വലിയഴീക്കൽ പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി | Engineering Student Body Found

കരുനാഗപ്പള്ളി: വലിയഴീക്കൽ പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി (Engineering Student Body Found). നൂറനാട് ഇടപ്പോൺ ഹരിനന്ദനത്തിൽ ശ്രീകുമാറിന്റെയും ബിന്ദുവിന്റെയും മകൻ ദേവദത്ത് (19) ആണ് മരിച്ചത്. അഴീക്കൽ ബീച്ചിന് പടിഞ്ഞാറ് പുറംകടലിൽ നീട്ടുവള്ളത്തിലെത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ടാണ് ദേവദത്ത് പാലത്തിൽ നിന്ന് താഴേക്ക് ചാടിയത്. തുടർന്ന് കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാസേനയും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളേജിലെ മൂന്നാംവർഷ വിദ്യാർഥിയായിരുന്നു ദേവദത്ത്.
പരീക്ഷയ്ക്കായി വീട്ടിൽനിന്ന് പുറപ്പെട്ട ദേവദത്ത് ഉച്ചയ്ക്ക് മൂന്നോടെ വലിയഴീക്കൽ പാലത്തിന് മുകളിൽ കാർ ഉപേക്ഷിച്ചശേഷം കായലിലേക്ക് ചാടുകയായിരുന്നു. ബീച്ചിലെ കുതിരസവാരിക്കാരും നാട്ടുകാരുമാണ് വിദ്യാർഥി ചാടുന്നത് കണ്ടത്.
കാറിനുള്ളിൽ ദേവദത്തിന്റെ ബാഗും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. ബന്ധുക്കൾ സ്ഥലത്തെത്തി കാർ ദേവദത്തിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ നൂറനാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ദേവദത്തിന് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി സുഹൃത്തുക്കൾക്കോ മാതാപിതാക്കൾക്കോ അറിവില്ലെന്നാണ് പൊലീസ് അറിയിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Story Summary:
The body of 19-year-old engineering student Devadath, who jumped from the Valiyazheekkal Bridge on Monday, was found in the open sea west of Azhikkal Beach by fishermen. Police said his family and friends were unaware of any problems he may have been facing.




