Skip to content
November 23, 2026
⌕

തിരുപ്പറങ്കുന്‍ട്രന്‍ കുന്നിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി ഉത്തരവിനെതിരെ വിജയ് സർക്കാർ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്തു. തർക്കസ്ഥലത്ത് വിളക്ക് തെളിയിക്കുന്നത് ക്രമസമാധാനത്തെയും മതസൗഹാർദ്ദത്തെയും ബാധിക്കുമെന്ന് സംസ്ഥാന സർക്കാർ; സർക്കാരിന്റെ നീക്കം ഹിന്ദു വിരുദ്ധവും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ

November 23, 2026
Share this post to

ചെന്നൈ: മധുരയിലെ തിരുപ്പറങ്കുന്‍ട്രന്‍ മുകളിലുള്ള ‘ദീപത്തൂണില്‍’ 2026 നവംബര്‍ 24-ന് ഒറ്റത്തവണത്തെ ഇടക്കാല ക്രമീകരണമെന്ന നിലയില്‍ പരമ്പരാഗത കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി ഉത്തരവിനെതിരെ മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന തമിഴ്നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തു. 

സുപ്രീം കോടതിയുടെ നവംബര്‍ 20-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന ഹിന്ദു മത-ധര്‍മ്മസ്ഥാപന വകുപ്പ് കമ്മീഷണറാണ് ഹര്‍ജി സമര്‍പ്പിച്ചത്.


മദ്രാസ് ഹൈക്കോടതി വിധിയിലെ ചില പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്തുകൊണ്ടാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് ദീപത്തൂണില്‍ വിളക്ക് തെളിയിക്കാന്‍ അനുമതി നല്‍കിയത്.


ഉത്സവം അടുത്തുവരുന്ന സാഹചര്യം പരിഗണിച്ച് 2026 നവംബര്‍ 24-ന് ഒറ്റത്തവണത്തെ പ്രത്യേക ക്രമീകരണമായാണ് കോടതി ഇതിന് അനുമതി നല്‍കിയത്. എന്നാല്‍ ഇതിനായി സുപ്രീം കോടതി കര്‍ശനമായ ഉപാധികള്‍ മുന്നോട്ടുവെച്ചിരുന്നു. 

പൊതുജനങ്ങള്‍ക്കോ ഘോഷയാത്രകള്‍ക്കോ പ്രകടനങ്ങള്‍ക്കോ സ്ഥലത്ത് പ്രവേശനമുണ്ടായിരിക്കില്ലെന്നും, ക്ഷേത്ര ഭരണസമിതിയുടെ അംഗീകൃത പ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാത്രമേ സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. 


ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മധുര ജില്ലാ കളക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ച കോടതി, സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേനയെ വിന്യസിക്കാനും അനുമതി നല്‍കിയിരുന്നു.


ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് പരമ്പരാഗതമായി കാര്‍ത്തിക ദീപം തെളിയിക്കുന്നതെന്നും, തര്‍ക്കത്തിലുള്ള കല്‍ത്തൂണായ ദീപത്തൂണില്‍ വിളക്ക് തെളിയിക്കുന്ന കീഴ്വഴക്കമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഹസ്രത്ത് സുല്‍ത്താന്‍ സിക്കന്ദര്‍ ബാദുഷാ ഔലിയ ദര്‍ഗയില്‍ നിന്ന് ഏകദേശം 50 മീറ്റര്‍ അകലെയാണ് ഈ തൂണ്‍ സ്ഥിതി ചെയ്യുന്നത്. 

തര്‍ക്കസ്ഥലത്ത് വിളക്ക് തെളിയിക്കുന്നത് ക്രമസമാധാനത്തെയും മതസൗഹാര്‍ദ്ദത്തെയും ബാധിക്കുമെന്ന ആശങ്കയാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. നവംബര്‍ 24-ലെ ചടങ്ങിനുള്ള അനുമതി ഭാവിയില്‍ ഒരു സ്ഥിരമായ അവകാശമോ കീഴ്വഴക്കമോ ആയി മാറില്ലെന്ന് സുപ്രീം കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രധാന കേസിലും മതപരമായ അവകാശങ്ങളുമായി ബന്ധപ്പെട്ട വിശാലമായ വിഷയങ്ങളിലും 2027 ജനുവരിയില്‍ വിശദമായ വാദം കേള്‍ക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.


അതേസമയം, സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള ടിവികെ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ ഞായറാഴ്ച രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. സര്‍ക്കാര്‍ ഹിന്ദു വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 


ദീപത്തൂണില്‍ വിളക്ക് തെളിയിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് ഇത്രയധികം അസ്വസ്ഥരാകുന്നതെന്ന് എക്‌സിലൂടെ പങ്കുവെച്ച കുറിപ്പില്‍ നാഗേന്ദ്രന്‍ ചോദിച്ചു. 

സുപ്രീം കോടതി ഉത്തരവിനെ മാനിച്ച് മറ്റ് സംഘടനകളെല്ലാം സംയമനം പാലിക്കുമ്പോള്‍ ടിവികെ സര്‍ക്കാര്‍ മാത്രം പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തിടുക്കം കാണിക്കുന്നത് എന്തിനാണെന്നും, ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കേണ്ട എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പ് ‘കന്ദര്‍ കുന്നിനെ’ ‘സിക്കന്ദര്‍ കുന്നാക്കി’ മാറ്റാന്‍ വെമ്പല്‍ കൊള്ളുകയാണോ എന്നും അദ്ദേഹം ചോദിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ജോസഫ് വിജയ് ഇത്രത്തോളം തരംതാഴണോ എന്നും ബിജെപി നേതാവ് വിമര്‍ശിച്ചു.

 

Get more updates from Pudukad News on Google