പത്തനാപുരത്ത് മകളുടെ കൺമുന്നിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കൊലപാതകത്തിൽ കലാശിച്ചത് കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള വാക്കേറ്റം. അമ്മയെ വെട്ടുന്നത് കണ്ട് ഓടിരക്ഷപ്പെട്ട മകളാണ് വിവരം പുറത്തറിയിച്ചത്

പത്തനാപുരം: പട്ടാഴിയിൽ കുടുംബപ്രശ്നങ്ങളെത്തുടർന്ന് മകളുടെ കൺമുന്നിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു (48) ആണ് ഭാര്യ ക്രിസ്റ്റിയെ (38) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ഇരുവരും തമ്മിലുള്ള കുടുംബപ്രശ്നങ്ങളെത്തുടർന്ന് കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ കേസ് നിലനിന്നിരുന്നു. ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമായി ഇരുവരെയും ശനിയാഴ്ച പോലീസ് സ്റ്റേഷനിൽ വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നു.
പോലീസിന്റെ നിർദ്ദേശത്തെത്തുടർന്ന് ക്രിസ്റ്റി കലയപുരത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് ഞായറാഴ്ച വൈകീട്ടോടെ മകൾ ബിറ്റിക്കൊപ്പം പന്തപ്ലാവിലെ വീട്ടിലെത്തി തുണികൾ എടുക്കുന്നതിനിടെ ബിനുവുമായി വാക്കേറ്റമുണ്ടാകുകയും, പ്രകോപിതനായ ബിനു വെട്ടുകത്തികൊണ്ട് ക്രിസ്റ്റിയെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അമ്മയെ വെട്ടുന്നത് കണ്ട മകൾ ബിറ്റി നിലവിളിച്ചുകൊണ്ട് ഓടിരക്ഷപ്പെട്ടാണ് പോലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചത്. നാട്ടുകാർ ഓടിക്കൂടിയപ്പോൾ ബിനുവിനെ വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നെഞ്ചിനും തലയ്ക്കും കഴുത്തിനും വെട്ടേറ്റ് രക്തം വാർന്നാണ് ക്രിസ്റ്റിയുടെ മരണം സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. ഷെരിഫ്, കുന്നിക്കോട് എസ്.എച്ച്.ഒ ശരത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ബിനു. കലയപുരത്തെ സ്വകാര്യ സ്കൂളിലെ ജീവനക്കാരിയായിരുന്നു ക്രിസ്റ്റി. വിപിൻ മകനാണ്.




