കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും കവര്‍ച്ച; പ്രതി പിടിയില്‍, യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന് തൂക്കം വരുന്ന സ്വര്‍ണ്ണമാല, മൊബൈല്‍ ഫോണ്‍, പണം എന്നിവയാണ് ഇയാള്‍ കവര്‍ന്നത്

മൂവാറ്റുപുഴ: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും കവര്‍ച്ച നടത്തിയ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മൂവാറ്റുപുഴ മഞ്ഞള്ളൂര്‍ കാപ്പ് മടക്കത്താനം ഭാഗത്ത് വടക്കേക്കര വീട്ടില്‍ ലിബിന് ബെന്നിയെയാണ് (37) കാപ്പ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.
എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പ്രിയങ്ക ജി ആണ് ഉത്തരവിറക്കിയത്.
2024 നവംബറില്‍ കുന്നത്തുനാട് ഐരാപുരം കുറ്റിപ്പിള്ളിയില് വെച്ച് പ്രസാദ് കുമാര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ലിബിന് ബെന്നി. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍, കഴിഞ്ഞ ഒക്ടോബര്‍ ആദ്യവാരം ചാലക്കുടി കെ.എസ്.ആര്.ടി.സി റോഡിലെ ഒരു ലോഡ്ജില്‍ വെച്ച് യുവാവിനെ കൊള്ളയടിക്കുകയായിരുന്നു.
യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന് തൂക്കം വരുന്ന സ്വര്‍ണ്ണമാല, മൊബൈല്‍ ഫോണ്‍, പണം എന്നിവയാണ് ഇയാള്‍ കവര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് ചാലക്കുടി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കാപ്പ ചുമത്താനുള്ള നടപടികള്‍ സ്വീകരിച്ചത്.
കുന്നത്തുനാട്, കുറുപ്പംപടി, കോതമംഗലം, രാമമംഗലം, ഇടുക്കിയിലെ കട്ടപ്പന, ചാലക്കുടി എന്നീ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, കവര്‍ച്ച, മോഷണം, അതിക്രമിച്ചു കടക്കല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ ലിബിന് ബെന്നി പ്രതിയാണ്.
വാഴക്കുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി.ബി. ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ വിനു എസ്. നായര്‍, കെ.ആര്. ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




