“ഭയവും കോപവും വെറുപ്പും വലയം തീർത്ത മനസ്സുള്ളവരെ മോചിപ്പിക്കേണ്ടത് ഒരു യഥാർഥ ഹിന്ദുവെന്ന നിലയിൽ എന്റെ കടമ”: ട്രോളുകൾക്ക് ശിവപാർവതി ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധിയുടെ മറുപടി | Rahul Gandhi

ന്യൂഡൽഹി: രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും സ്നേഹബന്ധത്തെക്കുറിച്ചുള്ള പരാമർശത്തിൽ ട്രോളുകളും വിമർശനങ്ങളും ഉയർത്തിയ ബിജെപി-ആർഎസ്എസ് അനുകൂലികൾക്ക് മറുപടിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). ശിവപാർവതി ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചാണ് അദ്ദേഹം വിമർശകർക്ക് മറുപടി നൽകിയത്.
ബിജെപി-ആർഎസ്എസ് അനുകൂലികളുടെ മനസിൽ ഭയവും കോപവും വെറുപ്പും വലയം തീർത്തിരിക്കുകയാണെന്നും അതാണ് സ്നേഹം അനുഭവിക്കുന്നതിൽ നിന്നും പ്രകടിപ്പിക്കുന്നതിൽ നിന്നും അവരെ തടയുന്നതെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
ഒരു യഥാർഥ ഹിന്ദു എന്ന നിലയിൽ അവരെ ഈ വലയിൽനിന്ന് മോചിപ്പിക്കേണ്ടത് തന്റെ കടമയാണ്. അതിലൂടെ സ്നേഹത്തിന്റെ സൗന്ദര്യവും ആനന്ദവും അവർക്കും അനുഭവിക്കാൻ കഴിയുമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. സത്യം, ശിവം, സുന്ദരം എന്ന വാക്കുകളോടെയാണ് രാഹുൽ പോസ്റ്റ് അവസാനിപ്പിച്ചത്.
സോണിയ ഗാന്ധിയുടെ ആത്മകഥയായ Belonging: A Journey of Love എന്ന പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനച്ചടങ്ങിൽ മാതാപിതാക്കളായ രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും സ്നേഹബന്ധത്തെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചിരുന്നു. തന്റെ ബാല്യകാലത്തെ ഓർമകൾ പങ്കുവെച്ചുകൊണ്ട് മാതാപിതാക്കൾക്കിടയിലെ സ്നേഹത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു.
ഭക്ഷണസമയത്ത് പലപ്പോഴും അമ്മ അച്ഛന്റെ മടിയിലായിരുന്നു ഇരുന്നിരുന്നതെന്നും സുഹൃത്തുക്കളുടെ വീടുകളിൽ പോകുന്നതുവരെ ഇതൊരു സാധാരണ കാര്യമാണെന്നാണ് താൻ കരുതിയിരുന്നതെന്നും രാഹുൽ പറഞ്ഞു. അത്തരമൊരു അന്തരീക്ഷത്തിലാണ് തങ്ങൾ വളർന്നുവന്നതെന്നും അദ്ദേഹം ഓർത്തെടുത്തു.
ഈ പരാമർശങ്ങൾക്ക് പിന്നാലെയാണ് ബിജെപി-ആർഎസ്എസ് നേതാക്കളും അനുകൂലികളും വിമർശനങ്ങളുമായി രംഗത്തെത്തിയത്. ഇതിന് മറുപടിയായാണ് ശിവപാർവതി ചിത്രം പങ്കുവെച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ കുറിപ്പ്.
Story Summary:
Congress leader Rahul Gandhi responded to criticism over his remarks about the relationship between Rajiv Gandhi and Sonia Gandhi by sharing an image of Shiva and Parvati. He said fear, anger and hatred prevent BJP-RSS supporters from experiencing and expressing love.




