ഭാര്യയുടെ മരണവാർത്തയറിഞ്ഞ് ജീവനൊടുക്കാൻ മരത്തിൽ കയറി; യുവാവിനെ രക്ഷിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് | Kozhikode Medical College Police

കോഴിക്കോട്: ഭാര്യയുടെ മരണത്തെത്തുടർന്നുള്ള ദുഃഖത്തിൽ ജീവനൊടുക്കാൻ മരത്തിൽ കയറിയ യുവാവിനെ പൊലീസ് ഇടപെട്ട് രക്ഷപ്പെടുത്തി (Kozhikode Medical College Police). നിലമ്പൂർ സ്വദേശിയായ യുവാവിനെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സമയോചിതമായി ഇടപെട്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പിന്നീട് ഇയാളെ ആശ്വസിപ്പിച്ച് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ കോഴിക്കോട് മെഡിക്കൽ കോളജിന് സമീപമുള്ള വെള്ളിപ്പറമ്പ് കയറ്റത്തിൽ സിനിമാ തിയേറ്ററിന് മുന്നിലെ മരച്ചുവട്ടിൽ ഒരാൾ മരത്തിന് മുകളിലേക്ക് നോക്കി നിൽക്കുന്നത് എഎസ്ഐ പ്രേമൻ മുചുകുന്നിന്റെ ശ്രദ്ധയിൽപ്പെട്ടു. അന്വേഷിച്ചപ്പോൾ ഒരു യുവാവ് ഏറെ നേരമായി മരത്തിന് മുകളിൽ ഇരിക്കുകയാണെന്ന് സമീപവാസി അറിയിച്ചു.
പൊലീസ് വിവരങ്ങൾ ചോദിച്ചെങ്കിലും മരത്തിന് മുകളിലുണ്ടായിരുന്ന യുവാവ് പ്രതികരിച്ചില്ല. താഴെയിറങ്ങാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. തുടർന്ന് വെള്ളിമാടുകുന്ന് ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മരത്തിൽ കയറി യുവാവിനെ സുരക്ഷിതമായി താഴെയിറക്കി.
മെഡിക്കൽ കോളജ് പൊലീസ് യുവാവിനോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ഭാര്യ കോഴിക്കോട് മെഡിക്കൽ കോളജിലെ ആറാം വാർഡിൽ ചികിത്സയിലുണ്ടെന്ന് അറിയിച്ചത്. യുവാവ് നൽകിയ ഫോൺ നമ്പറിൽ പൊലീസ് ബന്ധപ്പെട്ടതോടെ മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരനാണ് ഭാര്യ മരിച്ച വിവരം അറിയിച്ചത്.
ഭാര്യയുടെ മരണവിവരം അറിഞ്ഞതിനെത്തുടർന്നുള്ള ദുഃഖത്തിൽ ബന്ധുക്കളോട് പോലും വിവരം പറയാതെ ഫോൺ ഉപേക്ഷിച്ചാണ് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് പൊലീസിന്റെ വിളിയെത്തിയത്.
പൊലീസ് ഏറെനേരം യുവാവിനെ ആശ്വസിപ്പിക്കുകയും ബന്ധുക്കളെ വിളിച്ചുവരുത്തി കൈമാറുകയും ചെയ്തു. എഎസ്ഐ പ്രേമൻ മുചുകുന്ന്, സിവിൽ പൊലീസ് ഓഫീസർ രഞ്ചു, ഹോം ഗാർഡ് അനീഷ് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് യുവാവിനെ രക്ഷപ്പെടുത്താൻ സഹായിച്ചത്.
Story Summary:
Kozhikode Medical College Police rescued a man from Nilambur who climbed a tree in an apparent suicide attempt after learning about his wife’s death. Police and fire and rescue personnel brought him down safely and later reunited him with his relatives.




