Skip to content
November 23, 2026
⌕

ജയരാജന്മാരുടെ പരസ്യപ്പോരിൽ ഉലഞ്ഞ് കണ്ണൂരിലെ സി.പി.എം. ധനരാജ് വധക്കേസ് വിധി വരുന്ന ദിവസം തന്നെ അന്വേഷണ കമ്മീഷൻ രൂപീകരണ വാർത്ത പുറത്തുവന്നത് യാദൃശ്ചികമല്ലെന്ന് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇരുനേതാക്കളും ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ആരെ പിന്തുണയ്ക്കണമെന്നറിയാതെ പ്രതിസന്ധിയിലായി ജില്ലാ നേതൃത്വവും അണികളും. വി.എസ് – പിണറായി വിഭാഗീയതയുടെ കാലത്തടക്കം പാർട്ടിയെ കാത്ത ഇ.പി ജയരാജനെയോ താഴെത്തട്ടിൽ വലിയ ജനപിന്തുണയുള്ള പി. ജയരാജനെയോ തള്ളിപ്പറയുന്നത് പാർട്ടിക്ക് കനത്ത തിരിച്ചടിയാകും

November 23, 2026
Share this post to

കണ്ണൂർ: പാർട്ടിയിലെ വലിയ ചേരികളെ നയിക്കുന്ന ജയരാജന്മാരുടെ തമ്മിലടിയിൽ ഉലഞ്ഞ് ജില്ലയിലെ സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ആഴ്ചകൾക്ക് മുൻപ് കൈക്കൊണ്ട തീരുമാനം ധൻരാജ് വധക്കേസിൽ വിധി വരുന്ന ദിവസം തന്നെ പുറത്തുവന്നതാണ് ജില്ലയിൽ നിന്നുളള സംസ്ഥാന നേതാക്കളെ അമ്പരപ്പിക്കുന്ന കാര്യം.

പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ പാർട്ടിയുടെ രക്തസാക്ഷി കൊല്ലപ്പെട്ട കേസിൽ വിധി വരുന്ന ദിവസം തന്നെ അന്വേഷണ കമ്മീഷൻ രൂപീകരണവും പരാതിയുടെ വിശദാംശങ്ങളും പുറത്തുവന്നത് യാദൃശ്ചികമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിൻെറ വിലയിരുത്തൽ.


ധനരാജ് വധക്കേസിലെ വിധിയിൽ അപ്രതീക്ഷിത തിരിച്ചടി നേരിടുമെന്ന് കരുതിയ വിഭാഗമാണ് വൈദേകം റിസോർട്ടിനെ കുറിച്ചുളള പി.ജയരാജൻെറ പരാതിയിൽ ഇ.പി.ജയരാജനെതിരെ അന്വേഷണം തീരുമാനിച്ച വിവരം പുറത്താക്കിയതെന്നാണ് നേതൃത്വം കരുതുന്നത്.


പൊലീസ് വീഴ്ചയും പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് സംഭവിച്ച പാളിച്ചകളും മൂലം ധൻരാജ് വധക്കേസിലെ വിധിയിൽ തിരിച്ചടി ഉണ്ടാകുമെന്ന് സിപിഎം നേതൃത്വം നേരത്തെ കണക്കുകൂട്ടിയിരുന്നു.

അതെപ്പറ്റി അറിവുളളവരാണ് ഇ.പി.ജയരാജനെതിരെ പി.ജയരാജൻെറ പരാതിയിൽ അന്വേഷണം എന്ന തലക്കെട്ടിൽ വാർത്ത മാധ്യമങ്ങളിലേക്ക് എത്തിച്ചത്.

പി.ജയരാജനാണ് ഈ വാർത്തയുടെ ഗുണഭോക്താവ് എന്നതിനാൽ അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗമാണ് വാർത്ത പ്ളാൻറ് ചെയ്തതെന്നാണ് സ്വാഭാവികമായും അനുമാനിക്കാൻ കഴിയുക.

പി.ജയരാജന് സ്ഥാനലബ്ധിയുണ്ടാകുന്നതിനും അതിൽ പാർട്ടി തീരുമാനം എടുത്താൽ ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ അത് പുറത്തെത്തിക്കുന്നതിനും ഒരു സംഘം പ്രവർത്തിക്കുന്നുണ്ട് എന്നത് വസ്തുതയാണ്.


കോഴിക്കോട്ടെ വിശാല സംസ്ഥാന സമിതിയിൽ പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയത് സമ്മേളനം അവസാനിക്കുന്നതിന് മുൻപ് തന്നെ മാധ്യമങ്ങളിൽ എത്തിയിരുന്നു. ചിലർ ന്യൂസ് ഡസ്കുകളിലേക്ക് വിളിച്ച് പറയുകയാണ് ഉണ്ടായത്.


സമാനമായ തോതിലുളള ഇടപെടൽ ഈക്കാര്യത്തിലും സംഭവിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിൻെറ പ്രാഥമിക വിലയിരുത്തൽ. എന്നാൽ വാർത്ത പ്ളാൻറ് ചെയ്തവർ വിചാരിച്ച തോതിലല്ല വാർത്ത വളർന്നത്.

ആദ്യം മാതൃഭൂമി ന്യൂസിൽ വന്ന വാർത്തയെ തിരുത്തിക്കൊണ്ട് പി.ജയരാജൻെറ പരാതിയിൽ മാത്രമല്ല അന്വേഷണം നടത്തുന്നത് ഇ.പി.ജയരാജൻെറ പരാതിയിലും അന്വേഷണം നടക്കുന്നുവെന്നാണ് ഇതര ചാനലുകളിൽ വാർത്ത പ്ളേസ് ചെയ്യപ്പെട്ടത്.

അതോടെ കാര്യങ്ങൾ കൈവിട്ടുപോയി.ഇ.പി.ജയരാജൻെറ മാധ്യമ സ്വാധീനം വ്യക്തമാക്കുന്ന വാർത്താ വളർച്ചയാണ് പിന്നീട് ഉണ്ടായത്. ഇ.പി ജയരാജൻെറ പരാതിയിൽ പി.ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഓരോന്നായി പുറത്തുവരാൻ തുടങ്ങി.

പി.ജയരാജന് മാങ്കുളത്ത് റിസോർട്ട് ഉണ്ടെന്നും അതിൻെറ ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുത്തെന്നും സ്വർണക്കളളക്കടത്തുകാരാണ് പാർട്ണർമാരെന്നും പുതിയ വീട് വെച്ചതിലടക്കം സാമ്പത്തിക ഇടപാടുണ്ടെന്നുമുളള ആരോപണങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുളള ചാനലുകൾ ഘട്ടംഘട്ടമായി പുറത്തുവിട്ടത്.

ഇതോടെ ആകെ കുളം കലങ്ങിയ അവസ്ഥയിലാണ്. അപ്പോഴും രക്തസാക്ഷി ധൻരാജിനെ കൊലപ്പെടുത്തിയ കേസിൻെറ വിധി വരുന്ന ദിവസം തന്നെ വാർത്ത പുറത്തുവിട്ടത് എന്തിനാണെന്ന സംശയം പാർട്ടി അണികളുടെ നെഞ്ചിലിരുന്ന് നീറുകയാണ്.


പാർട്ടിക്ക് വേണ്ടി ചോരചിന്തിയവരും ജീവിക്കുന്ന രക്ത സാക്ഷികളുമായ രണ്ട് നേതാക്കൾ പരസ്പരം പോർവിളിയുമായി മുഖാമുഖം അണിനിരക്കുമ്പോൾ ആർക്കൊപ്പം നിൽക്കണമെന്നറിയാതെ കുഴങ്ങുകയാണ് കണ്ണൂരിലെ സിപിഎം നേതൃത്വവും പ്രവർത്തകരും.


എം.വി.രാഘവൻ പാർട്ടിവിട്ടത് പോലെയുളള പ്രതിസന്ധി ഘട്ടങ്ങളിൽ പിണറായി വിജയനൊപ്പം അചഞ്ചലനായി നിന്ന് പാർട്ടിയെ കാത്ത ഇ.പി.ജയരാജന് കണ്ണൂരിലെ പാർട്ടിയെ ഇന്നത്തെ വലിപ്പത്തിലേക്ക് വളർത്തിയതിൽ നിർണായക പങ്കുണ്ട്. പാർട്ടിയുടെ ജില്ലയിലെ ജനകീയ മുഖമായ പി.ജയരാജന് സംഘടനയെ  സജീവമാക്കി നിലനിർത്തുന്നതിൽ നല്ല സംഭാവനയുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ജില്ലാ- സംസ്ഥാന നേതൃത്വത്തിനെതിരെ കണ്ണൂരിൽ നിന്ന് ഉയർന്ന എതിർപ്പും വിമർശനങ്ങളും ശമിച്ചത് പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയതോടെയാണ്.

അത്രമാത്രം സമ്മർദ്ദമാണ് കണ്ണൂർ പാർട്ടിയുടെ താഴെത്തട്ടിൽ നിന്ന് പി.ജയരാജന് വേണ്ടി ഉയർന്നത്. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നടന്ന സംഘടിത പ്രചരണം പി.ജയരാജൻ സെക്രട്ടേറിയേറ്റ് അംഗമായതോടെ സ്വിച്ചിട്ട പോലെ നിലയ്ക്കുയാണ് ഉണ്ടായത്.

പാർട്ടി അണികൾക്കിടയിൽ ഇത്രമേൽ സ്വാധീനമുളള പി.ജയരാജനെ തളളിപ്പറഞ്ഞാൽ സംഘടനയിൽ അതിൻെറ പ്രതിഫലനമുണ്ടാകും എന്ന് തീർച്ചയാണ്.ഇ.പി.ജയരാജൻ അത്രകണ്ട് ജനകീയനല്ലെങ്കിലും ജില്ലയിലെയും സംസ്ഥാനത്തെയും പാർട്ടിയുടെ ഉളളറ രഹസ്യങ്ങൾ അറിയാവുന്ന നേതാവാണ്.

ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വി.എസ് – പിണറായി ഗ്രൂപ്പ് പോരിൻെറ ഘട്ടത്തിൽ പാർട്ടിയെ പിണറായി നയിച്ച ഔദ്യോഗിക പക്ഷത്തിനൊപ്പം നിലനിർത്താൻ ആളും അർത്ഥവും ഇറക്കിയത് ഇ.പിയാണ്.

അങ്ങനെയുളള ഇ.പിയെ അപമാനിച്ച് പുറത്തുവിടുകയും അദ്ദേഹം മനസ് തുറക്കുകയും ചെയ്താൽ ഇപ്പോ തന്നെ ദുർബലമായ സിപിഎം നാമാവശേഷമാകാനാണ് സാധ്യത. ഇ.പി ജയരാജൻ  – പി.ജയരാജൻ പോരിൽ ആരെ കൊണ്ടാലും ആരെ തളളിയാലും  പാർട്ടി ബുദ്ധിമുട്ടിലാകും എന്നതാണ് സിപിഎം നേരിടുന്ന പ്രതിസന്ധി.

Get more updates from Pudukad News on Google