share this post to

തമിഴ്‌നാട്ടില്‍നിന്ന്, വലിയ ചര്‍ച്ചയായി മാറിയ രാഷ്ട്രീയ-കുടുംബ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.


തമിഴ്‌നാട് പൊതുമരാമത്ത്-കായികമന്ത്രി ആദവ് അര്‍ജുനയും ഭാര്യ ഡെയ്‌സി മാര്‍ട്ടിനും പതിനാലു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വേര്‍പിരിയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഡെയ്‌സി മാര്‍ട്ടിന്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്


കഴിഞ്ഞ പതിനാലു വര്‍ഷമായി പരസ്പര സ്‌നേഹത്തോടെ ഒരുമിച്ച് സഞ്ചരിച്ച ജീവിത യാത്രയ്ക്കുശേഷം, തങ്ങള്‍ പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ തീരുമാനിച്ചതായി ഡെയ്‌സി തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. സൗഹൃദത്തിലും പരസ്പര ബഹുമാനത്തിലും ഊന്നിയായിരിക്കും ഇനി മുന്നോട്ടുപോവുക. തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തിനും സന്തോഷത്തിനുമായിരിക്കും എല്ലാ മുന്‍ഗണനയെന്നും അവര്‍ പറഞ്ഞു.

ആദവ് അര്‍ജുനയ്ക്ക് ശുഭാശംസകള്‍ നേര്‍ന്ന ഡെയ്‌സി, വ്യക്തിപരമായ കാര്യങ്ങളില്‍ മാധ്യമങ്ങളും ജനങ്ങളും സ്വകാര്യതയെ മാനിക്കണമെന്നും അഭ്യര്‍ഥിച്ചു. 


ബിസിനസ് പശ്ചാത്തലത്തില്‍ നിന്നുള്ള വ്യക്തിയാണ് ഡെയ്‌സി മാര്‍ട്ടിന്‍. ‘ലോട്ടറി കിംഗ്’ എന്നറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ മകളാണ് അവര്‍. ഡെയ്‌സിയുടെ അമ്മ ലീമ റോസ് മാര്‍ട്ടിന്‍ തമിഴ്‌നാട്ടിലും, സഹോദരന്‍ ജോസ് ചാര്‍ലസ് മാര്‍ട്ടിന്‍ പുതുച്ചേരിയിലും എംഎല്‍എമാരാണ്. 


ഡെയ്‌സി നിലവില്‍ എറൈസ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് കാപ്പിറ്റല്‍ എന്ന എന്‍ബിഎഫ്‌സിയുടെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്.


ആദവ് അര്‍ജുന ഡിഎംകെ, വിസികെ തുടങ്ങിയ പാര്‍ട്ടികളിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയും, പിന്നീട്, വിജയ്‌യുടെ തമിഴക വെട്രി കഴകത്തില്‍ ചേരുകയുമായിരുന്നു. 


2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വില്ലിവക്കം മണ്ഡലത്തില്‍ നിന്ന് വിജയിച്ച് മന്ത്രിയായി പ്രവര്‍ത്തിക്കുകയാണ് ആദവ്. വിവാഹമോചന വാര്‍ത്ത തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചകര്‍ക്കു തുടക്കമിട്ടിരിക്കുകയാണ്.

വിവാഹമോചനത്തിനുശേഷം, ബിസിനസ്-രാഷ്ട്രീയ രംഗത്തെ അറിയാക്കഥകള്‍ പുറത്തുവരുമോയെന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.

Get more updates from Pudukad News on Google